പട്‌ന: ബിഹാർ അരാരിയ ജില്ലയിൽ യുവാവും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയും കസ്റ്റഡിയിലിരിക്കെ മരിച്ച സംഭവത്തിൽ പൊലീസ് സറ്റേഷന് തീയിട്ട് പ്രദേശവാസികൾ. ഉദ്യോഗസ്ഥർക്ക് നേരെ കല്ലെറിയുകയും ചെയ്തു. സ്വയരക്ഷക്കായി പൊലീസ് വെടിയുതിർത്തതിനെ തുടർന്ന് രണ്ട് പേർക്ക് പരിക്കേറ്റു. ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് ആരോപണം. സംഘർഷത്തിൽ ആറോളം പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിട്ടുണ്ട്. അവരിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ജയിലിനുള്ളിൽ നിന്നുള്ള സിസിടിവി ദൃശ്യത്തിൽ ഒരാൾ ലോക്കപ്പ് വാതിലിലേക്ക് കയറുന്നതും തുണി ഉപയോഗിച്ച് തൂങ്ങിമരിക്കുന്നതും കാണിക്കുന്നുണ്ട്. യുവാവിന്റെ ഭാര്യ മരിച്ചതിന് പിന്നാലെ ഭാര്യയുടെ 14 വയസ് പ്രായമുള്ള സഹോദരിയെ വിവാഹം കഴിച്ചതായാണ് വിവരം.

പ്രായപൂർത്തിയാകാത്ത കുട്ടിയെ ഭാര്യയെപ്പോലെ വീട്ടിൽ പാർപ്പിച്ചിരിക്കുകയാണെന്ന് പൊലീസിന് വിവരം ലഭിച്ചതിന് പിന്നാലെ വ്യാഴാഴ്ച ഉച്ചയോടെയാണ് ഇവരെ സ്റ്റേഷനിലെത്തിച്ചത്. കേസിൽ പ്രാഥമിക എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായും ഇവരെ ചോദ്യം ചെയ്യുന്നതിനായി കൊണ്ടുവന്നതായും പൊലീസ് പറഞ്ഞു.

ഇരുവരെയും കസ്റ്റഡിയിലെടുത്തതിന് പിന്നാലെ നാട്ടുകാർ രോഷാകുലരാകുകയായിരുന്നു. വിവരം അറിഞ്ഞയുടൻ പൊലീസുകാരുടെ മർദ്ദനത്തിനിരയായി യുവാവും പെൺകുട്ടിയും കസ്റ്റഡിയിൽ മരിച്ചതായി പ്രദേശവാസികൾ ആരോപിച്ചു. തുടർന്ന് പൊലീസിനെതിരെ പ്രതിഷേധവും മുദ്രാവാക്യം വിളിക്കുകയും ചെയ്തു.

അവർ സ്റ്റേഷന് നേരെ ആദ്യം കല്ലെറിയുകയും പിന്നീട് തീയിട്ട് നശിപ്പിക്കുകയുമായിരുന്നു. സംഘർഷത്തെ തുടർന്ന് വിവിധ പൊലീസ് സ്റ്റേഷനുകളിൽ നിന്നുള്ള നിരവധി മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

പ്രതിഷേധക്കാർക്ക് മറുപടിയായി പൊലീസ് ഏകദേശം ആറ് റൗണ്ട് വെടിയുതിർത്തു. അതിൽ രണ്ട് പേർക്ക് കാലിനും കൈയ്ക്കുമാണ് വെടിയേറ്റത്. നിലവിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്നാണ് വിവരം. സംഘർഷത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കുമെന്ന് പൊലീസ് അറിയിച്ചു. അതിനിടെ, സ്വയരക്ഷയ്ക്കായി പൊലീസ് വെടിയുതിർത്ത കേസും അന്വേഷിക്കുന്നുണ്ട്. അതേസമയം, വിഷയത്തെ കുറിച്ച് പ്രതികരിക്കാൻ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല.