- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഭർത്താവിനെ കെട്ടിയിട്ട് പൊള്ളലേൽപ്പിച്ചു, കൊല്ലാനും ശ്രമം, ഭാര്യ അറസ്റ്റിൽ
ലഖ്നൗ: ഭർത്താവിനെ മയക്കുമരുന്നു നൽകി കെട്ടിയിട്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും പൊള്ളലേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ യുവതി അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബിജ്നോർ സ്വദേശിനിയായ മെഹർ ജഹാനെയാണ് ഭർത്താവിന്റെ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് യുവതിക്കെതിരേ കേസെടുത്തിരിക്കുന്നത്.
മയക്കുമരുന്ന് നൽകി മയക്കിയശേഷം ഭാര്യ തന്നെ ക്രൂരമായി ഉപദ്രവിച്ചെന്നും കൊല്ലാൻ ശ്രമിച്ചെന്നുമായിരുന്നു മെഹറിന്റെ ഭർത്താവ് മനാൻ സെയ്ദിയുടെ പരാതി. മയക്കികിടത്തിയ ശേഷം കൈകാലുകൾ കെട്ടിയിട്ടു. പിന്നാലെ സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളലേൽപ്പിച്ചതായും മർദിച്ചതായും പരാതിയിൽ പറഞ്ഞിരുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ സഹിതമാണ് യുവാവ് ഭാര്യക്കെതിരേ പരാതി നൽകിയത്.
ഭർത്താവിന്റെ ആരോപണങ്ങളെല്ലാം ശരിവെയ്ക്കുന്ന തെളിവുകളാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് പൊലീസിന് ലഭിച്ചത്. യുവതി ഭർത്താവിനെ നഗ്‌നനാക്കി മർദിക്കുന്നതും കൈകാലുകൾ കെട്ടിയിടുന്നതും ദൃശ്യങ്ങളിലുണ്ടായിരുന്നു.
ഇതിനുശേഷം ഭർത്താവിന്റെ നെഞ്ചിൽ കയറിയിരുന്ന് കഴുത്ത് ഞെരിക്കാൻ ശ്രമിക്കുന്നതും സിഗരറ്റ് കൊണ്ട് പൊള്ളലേൽപ്പിക്കുന്നതും ദൃശ്യങ്ങളിൽനിന്ന് വ്യക്തമായി. ഇതോടെയാണ് പൊലീസ് സംഘം പ്രതിയായ യുവതിയെ അറസ്റ്റ് ചെയ്തത്.
അതേസമയം, സമാനമായ ഉപദ്രവത്തിന്റെ പേരിൽ ഭാര്യയ്ക്കെതിരേ നേരത്തെയും പൊലീസിൽ പരാതി നൽകിയിരുന്നതായാണ് മനാൻ സെയ്ദി പറയുന്നത്. നിലവിലെ കേസിനാസ്പദമായ സംഭവം നടന്നത് ഏപ്രിൽ 29-നാണ്. പാലിൽ മയക്കുമരുന്ന് കലർത്തിനൽകി യുവതി ഭർത്താവിന് കുടിക്കാൻ നൽകിയിരുന്നു. ഇത് കുടിച്ചതോടെ യുവാവ് അബോധാവസ്ഥയിലായി. തുടർന്ന് കൈകാലുകൾ കെട്ടിയിട്ടു. പിന്നാലെ ക്രൂരമായി ഉപദ്രവിച്ചെന്നും കത്തികൊണ്ട് ജനനേന്ദ്രിയം മുറിക്കാൻവരെ ശ്രമിച്ചെന്നും യുവാവിന്റെ പരാതിയിലുണ്ട്.
2023-ലാണ് യുവാവും യുവതിയും വിവാഹിതരായത്. വിവാഹശേഷം ഭാര്യയുടെ നിർബന്ധപ്രകാരം കുടുംബവീട്ടിൽനിന്ന് മാറിത്താമസിച്ചെന്നാണ് പരാതിക്കാരൻ പറയുന്നത്. ഇതിനുശേഷമാണ് ഭാര്യ മദ്യപിക്കുന്നതും പുകവലിക്കുന്നതും ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ ഭാര്യയുടെ ഉപദ്രവവും പതിവായി. ചെറുക്കാൻശ്രമിച്ചപ്പോൾ കൊല്ലുമെന്ന് ഭാര്യ ഭീഷണിപ്പെടുത്തിയിരുന്നതായും യുവാവ് പറഞ്ഞു.