- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഐആർഎസ് ഉദ്യോഗസ്ഥന്റെ അപ്പാർട്ട്മെന്റിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
നോയിഡ: ഐആർഎസ് ഉദ്യോഗസ്ഥന്റെ അപ്പാർട്ട്മെന്റിൽ യുവതി തൂങ്ങിമരിച്ച സംഭവത്തിൽ അന്വേഷണം. ഇന്ത്യൻ റവന്യൂ സർവീസ് (ഐആർഎസ്) ഉദ്യോഗസ്ഥൻ സൗരഭ് മീണയുടെ നോയിഡയിലെ സെക്ടർ 100-ലെ ലോട്ടസ് ബൊളിവാർഡ് അപ്പാർട്ട്‌മെന്റിലാണ് ശിൽപ ഗൗതം എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അന്വേഷണം ആരംഭിച്ചതിന് പിന്നാലെ മീണയെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്.
നോയിഡ സെക്ടർ 100ലെ ലോട്ടസ് ബൊളിവാഡ് അപ്പാർട്ട്‌മെന്റിലെ എട്ടാം ടവറിൽ രാവിലെ പൊലീസ് എത്തിയപ്പോഴാണ് അയൽവാസികൾ പോലും വിവരമറിഞ്ഞത്. സൗരഭിന്റെ ഫ്‌ളാറ്റിലെത്തിയ ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ ശിൽപയെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ എച്ച്.ആർ വിഭാഗത്തിൽ ജോലി ചെയ്യുകയായിരുന്നു ശിൽപ.
ശനിയാഴ്ച ഉച്ചകഴിഞ്ഞായിരുന്നു സംഭവം. സൗരഭ് വിവാഹം വാഗ്ദാനം നൽകി ശില്പയെ വഞ്ചിച്ചെന്നും ഇരുവർക്കുമിടയിൽ തർക്കം പതിവായിരുന്നെന്നും ശാരീരികമായി യുവതിയെ ഉപദ്രവിച്ചിരുന്നതായും ശിൽപയുടെ പിതാവ് ഒ.പി. ഗൗതം ആരോപിച്ചു. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഡേറ്റിങ് ആപ്പിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും ഗൗതം പറഞ്ഞു. പ്രശ്‌നങ്ങളെച്ചൊല്ലി തർക്കങ്ങളും കൈയേറ്റവും പതിവായിരുന്നു എന്നും പിതാവ് പറയുന്നു.
സൗരഭ് തന്റെ മകളെ കൊലപ്പെടുത്തിയതാണെന്ന് ഗൗതം സെക്ടർ 39 പൊലീസിന് നൽകിയ പരാതിയിൽ ഒ.പി. ഗൗതം പറയുന്നു. എന്നാൽ കുടുംബത്തിന്റെ ആരോപണം തെറ്റാണെന്നും മൂന്ന് മാസം മുമ്പ് മാത്രമാണ് യുവതിയെ ഡേറ്റിങ് ആപിലൂടെ പരിചയപ്പെട്ടതെന്നുമാണ് സൗരഭിന്റെ വാദം.
സംഭവത്തിൽ പൊലീസ് കേസെടുത്ത് സൗരഭിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ സൗരഭിനെ ജൂഡിഷ്യൽ കസ്റ്റഡിയിൽ വിട്ടതായും കേസുമായി ബന്ധപ്പെട്ട് എല്ലാവശങ്ങളും അന്വേഷിച്ചുവരികയാണെന്നും അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ മനീഷ് കുമാർ മിശ്ര പറഞ്ഞു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളുവെന്നും പൊലീസ് വ്യക്തമാക്കി. മൊബൈൽ ഫോണുകളും സിസിടിവി ദൃശ്യങ്ങളും കേന്ദ്രീകരിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്. രണ്ട് പേരുടെയും ഫോണുകളും അപ്പാർട്ട്‌മെന്റിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.