- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
നഗ്നവീഡിയോ പകർത്തി ഭീഷണി; ബംഗാൾ സ്വദേശിയെ കൊന്ന ദമ്പതികൾ അറസ്റ്റിൽ
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിൽ അതിഥി തൊഴിലാണി വാടക ക്വാർട്ടേഴ്‌സിൽ കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമബംഗാൾ സ്വദേശികളായ സുഹൃത്തും ഭാര്യയും അറസ്റ്റിൽ. യുവതിയുടെ നഗ്നവീഡിയോ ഫോണിൽ പകർത്തി ബ്ലാക്ക്മെയിൽ ചെയ്തതിന്റെ വിരോധത്താലാണ് ബംഗാൾ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
പെരിന്തൽമണ്ണ ഗാന്ധിനഗറിലെ വാടക ക്വാർട്ടേഴ്‌സിൽ താമസിച്ചിരുന്ന പശ്ചിമബംഗാൾ സൗത്ത് 24 പർഗാനാസ് ഹരിപുർ സ്വദേശി ദീപാങ്കർ മാജി (38) കൊല്ലപ്പെട്ട കേസിലാണ് പ്രതികളെ ബംഗാളിൽ അറസ്റ്റ് ചെയ്തത്. പുറത്തുനിന്ന് പൂട്ടിയ മുറിയിൽ കഴിഞ്ഞ ഞായറാഴ്ചയാണ് ദീപാങ്കർ മാജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ബംഗാളിലെത്തിയ പെരിന്തൽമണ്ണ പൊലീസ് സംഘം കോടതിയുടെ അനുമതിയോടെ പ്രതികളെ വ്യാഴാഴ്ച പെരിന്തൽമണ്ണയിലെത്തിച്ചു.
മാജി കൊല്ലപ്പെട്ടതാണെന്ന് വ്യക്തമായതോടെ വാടക ക്വാർട്ടേഴ്‌സിൽ വന്നു പോയവരെ ചുറ്റിപ്പറ്റിയായി അന്വേഷണം.ഇതിനിടയിലാണ് മാജിയുടെ നാട്ടുകാരായ ദമ്പതികൾ ഈ ക്വാർട്ടേഴ്‌സിൽ വരാറുണ്ടായിരുന്നുവെന്ന വിവരം പൊലീസിന് കിട്ടിയത്.
മാജി കൊല്ലപ്പെട്ട ദിവസം ഇവർ ക്വാർട്ടേഴ്‌സിലുണ്ടായിരുന്നുവെന്നും വ്യക്തമായതോടെ അന്വേഷണം ഇവരിലേക്ക് നീണ്ടു. പെരിന്തൽമണ്ണയിൽ മറ്റൊരിടത്ത് താമസിച്ചിരുന്ന ഇവർ തിരികെ നാട്ടിലേക്ക് പോയതായി മനസിലാക്കിയ പൊലീസ് പശ്ചിമ ബംഗാൾ പൊലീസിന്റെ സഹായം തേടി. പ്രതികളായ ദമ്പതികളെ തടഞ്ഞു വെച്ച ശേഷം പെരിന്തൽമണ്ണ പൊലീസിന് കൈമാറുകയായിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് ദീപാങ്കർ മാജിയെ കൊലപ്പെടുത്തിയ കാര്യം ഇവർ സമ്മതിച്ചത്.
ദമ്പതിമാർ സുഹൃത്തായ ദീപാങ്കർ മാജിയുടെ വാടകക്വാർട്ടേഴ്‌സിൽ വന്ന് താമസിക്കാറുണ്ടായിരുന്നു. ഇതിനിടെ ഈ യുവതിയുടെ നഗ്‌ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ ദീപാങ്കർ മാജി ഇവരെ ബ്ലാക്ക് മെയിൽ ചെയ്യാൻ തുടങ്ങി. ഇക്കാര്യം യുവതി ഭർത്താവിനോട് പറഞ്ഞു. തുടർന്നാണ് ദീപാങ്കർ മാജിയെ കൊലപ്പെടുത്താൻ തീരുമാനിച്ചത്.
