- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഹരിപ്പാട് അതിഥി തൊഴിലാളിയുടെ കൊലപാതകം, ചെറുതന സ്വദേശി അറസ്റ്റിൽ
ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാട് ഡാണാപ്പടിയിൽ പശ്ചിമബംഗാൾ സ്വദേശിയായ മത്സ്യവിൽപ്പനക്കാരൻ കുത്തേറ്റു മരിച്ച സംഭവത്തിൽ ചെറുതന സ്വദേശി യദുകൃഷ്ണൻ (29) അറസ്റ്റിൽ. മാൾഡ സ്വദേശി ഓംപ്രകാശ്(40) ആണ് ശനിയാഴ്ച രാത്രി ഏഴുമണിയോടെ കുത്തേറ്റുമരിച്ചത്. കുത്തേറ്റുവീണ ഓംപ്രകാശിനെ ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
ഓംപ്രകാശിനോട് പണം ആവശ്യപ്പെട്ടെങ്കിലും പണം നൽകാൻ തയാറാകാത്തതിനെ തുടർന്ന് യദുകൃഷ്ണൻ ഇയാളെ കുത്തി പരുക്കേൽപ്പിച്ച ശേഷം സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. വാക്കുതർക്കത്തെ തുടർന്ന് അതിഥി തൊഴിലാളികൾ തന്നെയാണ് ഇയാളെ കുത്തിയതെന്ന സംശയത്തിൽ പൊലീസ് നാലുപേരെ കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാൽ മലയാളം സംസാരിക്കുന്ന ഒരാളാണ് കുത്തിയതെന്ന് ഇവർ പൊലീസിനോടു പറഞ്ഞു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് യദുകൃഷ്ണനെ പിടികൂടിയത്. പിടിയിലായ യദുകൃഷ്ണൻ ആളുകളെ കത്തികാണിച്ച് ഭീഷണിപ്പെടുത്തി പണം വാങ്ങുന്ന ആളാണെന്ന് പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ യദുകൃഷ്ണൻ.
സംഭവത്തിനുമുൻപ് പശ്ചിമബംഗാൾ സ്വദേശികളായ കച്ചവടക്കാർ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇതേത്തുടർന്ന് പശ്ചിമബംഗാളുകാരായ നാലുപേരെ പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തെങ്കിലും യദുകൃഷ്ണനാണ് പ്രതിയെന്ന് ഉറപ്പാക്കിയതോടെ വിട്ടയച്ചു. ഇയാൾ മത്സ്യവിൽപ്പനക്കാരെ ഭീഷണിപ്പെടുത്തി പണംവാങ്ങുന്നതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് പൊലീസ് പറയുന്നത്.
കായംകുളം കേന്ദ്രീകരിച്ച് മീൻവിൽപ്പന നടത്തുന്നവരുടെ തൊഴിലാളിയാണ് കൊല്ലപ്പെട്ട ഓംപ്രകാശ്. ഇവർ വൈകുന്നേരം വാഹനത്തിൽ മീനെത്തിച്ച് വിൽപ്പനയ്ക്കു മറുനാടൻ തൊഴിലാളികളെ നിയോഗിക്കും. കായംകുളം- കാർത്തികപ്പള്ളി റോഡിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ഇങ്ങനെ മീൻവിൽപ്പ നടക്കുന്നുണ്ട്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ അനുമതിയില്ലാതെ നടക്കുന്ന ഈ കച്ചവടം നിയന്ത്രിക്കാൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലെന്ന് ആക്ഷേപമുണ്ട്.