മടിക്കേരി: നിശ്ചയിച്ച വിവാഹത്തിൽ നിന്നും താൽക്കാലികമായി പിന്മാറിയതിന്റെ പേരിൽ 16 വയസ്സുകാരിയെ തലയറുത്തുകൊലപ്പെടുത്തിയ സംഭവത്തിൽ വരനായ യുവാവ് അറസ്റ്റിൽ. പ്രതി എം.പ്രകാശ്(ഓംകാരപ്പ) ജീവനൊടുക്കിയെന്ന് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിക്കുന്നതിനിടെയാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിയുടെ വീടിനു സമീപം മറ്റൊരു യുവാവ് തൂങ്ങിമരിച്ചത് പ്രതിയെന്നു തെറ്റിദ്ധരിക്കുകയായിരുന്നു. ഇതു സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. തെറ്റായ പ്രചാരണം വന്ന വഴി അന്വേഷിക്കുമെന്നും സമൂഹമാധ്യമങ്ങളിലൂടെ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും കുടക് എസ്‌പി കെ.രാമരാജൻ വ്യക്തമാക്കി.

ബാലവിവാഹത്തിൽ നിന്ന് പിന്മാറിയതിനേ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെയാണ് 32കാരനായ പ്രതിശ്രുത വരൻ 16കാരിയെ കൊലപ്പെടുത്തിയത്. കഴുത്തറുത്ത് മാറ്റിയ 16കാരിയുടെ ശിരസ് മൂന്നാം ദിവസമാണ് കണ്ടെത്തിയത്. വിവാഹത്തിൽ നിന്ന് പിന്മാറിയെ 16കാരിയെ ക്രൂരമായി കൊലപ്പെടുത്തിയ യുവാവിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്.

മരിക്കേരിയിലെ സർലബ്ബി ഗ്രാമത്തിലായിരുന്നു സംഭവം നടന്നത്. 16കാരി എസ്എസ്എൽസി പരീക്ഷയിൽ മികച്ച വിജയം നേടിയതിന്റെ സന്തോഷം പങ്കിടുന്നതിന്റെ ഇടയിലായിരുന്നു ക്രൂരമായ കൊലപാതകം നടന്നത്. വ്യാഴാഴ്ച വൈകീട്ട് 5.30ഓടെ 16കാരിയുടെ വീട്ടിലേക്ക് അതിക്രമിച്ച് കയറിയ പ്രകാശ് എന്ന 32കാരൻ പെൺകുട്ടിയുടെ പിതാവിനെയും മാതാവിനേയും മരം വെട്ടാനുപയോഗിക്കുന്ന ആയുധം ഉപയോഗിച്ച് ആക്രമിച്ചിരുന്നു.

ഇതിന് ശേഷം 16കാരിയായ മീനയെ വീടിന് പുറത്തേക്ക് നൂറ് മീറ്ററോളം വലിച്ചിഴച്ച ശേഷം കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു. ഇതിന് ശേഷം പെൺകുട്ടിയുടെ അറുത്തെടുത്ത ശിരസുമായി ഇയാൾ സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു.

വ്യാഴാഴ്ചയായിരുന്നു പ്രകാശുമായി 16കാരി മീനയുടെ വിവാഹം നിശ്ചയം തീരുമാനിച്ചിരുന്നത്. എന്നാൽ ബാലവിവാഹം നടക്കാൻ പോവുന്നതായി വിവരം ലഭിച്ച ചൈൽഡ് ലൈൻ അധികൃതർ സ്ഥലത്ത് എത്തുകയും പെൺകുട്ടിയുടേയും പ്രകാശിന്റേയും ബന്ധുക്കളോടും സംസാരിക്കുകയായിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം പ്രകാശുമായി തന്നെ വിവാഹം നടത്താമെന്ന ധാരണയിൽ ഇരു കുടുംബങ്ങളും എത്തിച്ചേർന്നിരുന്നു. ഇത് അനുസരിച്ച് പ്രകാശിന്റെ ബന്ധുക്കൾ 16കാരിയുടെ വീട്ടിൽ നിന്ന് തിരികെ പോയിരുന്നു. താൽക്കാലികമായാണെങ്കിലും വിവാഹം മുടങ്ങിയതാണ് യുവാവിനെ അതിക്രമത്തിന് പ്രേരിപ്പിച്ചതെന്നാണ് സൂചന.

വ്യാപകമായ തെരച്ചിലിനൊടുവിലാണ് രണ്ട് ദിവസങ്ങൾക്ക് ശേഷം പ്രകാശിനെ പൊലീസ് കണ്ടെത്തിയത്. കൊലപാതകത്തിനും കൊലപാതക ശ്രമത്തിനും പോക്‌സോ വകുപ്പുകളും ചേർത്തിയാണ് യുവാവിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്. അതിനിടെ യുവാവ് ആത്മഹത്യ ചെയ്തതായ രീതിയിൽ വാർത്തകൾ വന്നിരുന്നു. എന്നാൽ മേഖലയിലെ മറ്റൊരു യുവാവിന്റെ ആത്മഹത്യയാണ് പ്രകാശിന്റേത് എന്ന തരത്തിൽ പ്രചരിച്ചതെന്നും പൊലീസ് വിശദമാക്കി.

വിവാഹം മുടങ്ങാൻ കാരണം ചേച്ചിയുടെ സമ്മർദം ആണെന്ന തെറ്റിദ്ധാരണ പ്രകാശിന് ഉണ്ടായിരുന്നെന്നും പൊലീസ് പറയുന്നു. ഇന്നലെ പുലർച്ചെ ചേച്ചിയെ തേടിയുള്ള വരവിൽ ഗർവാല സുർലബി ഗ്രാമത്തിനു സമീപം പ്രകാശിനെ പൊലീസ് പിടികൂടുകയായിരുന്നു. പ്രകാശിനെ കൂട്ടി പൊലീസ് നടത്തിയ പരിശോധനയിലാണു സംഭവ സ്ഥലത്തുനിന്നു 100 മീറ്റർ അകലെ മീനയുടെ തല കണ്ടെടുത്തത്. എസ്എസ്എൽസി പരീക്ഷയിൽ വിജയിച്ചതറിഞ്ഞു കുടുംബാംഗങ്ങൾക്കൊപ്പം ആഹ്ലാദിക്കുമ്പോഴാണു ദാരുണ സംഭവം അരങ്ങേറിയത്.