ഉറക്കഗുളികകളുമായി മാജിയുടെ ക്വാർട്ടേഴ്‌സിലെത്തിയ യുവതി ഇയാളറിയാതെ വെള്ളത്തിൽ കലക്കി നൽകുകയായിരുന്നു. മാജി അബോധാവസ്ഥയിലായതോടെ ഭർത്താവിനെ വിളിച്ചു വരുത്തി. തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുമായി ഇരുവരും ബംഗാളിലേക്ക് ട്രെയിൻ കയറുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഇവരിൽ നിന്നും ദീപാങ്കർ മാജിയുടെ മൊബൈൽ ഫോണും കണ്ടെടുത്തിട്ടുണ്ട്.
പൊലീസ് പറയുന്നത്:
കൊല്ലപ്പെട്ട ദീപാങ്കർ മാജിയുടെ നാട്ടുകാരായ ദമ്പതിമാർ ഒരു കുട്ടിയുമൊന്നിച്ച് ഇടയ്ക്കിടെ ഇയാളുടെ മുറിയിലെത്താറുണ്ടായിരുന്നു. ഇവർ പെരിന്തൽമണ്ണയിൽ മറ്റൊരിടത്താണ് താമസിച്ചിരുന്നത്. ഇതിനിടെ ദമ്പതിമാരിൽ, ഭാര്യയുടെ നഗ്നവീഡിയോ ദീപാങ്കർ ഫോണിൽ എടുത്തു. അതു കാണിച്ച് പല ദിവസങ്ങളിലായി ബ്ലാക്ക്മെയിൽ ചെയ്തു. ഇതിലെ വിരോധം വെച്ച് ദീപാങ്കറിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു.
ഇതിനായി ഭർത്താവ് പല ദിവസങ്ങളിലായി വാങ്ങിയ ഉറക്കഗുളികകളുമായി 26-ന് യുവതി ദീപാങ്കർ താമസിക്കുന്നിടത്തെത്തി. സൗഹൃദം നടിച്ച് ഇയാളറിയാതെ ഉറക്കഗുളിക വെള്ളത്തിൽ കലർത്തി നൽകി. മയക്കിക്കിടത്തിയശേഷം ഭർത്താവിനെ വിളിച്ചുവരുത്തി. രണ്ടുപേരും ചേർന്ന് തലയിണ മുഖത്തമർത്തി ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ദീപാങ്കറിന്റെ ഫോണുമെടുത്ത് മുറി പൂട്ടി നാട്ടിലേക്ക് പോയി.
ഇവർ 26-ന് ദീപാങ്കറിന്റെ വീട്ടിലെത്തി എന്ന സാക്ഷിമൊഴിയാണ് കേസിൽ വഴിത്തിരിവായത്. കൊലപാതകത്തിനുശേഷം 28-ന് ഉച്ചയോടെയാണ് ദീപാങ്കറിന്റെ മൃതദേഹം കണ്ടെത്തിയത്.
