കൊച്ചി: വനിതാ ഓട്ടോറിക്ഷാ ഡ്രൈവറെ ആശുപത്രിയിലേക്ക് എന്നു പറഞ്ഞ് ഓട്ടം വിളിച്ച ശേഷം യാത്രക്കാർ മർദിച്ചവശയാക്കി ബീച്ചിൽ തള്ളി. കുഴുപ്പിള്ളി ചെറുവൈപ്പ് കിഴക്കു തച്ചാട്ടുതറ ജയയ്ക്കാണ് (38) ഗുരുതരമായി പരുക്കേറ്റത്. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് ജയയെ ബീച്ചിലെത്തിച്ച് മർദിച്ചത്. ആക്രമണം നടത്തിയ മൂന്നു പേർ ജയയുടെ മൊബൈലും തട്ടിയെടുത്തു കടന്നുകളഞ്ഞു.

തിങ്കളാഴ്ച വൈകിട്ടോടെയാണ് സംഭവങ്ങളുടെ തുടക്കം. കുഴുപ്പിള്ളി പള്ളത്താംകുളങ്ങര സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ജയയെ ബസിൽ വന്നിറങ്ങിയ ഒരാളാണു ഓട്ടം വിളിച്ചുകൊണ്ട് പോയത്. സമീപത്തുള്ള ശുപത്രിയിലേക്കെന്നുപറഞ്ഞാണ് ഓട്ടം വിളിച്ചത്. അപകടത്തിൽപ്പെട്ട ബന്ധു അവിടെ ചികിത്സയിൽ ