ബെംഗളൂരു: ലൈംഗിക പീഡനക്കേസ് പ്രതിയായ കർണാടക ഹാസൻ എംപിയും ജെഡിഎസ് നേതാവുമായ പ്രജ്വൽ രേവണ്ണ വെള്ളിയാഴ്ച ഇന്ത്യയിലെത്തുമെന്ന് റിപ്പോർട്ട്. വെള്ളിയാഴ്ച ജർമനിയിൽനിന്ന് ബെംഗളൂരുവിലേക്കുള്ള ലുഫ്താൻസ എയർ വിമാനത്തിൽ ഇയാൾ ടിക്കറ്റ് ബുക്ക് ചെയ്തതായി അന്വേഷണ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. മ്യൂണിക്കിൽനിന്നുള്ള വിമാനം വെള്ളിയാഴ്ച രാത്രി 12.30 ഓടെ ബെംഗളൂരു കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തിലെത്തും.

മെയ് 31-ന് അർധരാത്രി 12 മണിയോടെ പ്രജ്വൽ ബെംഗളൂരുവിൽ എത്തിയേക്കുമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ച വിവരം. വിമാനത്താവളത്തിലെത്തിയാൽ ഉടൻ അറസ്റ്റുണ്ടാകും. കർണാടകയിലെ ഹാസൻ മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർത്ഥിയായ പ്രജ്വലിനെതിരെ നിലവിൽ രണ്ടു ലൈംഗിക അതിക്രമ കേസുകളാണുള്ളത്.

താൻ നാട്ടിലേക്ക് മടങ്ങിവരുമെന്നും അന്വേഷണത്തിൽ സഹകരിക്കുമെന്നും രണ്ടുദിവസംമുൻപു പുറത്തുവന്ന വിഡിയോ സന്ദേശത്തിൽ പ്രജ്വൽ പറഞ്ഞിരുന്നു. ഇത് മൂന്നാം തവണയാണ് പ്രജ്വൽ നാട്ടിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്തുവെന്ന് പറയുന്നത്. നേരത്തേ രണ്ടുതവണയും ബുക്ക് ചെയ്ത ടിക്കറ്റ് കാണിച്ച് താൻ നാട്ടിലേക്കു വരുന്നുവെന്ന് പ്രജ്വൽ പറഞ്ഞെങ്കിലും അതുണ്ടായില്ല.

മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാകുമെന്ന് അറിയിച്ചുകൊണ്ട് ഇറക്കിയ വീഡിയോ സന്ദേശത്തിൽ പ്രജ്വൽ പ്രത്യക്ഷപ്പെട്ടിരുന്നു. ജർമ്മനിയിൽനിന്ന് ബുക്ക് ചെയ്ത വിമാന ടിക്കറ്റ് ഇതിനുമുമ്പ് രണ്ടു തവണ റദ്ദാക്കിയതായും വിവരമുണ്ട്. തിരിച്ചെത്തിയാൽ ഉടൻ പ്രജ്വലിനെ അറസ്റ്റു ചെയ്യാൻ പ്രത്യേക അന്വേഷണ സംഘം കെംപഗൗഡ വിമാനത്താവളത്തിൽ എത്തുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.

പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ കേന്ദ്രസർക്കാർ ആരംഭിച്ചിരുന്നു. പ്രജ്വലിനെതിരെയുള്ള ലൈംഗികാതിക്രമ കേസിലെ ഇരയെ തട്ടിക്കൊണ്ടുപോയ കേസിലും മറ്റൊരു ലൈംഗികാതിക്രമക്കേസിലും പ്രതിയായ പ്രജ്വലിന്റെ പിതാവ് എച്ച്.ഡി. രേവണ്ണയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രത്യേക അന്വേഷണ സംഘം കർണാടക ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹർജി മെയ്‌ 31ന് പരിഗണിച്ചേക്കും.

കർണാടകയിലെ ഹാസനിൽനിന്നുള്ള എംപിയായ പ്രജ്വൽ ഇത്തവണയും എൻ.ഡി.എ സ്ഥാനാർത്ഥിയായി മത്സരിക്കുന്നുണ്ട്. ഏപ്രിൽ 26നാണ് മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. ഇതിന് ഏതാനും ദിവസങ്ങൾക്കു മുൻപ് പ്രജ്വൽ ഉൾപ്പെട്ട ലൈംഗിക വിഡിയോകൾ മണ്ഡലത്തിൽ വ്യാപകമായി പ്രചരിച്ചു. മൂവായിരത്തോളം വിഡിയോകൾ അടങ്ങിയ പെൻഡ്രൈവുകൾ പാർക്കുകൾ ഉൾപ്പെടെ വിവിധയിടങ്ങളിൽ വിതറുകയായിരുന്നു.

വൻ വിവാദമുയരുകയും പരാതിയുമായി ഏതാനും പേർ മുന്നോട്ടു വരികയും ചെയ്തതോടെ, പ്രജ്വലിനെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമീഷൻ മുഖ്യമന്ത്രിയെ സമീപിച്ചു. എന്നാൽ തെരഞ്ഞെടുപ്പു നടന്നതിനു പിന്നാലെ പ്രജ്വൽ രാജ്യംവിട്ടു. 31ന് അന്വേഷണ സംഘത്തിനു മുൻപിൽ കീഴടങ്ങാൻ തയാറാണെന്ന് രണ്ടുദിവസം മുൻപ് പുറത്തുവിട്ട വിഡിയോ സന്ദേശത്തിൽ പ്രജ്വൽ അറിയിച്ചിരുന്നു.