പൊലീസ് അന്വേഷണത്തിൽ ഇരുവരും അവരുടെ താമസസ്ഥലത്തില്ലെന്നും രണ്ടു ദിവസം മുൻപ് പോയതായും വ്യക്തമായി. ഫോണുകളുടെ ടവർ ലൊക്കേഷൻ കാണിച്ചത് ബംഗാളിലായിരുന്നു. തുടർന്ന് ബംഗാൾ പൊലീസിനെ സമീപിച്ചു. പ്രതികളായ ദമ്പതിമാരെ അവർ തടഞ്ഞുവെയ്ക്കുകയും 30-ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പെരിന്തൽമണ്ണ പൊലീസ് ഇൻസ്‌പെക്ടർ എൻ.എസ്. രാജീവിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. എസ്‌ഐ. സി.എസ്. രമേശ്, എഎസ്ഐ. അനിത, സി.പി.ഒ. കൃഷ്ണപ്രസാദ് എന്നിവരാണ് ബംഗാളിലെത്തി പ്രതികളെ കൊണ്ടുവന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സാക്ഷിമൊഴിയും ഫോണും നിർണായകമായി
പുറത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബംഗാൾ സ്വദേശി ദീപാങ്കർ മാജി(38) യുടെ കൊലപാതകത്തിൽ വഴിത്തിരിവായത് സാക്ഷിമൊഴിയും മൊബൈൽ ഫോണും. സംഭവത്തിന് രണ്ടു ദിവസത്തിനുശേഷം അഴുകിത്തുടങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹത്തിൽനിന്ന് കൊലപാതകമാണെന്നതിനുള്ള ലക്ഷണങ്ങൾ പ്രാഥമികഘട്ടത്തിൽ ലഭിച്ചിരുന്നില്ല. അടുത്ത മുറികളിൽ താമസിച്ചവരിൽനിന്നുള്ള വിവരങ്ങളാണ് പ്രതികളെ സംശയിക്കാനിടയാക്കിയതും അന്വേഷണം ആ വഴിക്ക് നീങ്ങിയതിനും കാരണമായത്.
പ്രതികളായ ദമ്പതിമാരെ 26-ന് ദീപാങ്കറിന്റെ മുറിയിൽ കണ്ടിരുന്നുവെന്നും വാതിൽ പൂട്ടുന്ന ശബ്ദം കേട്ടിരുന്നുവെന്നും വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ദമ്പതിമാരുടെ താമസസ്ഥലം കണ്ടെത്തി അന്വേഷിച്ചപ്പോൾ മുറി പൂട്ടിക്കിടക്കുകയായിരുന്നു.
കെട്ടിട ഉടമയിൽനിന്ന് ഇരുവരുടെയും ഫോൺ നമ്പറുകൾ ലഭിച്ചു. ഇതിൽ ഭർത്താവിന്റെ ഫോൺ സ്വിച്ച് ഓഫ് ആയിരുന്നതായും ഭാര്യയുടെ ഫോൺ ലൊക്കേഷൻ പശ്ചിമബംഗാളിലാണെന്നും വ്യക്തമായി.
തുടർന്ന് പശ്ചിമബംഗാൾ പൊലീസിനെ അറിയിച്ച് ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തതോടെയാണ് കൊലപാതകത്തിന്റെ വിവരങ്ങൾ പൊലീസിന് ലഭിച്ചത്. ദീപാങ്കറിന്റെ ഫോണും പ്രതികൾ പാലക്കാട് നിന്നും ഹൗറ വരെ തീവണ്ടിയിൽ സഞ്ചരിച്ച ടിക്കറ്റും അടക്കമുള്ളവ ഇവരിൽനിന്ന് കണ്ടെടുത്തിട്ടുണ്ട്.
തുടർന്ന് കോടതിയുടെ അനുമതിയോടെയാണ് ഇവരെ പെരിന്തൽമണ്ണയിലെത്തിച്ചത്. ദീപാങ്കറിന്റെ താമസസ്ഥലത്ത് ദുർഗന്ധം പരന്നതിനെത്തുടർന്നുള്ള അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്. പൂട്ടിയിട്ട വാതിലിന്റെ ഭാഗങ്ങളിൽനിന്നും മുറിയിൽ കണ്ട വെള്ളക്കുപ്പികളിലും ഗ്ലാസുകളിലുമുള്ള വിരലടയാളങ്ങളും ശേഖരിച്ചിരുന്നു.
പോസ്റ്റുമോർട്ടത്തിനുശേഷം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ദീപാങ്കറിന്റെ മൃതദേഹം ബന്ധുക്കളെത്തിയതിനെത്തുടർന്ന് വിട്ടുനൽകി. തുടർന്ന് വെള്ളിയാഴ്ച പെരിന്തൽമണ്ണ നഗരസഭയുടെ വാതകശ്മശാനത്തിൽ സംസ്‌കരിച്ചു.