കോഴിക്കോട്: കുറ്റിക്കാട്ടൂരിൽ ഇരുചക്രവാഹനം കേടായതിനെ തുടർന്ന് വഴിയരികിലെ കടവരാന്തയിൽ കയറിയ പതിനെട്ടുകാരൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. പൂവാട്ടുപറമ്പ് സ്വദേശി മുഹമ്മദ് റിജാസിനാണ് ദാരുണാന്ത്യമുണ്ടായത്. പൊതു പ്രവർത്തകൻ നൽകിയ പരാതിയിലാണ് കേസെടുത്തത്.

ഞായറാഴ്ച രാത്രി ഒരു മണിയോടെ കുറ്റിക്കാട്ടൂർ മുണ്ടുപാലം റോഡിലാണ് അപകടമുണ്ടായത്. വണ്ടി കേടായപ്പോൾ വഴിയരികിലെ കടയിലെ ഷെഡ്ഡിലേക്ക് കയറ്റിവെക്കുന്നതിനിടെ തൂണിൽ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. കൂട്ടാനെത്തിയ സഹോദരനു മുന്നിൽ ഷോക്കേറ്റുവീഴുകയായിരുന്നു. ശബ്ദം കേട്ടെത്തിയവരുടെ സഹായത്തോടെ മുഹമ്മദ് റിജാസിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

തൂണിൽ ഷോക്കുണ്ടെന്ന് കെ.എസ്.ഇ.ബിയിൽ പരാതിപ്പെട്ടിട്ടും പ്രശ്നം പരിഹരിച്ചില്ലെന്നും യുവാവ് മരിച്ചതിനുശേഷമാണ് വൈദ്യുതി വിച്ഛേദിച്ചതെന്നും കടയുടമ പി. മുഹമ്മദ് പറഞ്ഞു. റിജാസിന്റെ മരണം കെ.എസ്.ഇ.ബിയുടെ അനാസ്ഥയെന്ന് ആരോപിച്ച് പ്രതിഷേധം ശക്തമായിരുന്നു.

മരിച്ച മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിങ്ങിലും, അതുപോലെ സർവീസ് വയറിലും ചോർച്ചയുണ്ടായിരുന്നു എന്നാണ് കെഎസ്ഇബിയുടെ കണ്ടെത്തൽ. നല്ല മഴ പെയ്തുകൊണ്ടിരിക്കെയാണ് റിജാസ് കടവരാന്തയിൽ കയറി നിന്നത്. ഈ സമയത്ത് മുകളിലെ മരച്ചില്ലകളിൽ അമർന്ന് സർവീസ് വയർ കടയുടെ തകരഷീറ്റിൽ തട്ടിയെന്നാണ് അനുമാനിക്കുന്നത്. ഇതുവഴി കറണ്ട് തൂണിലുമെത്തിയതാകാം.

അതുപോലെ തന്നെ കടയിൽ വയറിങ്ങിൽ പ്രശ്‌നമുള്ളതിനാൽ രാത്രി പ്രവർത്തിച്ച ബൾബിന്റെ വയറിലെ ചോർച്ചയിലൂടെയും തൂണിലേക്ക് വൈദ്യുതി പ്രവഹിച്ചതാകാമെന്നും സംശയിക്കുന്നുണ്ട്. ഈ രണ്ട് പ്രാഥമികമായ അനുമാനങ്ങളാണ് കെഎസ്ഇബി പങ്കുവയ്ക്കുന്നത്. തലേന്ന് പകൽ പരാതി ലഭിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ പരിശോധിച്ചതാണ്. എന്നാൽ അപ്പോൾ ലീക്കുള്ളതായി കണ്ടെത്തിയിരുന്നില്ലെന്നും പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. കൂടുതൽ മൊഴിയെടുത്ത ശേഷം അന്തിമ റിപ്പോർട്ട് വൈദ്യുത മന്ത്രിക്ക് കൈമാറും.

ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കടവരാന്തയിൽ കയറി സഹോദരനെ കാത്തുനിൽക്കവെയാണ് റിജാസിന് ഷോക്കേറ്റത്. സംഭവസമയത്ത് അവിടെയെത്തിയ സഹോദരൻ റാഫിക്കും ഷോക്കേറ്റിരുന്നു.

സംഭവത്തിന് പിന്നാലെ കെഎസ്ഇബി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു. തൂണിൽ ഷോക്കുണ്ടെന്ന് നേരത്തെ പരാതി നൽകിയിട്ടും കെഎസ്ഇബിയിൽ നിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടായില്ലെന്നാണ് പരാതി. കടയുടെ മുകളിലെ മരത്തിൽ വൈദ്യുതലൈൻ തട്ടിനിൽക്കുന്നത് വഴിയും കടയിലേക്ക് വൈദ്യുത പ്രവാഹമുണ്ടെന്ന് പരാതിപ്പെട്ടിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നാണ് വൈദ്യുത മന്ത്രി അറിയിച്ചിരുന്നത്.