തിരുവനന്തപുരം: കരമനയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയി തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളിൽ ഒരാൾ പിടിയിൽ. പ്രതികൾ സഞ്ചരിച്ച കാറിന്റെ ഡ്രൈവർ അനീഷാണ് പിടിയിലായത്. ബാലരാമപുരത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കേസിൽ ഇതുവരെ നാലു പ്രതികളുണ്ടെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഒളിവിലുള്ള പ്രതികൾക്കായി അന്വേഷണം നടത്തിവരികയാണ്.

കരമന കരുമം ഇടഗ്രാമം മരുതൂർകടവ് പ്ലാവിള വീട്ടിൽ കുമാറിന്റെയും സുനിതയുടെയും മകൻ അഖിലിനെ(26)യാണ് കാറിലെത്തിയ സംഘം അതിക്രൂരമായി കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അഖിലിനെ കമ്പിവടി കൊണ്ട് അടിച്ചുവീഴ്‌ത്തിയ പ്രതികൾ സിമന്റ് കട്ട കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഏപ്രിൽ 25-ന് പ്രതികളും അഖിലും തമ്മിൽ ബാറിൽവെച്ച് തർക്കമുണ്ടായിരുന്നു. ഇതിന്റെ വൈരാഗ്യമാണ് അരുംകൊലയിൽ കലാശിച്ചതെന്നാണ് പ്രാഥമികനിഗമനം.

വീടിനോടു ചേർന്ന് പെറ്റ്ഷോപ് നടത്തുകയായിരുന്നു അഖിൽ. ഇവിടെ നിന്നാണ് സംഘം പിടിച്ചുകൊണ്ടു പോയത്. പ്രതികൾ അഞ്ചു വർഷം മുൻപുണ്ടായ മറ്റൊരു കൊലപാതക കേസിലെ പ്രതികളെന്നു പൊലീസിനു സൂചന. കൊല്ലപ്പെട്ട അഖിലും സുഹൃത്തുക്കളുമായി പ്രതികൾ ഒരാഴ്ച മുൻപ് ബാറിൽ തർക്കമുണ്ടായിരുന്നു. ഇതാണു കൊലപാതകത്തിനു പിന്നിലെന്നാണു സൂചന. പ്രതികൾ അഖിലിനെ മർദിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. വിചാരണ നടക്കുന്ന അനന്തു കൊലക്കേസിൽ ജാമ്യത്തിൽ കഴിയവേയാണ് ഇവർ വീണ്ടും കൊലപാതകം നടത്തിയത്.