ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ കഴിഞ്ഞയാഴ്ച വിമാനം മണിക്കൂറുകൾ വൈകാൻ ഇടയാക്കിയ ബോംബ് ഭീഷണിക്ക് പിന്നിൽ 13-കാരൻ. എയർ കാനഡ വിമാനത്തിൽ ബോംബ് ഉണ്ടെന്ന സന്ദേശമാണ് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ജൂൺ നാലിന് ലഭിച്ചത്. വിമാനം പറന്നുയരാൻ മിനുറ്റുകൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ബോംബ് ഭീഷണി. എന്നാൽ പരിശോധനയിൽ ഇത് വ്യാജ ബോംബ് ഭീഷണിയാണെന്ന് തെളിഞ്ഞു.

വ്യാജ ബോംബ് ഭീഷണിക്ക് പിന്നിൽ ആരാണെന്ന് കണ്ടെത്താൻ വിപുലമായ അന്വേഷണമാണ് ഡൽഹി പൊലീസ് നടത്തിയത്. തുടർന്ന് ഒരാഴ്ചയ്ക്കകം 'പ്രതി'യെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞു. മീററ്റ് സ്വദേശിയാണ് കുട്ടി. വ്യാജ ബോംബ് ഭീഷണിക്ക് പിന്നിലെ 13-കാരനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.

ബോംബ് ഭീഷണി സന്ദേശമയച്ചത് താനാണെന്ന് സമ്മതിച്ച 13-കാരൻ അതിന്റെ കാരണവും പൊലീസിനോട് തുറന്നുപറഞ്ഞു. പുതിയതായി നിർമ്മിച്ച ഇ-മെയിൽ ഐ.ഡിയിൽ നിന്നാണ് കുട്ടി സന്ദേശം അയച്ചത്. അധികൃതർക്ക് സന്ദേശത്തിന്റെ ഉറവിടം തേടി തന്നെ കണ്ടുപിടിക്കാൻ കഴിയുമോ എന്ന് അറിയാനാണ് വിമാനത്തിൽ ബോംബുണ്ടെന്ന സന്ദേശം അയച്ചത് എന്നാണ് കുട്ടി പറഞ്ഞത്. ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുമ്പാകെ ഹാജരാക്കിയ കുട്ടിയെ രക്ഷിതാക്കളുടെ കസ്റ്റഡിയിലേക്ക് വിട്ടു.

വ്യാജ ബോംബ് ഭീഷണി നേരിട്ട എയർ കാനഡ വിമാനത്തിൽ 301 യാത്രക്കാരും 16 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. ഇ-മെയിലിൽ ഭീഷണി സന്ദേശം ലഭിച്ച ഉടൻ വിമാനത്തിൽ നിന്ന് മുഴുവൻ യാത്രക്കാരേയും ജീവനക്കാരേയും ഒഴിപ്പിച്ചു. തുടർന്ന് ഐസൊലേഷൻ ബേയിലേക്ക് മാറ്റിയശേഷമാണ് വിമാനത്തിൽ സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിമാനം റദ്ദാക്കാനാണ് അധികൃതർ തീരുമാനിച്ചത്.

ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽ രാത്രി 10.50നാണ് ഇ-മെയിൽ ലഭിച്ചത്. വിമാനം പുറപ്പെടാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോഴായിരുന്നു ഇത്. ഇതോടെ വിമാനത്തിൽനിന്ന് 301 യാത്രക്കാരെയും 16 ജീവനക്കാരെയും പുറത്തിറക്കി പരിശോധന നടത്തിയത്.

"പുതുതായി ഒരു മെയിൽ ഐഡി നിർമ്മിച്ച ശേഷം അമ്മയുടെ വൈഫൈ കണക്ഷൻ ഉപയോഗിച്ച് തന്റെ ഫോണിൽനിന്നാണ് കുട്ടി സന്ദേശം അയച്ചത്. അയച്ചശേഷം ഉടൻ തന്നെ ഇമെയിൽ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. പിറ്റേന്ന് രാവിലെ സംഭവം വലിയ വാർത്തയായത് മാധ്യമങ്ങളിൽ കണ്ടെങ്കിലും ഭയം കാരണം മാതാപിതാക്കളോട് പറഞ്ഞില്ല"പൊലീസ് പറഞ്ഞു. സന്ദേശം അയച്ച ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. കുട്ടിയെ കൗൺസിലിങ്ങിന് വിധേയനാക്കിയെന്നും അധികൃതർ അറിയിച്ചു.