കാസർകോട്: കാഞ്ഞങ്ങാട് ഉറങ്ങിക്കിടന്ന ഒൻപതുവയസ്സുകാരിയെ പുലർച്ചെ മൂന്നിന് വീട്ടിൽക്കയറി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത് പ്രദേശവാസിയായ 39-കാരനെന്ന് സംശയം. സംഭവം നടന്ന മെയ്‌ 15-നുശേഷം ഒളിവിൽപോയ ഇയാൾക്കായി പൊലീസ് സംഘം അന്വേഷണം തുടങ്ങി. കുടക് നാപ്പോക്ക് സ്വദേശിയായ ഇയാൾക്കായി കേരളാ പൊലീസ് കർണാടകയിൽ തിരച്ചിൽ നടത്തുകയാണ്.

കുട്ടി പീഡിപ്പിക്കപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് രാത്രി 11-ന് ഇയാൾ കുട്ടിയുടെ വീട്ടിലേക്കുള്ള വഴിയിലൂടെ നടക്കുന്നതും സംഭവത്തിനുശേഷം രാവിലെ 8.30-ന് ബാഗുമായി പോകുന്നതും പ്രദേശത്തെ വിവിധ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മാത്രമല്ല അടുത്തിടെ ഇയാൾ മറ്റൊരു കുട്ടിയെ പീഡിപ്പിച്ചതായി പൊലീസിനു വിവരം ലഭിക്കുകയു ചെയ്തു. ഇതാണ് ഇയാൾ തന്നെയാവും പ്രതി എന്ന നിഗമനത്തിൽ എത്തിച്ചേരാൻ പൊലീസിനെ പ്രേരിപ്പിച്ചത്. ഇയാളെ പിടികൂടാൻ പൊലീസുകാർ പല സംഘങ്ങളായി തിരിഞ്ഞ് അന്വേഷണം തുടങ്ങി. ഇയാൾ കർണാടകത്തിലേക്ക് കടന്നിട്ടുണ്ടാവുമെന്ന് തന്നെയാണ് പൊലീസ് കരുതുന്നത്.

മൂന്ന് സബ് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിലാണ് പൊലീസ് സംഘം കർണാടകയിലെ വിവിധ ഭാഗങ്ങളിൽ തിരച്ചിൽ നടത്തുന്നത്. കുടക് ജില്ലയിലെ നാപ്പോക്കിലും മടിക്കേരിയിലും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രദേശത്തെ ഒരു വീട്ടിൽ ദിവസങ്ങൾക്കു മുൻപ് ഒരു സ്ത്രീയുടെ മാല പൊട്ടിച്ചിരുന്നു. ഇത് മുക്കുപണ്ടമായതിനാൽ പൊലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ അത് ഇയാളാണെന്ന് പൊലീസിന് ബോധ്യപ്പെട്ടിട്ടുണ്ട്. മാസങ്ങൾക്കുമുൻപ് മേൽപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു ബാലികയെ ഇയാൾ പീഡിപ്പിച്ചിരുന്നു. ബന്ധുവായതിനാൽ വീട്ടുകാർ ഇയാൾക്കെതിരേ പൊലീസിൽ പരാതി നൽകിയില്ല. ഈ വസ്തുതകൾ മുൻനിർത്തിയാണ് ഇയാൾ തന്നെയാണ് പ്രതിയെന്ന നിഗമനത്തിൽ അന്വേഷണസംഘമെത്തിയത്.

പ്രതിയെ കസ്റ്റഡിയിലെടുത്തുവെന്നും ഫോട്ടോ പൊലീസ് പുറത്തുവിട്ടുവെന്നുമുള്ള പ്രചാരണം തെറ്റാണെന്ന് ഹൊസ്ദുർഗ് ഇൻസ്പെക്ടർ എംപി. ആസാദ് പറഞ്ഞു.

രേഖാചിത്രവും പൊരുത്തപ്പെടുന്നു
പ്രതിയെന്ന് നിഗമനത്തിലെത്തിയ ആളുടെ രൂപവും ഹൊസ്ദുർഗ് പൊലീസ് തയ്യാറാക്കിയ രേഖാചിത്രവും പൊരുത്തപ്പെടുന്നുണ്ട്. ഇരുട്ടായതിനാൽ പെൺകുട്ടിക്ക് ഇയാളുടെ മുഖം വ്യക്തമായിരുന്നില്ല. മാത്രമല്ല ഇയാൾ മാസ്‌കും ധരിച്ചിരുന്നു. എന്നാൽ ദിവസങ്ങൾക്കു മുൻപ് തന്റെ മാലപൊട്ടിച്ചോടിയ പ്രതിയെ കണ്ട സ്ത്രീ പറഞ്ഞതനുസരിച്ച് പൊലീസ് രേഖാചിത്രം തയ്യാറാക്കിയിരുന്നു. മാലപൊട്ടിച്ചതും പീഡിപ്പിച്ചതും ഒരാൾതന്നെയാണോ എന്ന സംശയമുള്ളതിനാൽ പൊലീസ് ഈ രേഖാചിത്രം പുറത്തുവിട്ടിരുന്നില്ല. കണ്ണൂർ ഡി.ഐ.ജി. തോംസൺ ജോസ് ദിവസവും കാഞ്ഞങ്ങാട്ടെത്തി അന്വേഷണ പുരോഗതി വിലയിരുത്തുന്നുണ്ട്. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ നേതൃത്വത്തിലാണ് അന്വേഷണം.