തിരുവനന്തപുരം: വഴിയോരക്കച്ചവടക്കാരിയിൽനിന്ന് ഒരുകോടിരൂപയുടെ സമ്മാനമടിച്ച ടിക്കറ്റ് സൂത്രത്തിൽ തട്ടിയെടുത്ത ലോട്ടറിക്കച്ചവടക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പേരൂർക്കട വയലരികത്ത് വീട്ടിൽ കണ്ണനെ(45)യാണ് മ്യൂസിയം പൊലീസ് പിടികൂടിയത്. മ്യൂസിയത്തിനുസമീപം വഴിരികത്ത് തൊപ്പിക്കച്ചവടം ചെയ്യുന്ന അറുപതുവയസ്സുള്ള സുകുമാരിയമ്മയാണ് കബളിപ്പിച്ചപ്പെട്ടത്.

സുകുമാരിയമ്മ കണ്ണന്റെ പക്കൽ നിന്നും എടുത്ത ടിക്കറ്റിന് ഒരു കോടി രൂപ സമ്മാനമടിച്ചു. ഇവർക്ക് ലോട്ടറി അടിച്ച വിവരം മനസ്സലായ കണ്ണൻ സൂത്രത്തിൽ ഈ ലോട്ടറി ടിക്കറ്റ് കൈക്കലാക്കുക ആയിരുന്നു്. സുകുമാരിയമ്മ എടുത്ത കേരള സർക്കാരിന്റെ ഫിഫ്റ്റി ഫിഫ്റ്റി ടിക്കറ്റിനാണ് ഒന്നാംസമ്മാനമായ ഒരു കോടി രൂപ ലഭിച്ചത്. 15-നായിരുന്നു നറുക്കെടുപ്പ്. ഫിഫ്റ്റി ഫിഫ്റ്റിയുടെ ഒരേ നമ്പർ സീരീസിലുള്ള 12 ടിക്കറ്റാണ് സുകുമാരിയമ്മ എടുത്തത്. ഇതിൽ എഫ്.ജി. 348822 എന്ന ടിക്കറ്റിനായിരുന്നു ഒരു കോടിയുടെ ഒന്നാംസമ്മാനം.

സമ്മാനമടിച്ചെന്ന് മനസ്സിലാക്കിയ കണ്ണൻ സുകുമാരിയമ്മയ്ക്ക് ഓരോ ടിക്കറ്റിനും 100 രൂപവീതം 1200 രൂപ ലഭിച്ചെന്നുപറഞ്ഞ് ടിക്കറ്റുകൾ തിരികെവാങ്ങി്. 500 രൂപയും ബാക്കി 700 രൂപയ്ക്ക് ലോട്ടറിടിക്കറ്റും ഇയാൾ തിരികെനൽകി. അതേസമയം സുകുമാരി അമ്മയുടെ അടുത്തുണ്ടായിരുന്ന മറ്റൊരു കച്ചവടക്കാരൻ ടിക്കറ്റിന് ഒന്നാംസ്ഥാനം ലഭിച്ചതല്ലേയെന്ന് സംശയം പ്രകടിപ്പിച്ചു.

തനിക്ക് ലോട്ടറിയടിച്ചെന്നും ഇത് എടുത്തയാൾ പണമില്ലാത്തതിനാൽ തിരികെനൽകിയതാണെന്നും കണ്ണൻ പാളയത്തുള്ള മറ്റൊരു വഴിയോരക്കച്ചവടക്കാരോട് പറഞ്ഞതാണ് തട്ടിപ്പ് പുറത്തറിയാൻ സഹായിച്ചത്. ലോട്ടറി ലഭിച്ചതിന് സുഹൃത്തുക്കൾക്ക് മധുരം വിതരണംചെയ്യുകയും ചെയ്തു. വഴിയോരക്കച്ചവടക്കാർ വഴി വിവരമറിഞ്ഞ സുകുമാരിയമ്മ മ്യൂസിയം പൊലീസിൽ പരാതിനൽകി.

ഒന്നാംസമ്മാനം ലഭിച്ച ടിക്കറ്റ് കണ്ണൻ ലോട്ടറിവകുപ്പിൽ ഹാജരാക്കിയിട്ടുണ്ട്. ലോട്ടറി ടിക്കറ്റ് തട്ടിയെടുത്തതുസംബന്ധിച്ച് പൊലീസ് ലോട്ടറിവകുപ്പിന് റിപ്പോർട്ട് നൽകും.