- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഗുണ്ടകൾക്ക് രാഷ്ട്രീയം തുണയാകുമ്പോൾ
അടൂർ: പച്ചമണ്ണെടുക്കുന്ന സംഘങ്ങൾ തമ്മിൽ നടുറോഡിൽ ഏറ്റുമുട്ടലും ഗുണ്ടായിസവും. കാർ പൂർണമായി അടിച്ചു തകർത്തു. ഒരാൾക്ക് മർദനമേറ്റു. എന്നിട്ടും നിസാര വകുപ്പുകൾ ചുമത്തി മാത്രം കേസെടുത്ത് പൊലീസ്. അടിയുണ്ടാക്കിയവർ രണ്ടും ഒരേ പാർട്ടിയുടെ പിന്തുണയുള്ളതിനാലാണ് കേസ് ഒതുക്കിയതെന്ന് ആക്ഷേപം.
ഇന്നലെ വൈകിട്ട് മൂന്നു മണിയോടെ നൂറനാട് ആദിക്കാട്ടുകുളങ്ങര ചാമവിള കിഴക്കേതിൽ എസ്. ഷൈജുവിന് നേരെയാണ് ആക്രമണം നടന്നത്. ഇയാൾക്ക് മർദനമേറ്റു. കാർ അടിച്ചു തകർക്കുകയും ചെയ്തു. പത്തനാപുരത്തേക്ക് യാത്ര ചെയ്യുന്നതിനിടെ ഏഴംകുളം മാങ്കൂട്ടം അഭിലാഷ് ഹോട്ടലിൽ ഷൈജു ഭക്ഷണം കഴിക്കാൻ കയറിയിരുന്നു. ഇവിടെ നിന്നും ഇറങ്ങുമ്പോൾ ഷൈജുവിന്റെ ബ്രസാ കാർ അടൂരിലെ പച്ചമണ്ണ് എടുപ്പുകാരനായ ജിനുരാജും കണ്ടാൽ അറിയാവുന്ന മൂന്നുപേരും ചേർന്ന് ആൾട്ടോ കാർ കുറുകെയിട്ട് തടയാൻ ശ്രമിച്ചു. പന്തികേട് തോന്നിയ ഷൈജു കാർ വെട്ടിച്ച് മാറ്റി പത്തനാപുരം ഭാഗത്തേക്ക് ഓടിച്ചു പോയി. ഈ സമയം ജിനുരാജും സംഘവും ആൾട്ടോ കാറിൽ പിന്തുടർന്ന് പുതുവൽ ജങ്ഷനിൽ ഷൈജുവിന്റെ കാർ തടഞ്ഞു.
ഷൈജുവിനെ വലിച്ചിറക്കി മർദിച്ചു. കമ്പിവടി ഉപയോഗിച്ചായിരുന്നു ആക്രമണം. തുടർന്ന് കാർ പൂർണമായി അടിച്ചു തകർത്തു. ഷൈജു അവിടെനിന്നും ഓടി രക്ഷപ്പെട്ടു. ഷൈജു നൂറനാട് കേന്ദ്രീകരിച്ചും ജിനുരാജ് അടൂർ കേന്ദ്രീകരിച്ചും പച്ചമണ്ണ് കടത്തുന്ന സംഘത്തിൽപ്പെട്ടവരാണ്. ഇരുവരും ഭരണപ്പാർട്ടിയിലെ പ്രവർത്തകരും അനുഭാവികളുമാണ്. പട്ടാപ്പകൽ ഇത്രയും വലിയ അക്രമം നടുറോഡിൽ നടന്നിട്ടും പൊലീസ് നിസാര വകുപ്പുകൾ ചുമത്തി കേസ് എടുത്തതിന് കാരണവും ഇതാണ്.
സമീപകാലത്ത് അടൂരിൽ ഉണ്ടാകുന്ന അക്രമവും മർദനവും അടക്കമുള്ള കേസുകൾ പൊലീസ് ഒതുക്കുകയാണ്. ഹോം ഗാർഡിനെ ആക്രമിച്ച കേസിലെ പ്രതികളെ സ്റ്റേഷനിൽ വന്നിട്ടും അറസ്റ്റ് ചെയ്യാതെ വിട്ടയയ്ക്കുകയാണുണ്ടായത്. ഈ കേസിൽ ഒരാളെ മാത്രം പിന്നീട് കാപ്പ ചുമത്തി നാടുകടത്തി. പ്രധാന പ്രതിക്കെതിരേ കാപ്പ ചുമത്താനുള്ള നീക്കം ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ അനുമതിയോടെ അട്ടിമറിച്ചുവെന്നും പറയുന്നു.
തെങ്ങമത്ത് കട ഒഴിഞ്ഞു കൊടുക്കാത്തത് ചോദ്യം ചെയ്ത യുവതിയെയും ഭർത്താവിനെയും പിതാവിനെയും ആക്രമിച്ചതിന് എടുത്ത കേസിലെ പ്രതികൾ നാട്ടിൽ വിലസി നടക്കുകയാണ്. അറസ്റ്റ് ചെയ്യാനുള്ള നടപടി ഇതു വരെ ആയിട്ടില്ല.