ജലന്ധർ: വിദ്യാർത്ഥിനിയായ യുവതിയുമായുള്ള സൗഹൃദത്തിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെ യുവാവിനെ സുഹൃത്തുക്കൾ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി. പഞ്ചാബിലെ ജലന്ധറിലാണ് ദാരുണ സംഭവം. 24കാരനായ കരൺബീർ സിങ് ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി സ്വകാര്യ സർവ്വകലാശാലയ്ക്ക് സമീപമാണ് സംഭവമുണ്ടായത്. യുവതിയെ ചൊല്ലിയുള്ള വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. യുവാവിനെ ആക്രമിച്ച ശേഷം ആശുപത്രിയിലെത്തിച്ച് സുഹൃത്തുക്കൾ മുങ്ങുകയായിരുന്നു. അതേസമയം, സംഭവത്തിൽ പൊലീസ് രണ്ട് പേർക്കെതിരെ കേസെടുത്തു.

ജലന്ധർ ജില്ലയിലെ നകോദർ പട്ടണത്തിലാണ് കരൺബീറിന്റെ കുടുംബം താമസിക്കുന്നത്. കരൺബീറിന്റെ സഹോദരി വിദേശത്താണ് താമസം. മൊഹാലിയിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന ഇയാൾ ആർടിഒ ഓഫീസിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്തു വരികയായിരുന്നു. കൊല്ലപ്പെട്ട യുവാവും പ്രതികളും തമ്മിൽ ഒരു യുവതിയുമായുള്ള സൗഹൃദത്തെ ചൊല്ലി വഴക്കുണ്ടായെന്നും പ്രതികൾ ഇരുവരും ചേർന്ന് കരൺബീർ സിങ്ങിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നും ഡിഎസ്‌പി ബാൽ പറഞ്ഞു.

എന്നാൽ പ്രതികൾ കരൺബീറിനെ കാറിൽ സോഹാനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. കരൺബീർ മരിച്ചെന്ന് ഡോക്ടർമാർ അറിയിച്ചതോടെ ഇരുവരും കാർ ഉപേക്ഷിച്ച് ആശുപത്രി വിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചുവെന്നും പ്രതികളെ ഉടൻ തന്നെ പിടികൂടുമെന്നും ഡിഎസ്‌പി ബാൽ പറഞ്ഞു.

കരൺബീർ സോഹാനയിലെ ആശുപത്രിയിൽ മരിച്ചതായി വ്യാഴാഴ്ച വിവരം ലഭിച്ചതായി കേസിലെ പരാതിക്കാരനായ പ്രിത്പാൽ സിങ് പറഞ്ഞു. രണ്ടുപേരാണ് കരൺബീറിനെ ഉപേക്ഷിച്ചത്. പ്രബൽ ടൈറ്റസും അയാളുടെ സുഹൃത്തുമാണ് പ്രതികളെന്ന് പരാതിക്കാരൻ പറഞ്ഞു. സർവ്വകലാശാലയിൽ പഠിക്കുന്ന ഒരു യുവതിയുമായുള്ള കരൺബീറിന്റെ സൗഹൃദത്തിൽ പ്രബൽ അസ്വസ്ഥനായിരുന്നു. ഇത് വഴക്കിലേക്കും ഒടുവിൽ കരൺബീറിന്റെ കൊലപാതകത്തിലേക്കും നയിച്ചതായും പ്രിത്പാൽ സിങ് പറയുന്നു.