- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
രാജ്‌കോട്ടിൽ 33 പേരുടെ ജീവനെടുത്തത് വെൽഡിങ് മെഷിനിൽനിന്ന് തെറിച്ച തീപ്പൊരി
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടിൽ കുട്ടികളടക്കം മുപ്പത്തിമൂന്ന് പേരുടെ മരണത്തിനിടയാക്കിയ തീപ്പിടിത്തത്തിന് കാരണമായത് അധികൃതരുടെ അനാസ്ഥയെന്ന് വ്യക്തമാക്കുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടു. ഗെയിമിങ് കേന്ദ്രത്തിന് സമീപം സൂക്ഷിച്ചിരുന്ന സ്‌ഫോടന സാധ്യതയുള്ള സാധനങ്ങളിലേക്ക് വെൽഡിങ് മെഷിനിൽനിന്ന് തീപ്പൊരി തെറിച്ചുവീണ് അഗ്‌നിബാധയുണ്ടാകുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്. തീപ്പിടിത്തത്തിന്റെ കാരണത്തെ സംബന്ധിച്ച് വലിയ ആശയക്കുഴപ്പം നിലനിന്നിരുന്നു. ഷോർട്ട് സർക്യൂട്ട് ആകാമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ വെൽഡിങ് മെഷിനിൽ നിന്നും തെറിച്ചുവീണ തീപ്പൊരിയാണ് തീപിടിത്തത്തിന് കാരണമായതെന്ന് സിസിടിവി ദൃശ്യങ്ങളിലുടെ വ്യക്തത ലഭിച്ചെന്നാണ് പൊലീസ് പറയുന്നത്.
ജനറേറ്റർ പ്രവർത്തിപ്പിക്കാനും മറ്റുമുള്ള 3000-ത്തിൽ അധികം ലിറ്റർ ഡീസലും പെട്രോളും ഗെയിമിങ് കേന്ദ്രത്തിൽ ഉണ്ടായിരുന്നു. ഇതിലേക്കാണ് തീപ്പൊരി വീഴുന്നത്. പിന്നീട് തീ ആളിപ്പടരുകയായിരുന്നു. മൂന്ന് ദിവസത്തിനകം അന്വേഷണ റിപ്പോർട്ട് നൽകാൻ പ്രത്യേക സംഘത്തോട് ഗുജറാത്ത് സർക്കാർ നിർദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സിസിടിവി ദൃശ്യങ്ങൾ കണ്ടെത്തിയത്. നാനാ-മാവാ റോഡിലെ ഗെയിമിങ് സോണിൽ ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് അപകടമുണ്ടായത്. അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഗെയിമിങ് കേന്ദ്രത്തിലെത്തിയ കുട്ടികളായിരുന്നു അപകടത്തിൽപെട്ടവരിലേറെയും. വാരാന്ത്യമായതുകൊണ്ട് ഗെയിമിങ് കേന്ദ്രത്തിൽ ഓഫറും ഏർപ്പെടുത്തിയിരുന്നു.
ടിക്കറ്റിന് 99 രൂപയായിരുന്നു നിരക്ക്. അതുകൊണ്ട് തന്നെ അവധിയാഘോഷിക്കാൻ ഒട്ടേറെപ്പേരാണ് കുട്ടികൾക്കൊപ്പം ഇവിടെയെത്തിയിരുന്നത്. ഗെയിമിങ്ങിനായി നിർമ്മിച്ച ഫൈബർ കൂടാരം പൂർണമായി കത്തിയമരുകായായിരുന്നു. ശക്തമായ കാറ്റുവീശിയതും കെട്ടിടം പൂർണമായി നിലംപൊത്തിയതും രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയായി.ഗെയിമിങ് കേന്ദ്രത്തിനകത്തേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും ഏഴ് അടി മാത്രം ഉയരത്തിലുള്ള ഒരു വാതിൽ മാത്രമായിരുന്നു ഉണ്ടായിരുന്നത്. യുവരാജ് സിങ് സോളങ്കി എന്നയാളുടെ ഉടമസ്ഥതയിലുള്ള ഗെയിമിങ് കേന്ദ്രത്തിന് മതിയായ ലൈസൻസ് ഇല്ലാതെയൊണെന്ന റിപ്പോർട്ട് നേരത്തെ പുറത്തുവന്നിരുന്നു. സോളങ്കിയുടെ പേരിൽ പൊലീസ് കേസും എടുത്തു.
രാജ്‌കോട്ട് ഗെയിമിങ് സെന്ററിലെ തീപിടിത്തത്തിൽ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് ഗുജറാത്ത് ഹൈക്കോടതി വിമർശിച്ചിരുന്നു. കുഞ്ഞുങ്ങൾ ഉൾപ്പെടെ 32 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തിൽ സർക്കാരിന്റെയും രാജ്‌കോട്ട് മുൻസിപ്പൽ കോർപ്പറേഷന്റെയും ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെ സർക്കാർ രൂക്ഷമായി വിമർശിച്ചു. രണ്ടു വർഷമായി ലൈസൻസോ അഗ്‌നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് രണ്ട് ഗെയിമിങ് സെന്ററുകളും പ്രവർത്തിച്ചിരുന്നത് എന്ന വിവരം അറിയിച്ചപ്പോഴാണ്, സർക്കാരിനെ വിശ്വസിക്കാനാവില്ലെന്ന് കോടതി പ്രതികരിച്ചത്.
ഗെയിമിങ് സെന്ററിന് പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് പറഞ്ഞ മുൻസിപ്പൽ കോർപ്പറേഷനെയും കോടതി ശക്തമായ ഭാഷയിൽ ശകാരിച്ചു. രണ്ടര വർഷമായി സെന്റർ നിയമവിരുദ്ധമായി പ്രവർത്തിക്കുമ്പോൾ മുൻസിപ്പൽ ഉദ്യോഗസ്ഥർ എവിടെയായിരുന്നെന്ന് കോടതി ചോദിച്ചു. മുൻസിപ്പൽ ഓഫിസർമാർ ഗെയിമിങ് സെന്ററിൽ നിൽക്കുന്ന ചിത്രം ശ്രദ്ധയിൽപ്പെട്ടതോടെ കോടതിയുടെ വാക്കുകൾ കൂടുതൽ പരുഷമായി. ഫോട്ടോയിലുള്ള ഉദ്യോഗസ്ഥർ ആരാണെന്നും അവരും ഗെയിമിങ് സെന്ററിൽ കളിക്കുകയായിരുന്നോയെന്നും കോടതി ചോദിച്ചു.
അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന മറ്റു രണ്ട് ഗെയിമിങ് സെന്ററുകൾ കൂടിയുണ്ടെന്നും ഇത്തരം കേസുകൾ അന്വേഷിച്ച് 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. നാല് വർഷത്തിനുള്ളിൽ പല തീരുമാനങ്ങളും നിർദേശങ്ങളും പുറപ്പെടുവിച്ചതിനു ശേഷവും ഇത്തരത്തിലുള്ള ആറ് സംഭവങ്ങളുണ്ടായതായി കോടതി നിരീക്ഷിച്ചു. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.