കോട്ടയം: കോട്ടയം വാകത്താനത്ത് ഇതര സംസ്ഥാന തൊഴിലാളിയെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് കൊലപ്പെടുത്തിയ സംഭവത്തിൽ സഹപ്രവർത്തകനായ തമിഴ്‌നാട് സ്വദേശി അറസ്റ്റിൽ. അസം സ്വദേശിയായ ലേമാൻ കിസ്‌ക് എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. വാകത്താനത്തെ കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്റർ പാണ്ടിദുരൈ(29) യെ പൊലീസ് അറസ്റ്റ് ചെയ്തു.

ഏപ്രിൽ 26ന് കൊലപാതകം നടന്നത്. ലേമാനെ സിമന്റ് മിക്‌സർ മെഷീനിൽ ഇട്ട് പാണ്ടിദുരൈ സ്വിച്ച് ഓണാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പിന്നീട് ഇയാൾ മൃതദേഹം മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വേസ്റ്റ് കുഴിയിലേക്ക് മാറ്റി. അസ്വഭാവിക മരണമെന്ന് കരുതിയ സംഭവം ശാസ്ത്രീയ അന്വേഷണത്തിലാണ് കൊലപാതകമെന്ന് തെളിഞ്ഞതെന്നും പൊലീസ് അറിയിച്ചു.

വാകത്താനം ഭാഗത്ത് ഇരുവരും ജോലി ചെയ്തിരുന്ന കോൺക്രീറ്റ് കമ്പനിയിലെ പ്ലാന്റ് ഓപ്പറേറ്ററായ പാണ്ടി ദുരൈ ഇതേ കമ്പനിയിലെ ഹെൽപ്പർ ആയി ജോലി ചെയ്തിരുന്ന അസംസ്വദേശിയായ ലേമാൻ കിസ്‌ക് (19) എന്നയാളെ കമ്പനിയിലെ വേസ്റ്റ് കുഴിക്കുള്ളിൽ താഴ്‌ത്തി കൊലപ്പെടുത്തുകയായിരുന്നു.

ഏപ്രിൽ 28-ന് വാകത്താനം ഭാഗത്തുള്ള പ്രീഫാബ് കോൺക്രീറ്റ് കമ്പനിയിലെ വേസ്റ്റ് കുഴിയിൽ യുവാവിനെ മരിച്ച നിലയിൽ കാണപ്പെട്ടതിനെ തുടർന്ന് വാകത്താനം പൊലീസ് അസ്വഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിൽ നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ഏപ്രിൽ 26ന് ജോലിക്ക് എത്തിയ ലേമാൻ കിസ്‌ക് മിക്സർ മെഷീനുള്ളിൽ ക്ലീൻ ചെയ്യാൻ ഇറങ്ങിയപ്പോൾ പാണ്ടി ദുരൈ മെഷീന്റെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നു. തുടർന്ന് മെഷീനുള്ളിൽനിന്ന് താഴെ വീണ യുവാവിനെ ജെസിബി ഉപയോഗിച്ച് കമ്പനിയുടെ വേസ്റ്റ് കുഴിയിൽ തള്ളി. ഇതിനുശേഷം ഇയാൾ കമ്പനിയിൽ സ്ലറി വേസ്റ്റ് സൂക്ഷിച്ചിരുന്ന സ്ഥലത്തെത്തി ജെസിബി കൊണ്ട് ഈ വേസ്റ്റ് ടിപ്പറിലാക്കി ലേമാൻ കിടന്നിരുന്ന വേസ്റ്റ് കുഴിയിൽ നിക്ഷേപിക്കുകയായിരുന്നു.

രണ്ടു ദിവസത്തിനുശേഷം മൃതദേഹം കൈ ഉയർന്ന നിലയിൽ വേസ്റ്റ് കുഴിക്കുള്ളിൽ കണ്ടതോടെയാണ് വിവരം പുറത്തറിഞ്ഞത്്. കമ്പനിയിലെ ഇലക്ട്രീഷ്യൻ വർക്ക് കൂടി ചെയ്തിരുന്ന പാണ്ടി ദുരൈ, സംഭവസമയത്ത് സിസിടിവി ഇൻവെർട്ടർ തകരാർ ആണെന്ന് പറഞ്ഞ് ഓഫ് ചെയ്തിരുന്നതായും പൊലീസ് കണ്ടെത്തി. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.