കൊച്ചി: കടംവാങ്ങിയ പണം തിരിച്ച് നൽകാൻ ആവശ്യപ്പെട്ട് എറണാകുളം ഡി.സി.സി. സെക്രട്ടറി അജിത് അമീർ ബാവയും സംഘവും ഗൃഹനാഥനെ വീട് കയറി അക്രമിച്ചെന്ന പരാതിയിൽ കേസെടുത്ത് പൊലീസ്. പെരുമ്പാവൂർ സ്വദേശി മാർട്ടിനാണ് മർദനമേറ്റത്. മാർട്ടിന്റെ പരാതിയിൽ പെരുമ്പാവൂർ പൊലീസ് കേസെടുത്തു. അജിത് അമീർ ബാവ, ഭാര്യാസഹോദരൻ അടക്കം നാല് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്.

വീട്ടിൽ അതിക്രമിച്ചു കയറി കസേര കൊണ്ട് തലയ്ക്കടിച്ചും മുഖത്തടിച്ചും തന്നെ പരിക്കേൽപ്പിച്ചെന്നും പ്രാണരക്ഷാർഥം കൈ ഞരമ്പ് മുറിച്ചെന്നും മാർട്ടിൻ വെളിപ്പെടുത്തിയിരുന്നു. അജിത് അമീർ ബാവ, അജിതിന്റെ ഭാര്യ, കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റ് നിത, ഷിജു എന്നിവർക്കെതിരേയാണ് എഫ്.ഐ.ആർ. കൂടുതൽ പേർ കേസിൽ പ്രതികളായി വരാൻ സൂചനയുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

എന്നാൽ. മർദിച്ചെന്ന ആരോപണം നിഷേധിച്ചു അജിത് അമീർ ബാബ രംഗത്തെത്തി. മാർട്ടിനെ മർദിച്ചിട്ടില്ലെന്നും പണം തിരികെ ചോദിക്കാൻ ചെന്നതാണെന്നും അജിത് പറയുന്നു. ഭൂമിയിടപാടുമായി ബന്ധപ്പെട്ട് 21 ലക്ഷം രൂപ നൽകാതെ മാർട്ടിൻ തന്നെ കബളിപ്പിച്ചുവെന്നും പണം നൽകിയിട്ടും ഭൂമി നൽകാതായതോടെ പല തവണ പണം തിരികെ തരാൻ ആവശ്യപ്പെട്ടെങ്കിലും മാർട്ടിൻ തയ്യാറായില്ലെന്നും അജിത് പറയുന്നു.

ഇത് ചോദിക്കാനാണ് മാർട്ടിന്റെ വീട്ടിൽ പോയതെന്നും കൃത്യമായ ഇടപെടലിന് വേണ്ടിയാണ് കുന്നത്തുനാട് പഞ്ചായത്ത് പ്രസിഡന്റിനെ കൂടെ കൂട്ടിയതെന്നും അജിത് വ്യക്തമാക്കി. താൻ ആർക്കും പണം പലിശയ്ക്ക് നൽകിയിട്ടില്ലെന്നും അജിത് അമീർ ബാവ പറഞ്ഞു.

ഭൂമി തരാമെന്ന് പറഞ്ഞ് 20 ലക്ഷത്തോളം രൂപ മാർട്ടിൻ വാങ്ങി. വാഹനം പണയം നൽകി രണ്ട് ലക്ഷവും വാങ്ങി. എന്നാൽ പണമോ ഭൂമിയോ നൽകിയില്ല. അത് ചോദിക്കാനാണ് വീട്ടിലേക്ക് ചെന്നത്. മാർട്ടിൻ ഉടൻ കൈഞരമ്പ് മുറിക്കുകയായിരുന്നു. തന്റെ ഭാര്യയോട് മോശമായി പെരുമാറുകയും ചെയ്തു. കുന്നത്ത്‌നാട് പഞ്ചായത്ത് പ്രസിഡന്റിന് സംഭവത്തിൽ പങ്കില്ലെന്നും അജിത് അമീർ ബാവ വിശദീകരിച്ചു.