ലഖ്‌നൗ: വിവാഹച്ചടങ്ങിനിടെ വരൻ വധുവിനെ പരസ്യമായി ചുംബിച്ചതിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ വരന്റെയും വധുവിന്റെയും ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടി. ഉത്തർപ്രദേശിലെ ഹപുരിലുള്ള അശോക് നഗറിലാണ് സംഭവം. വരൻ വധുവിന് വേദിയിൽവെച്ച് പരസ്യമായി ചുംബനം കൊടുത്തതാണ് വധുവിന്റെ വീട്ടുകാരെ ചൊടിപ്പിച്ചത്.

വരന്റെ ചുംബനം വധുവിന്റെ വീട്ടുകാർ ചോദ്യംചെയ്‌തോടെ ഇരുകൂട്ടരും തമ്മിൽ ആദ്യം വാക്കുതർക്കമുണ്ടായി. തുടർന്ന് വധുവിന്റെ ബന്ധുക്കൾ വടികളുമായെത്തി വേദിയിൽ കയറി വരന്റെ വീട്ടുകാരെ ആക്രമിക്കുകയായിരുന്നു. ഇതോടെ ഇരുകൂട്ടരും പരസ്പരം ഏറ്റുമുട്ടി.

സംഘർഷത്തിൽ വധുവിന്റെ പിതാവ് ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ഇവരെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങളിൽ നിന്നും അഞ്ചുപേരെ അറസ്റ്റു ചെയ്‌തെന്നും ഇതുവരെ രേഖാമൂലമുള്ള പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.

അനിഷ്ഠസംഭവങ്ങളെ തുടർന്ന് വിവാഹത്തിൽനിന്ന് പിന്മാറാൻ വധുവും വരനും തീരുമാനിച്ചെങ്കിലും പിന്നീട് മധ്യസ്ഥചർച്ച നടത്തി മറ്റൊരു ദിവസം വിവാഹച്ചടങ്ങ് നടത്താൻ തീരുമാനിക്കുകയായിരുന്നു. വധുവിന്റെയും സഹോദരിയുടെയും വിവാഹം ഒരേ ദിവസമാണ് നടത്താൻ നിശ്ചയിച്ചിരുന്നത്. ആദ്യത്തെ വിവാഹം പ്രശ്‌നങ്ങളൊന്നും കൂടാതെ കഴിഞ്ഞു. രണ്ടാമത്തെ വിവാഹമാണ് സംഘർഷത്തിൽ കലാശിച്ചത്.

കഴിഞ്ഞ വർഷം ഉത്തർപ്രദേശിലെ സംഫാലിൽ വിവാഹ വേദിലെ ചുംബനത്തിന്റെ പേരിൽ നാടകീയ രംഗങ്ങൾക്ക് സാക്ഷിയായിരുന്നു. മാലകൾ കൈമാറുന്നതിനിടെയാണ് വരൻ വധുവിനെ ചുംബിച്ചത്. എന്നാൽ ഇത് വധുവിന് ഇഷ്ടമായില്ല. പിന്നാലെ വിവാഹ വേദിയിൽ നിന്ന് ഇറങ്ങിപ്പോയ 23കാരിയായ വധു പൊലീസിനെ വിളിക്കുകയും ചെയ്തു.

അതിഥികൾ സദസിലിരിക്കെ തന്നെ പരസ്യമായി ചുംബിച്ച വരന്റെ പ്രവൃത്തി തന്നെ അപമാനിക്കുന്നതാണെന്ന് യുവതി ആരോപിച്ചു. സുഹൃത്തുക്കളുമായി പന്തയം വച്ചാണ് വരൻ ഇത്തരമൊരു പ്രവൃത്തി ചെയ്തതെന്നും വരന്റെ സ്വഭാവം സംബന്ധിച്ച് ഇപ്പോൾ തനിക്ക് ചില സംശയങ്ങളുണ്ടെന്നും ബിരുദധാരി കൂടിയായ വധു ആരോപിച്ചിരുന്നു. പൊലീസ് അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും വധു വിവാഹത്തിന് ഒരുക്കമല്ലെന്ന് തീർത്തു പറഞ്ഞു. ഇതോടെ വിവാഹം വേണ്ടെന്ന് വച്ച് അതിഥികളെല്ലാം പിരിഞ്ഞു പോവുകയായിരുന്നു.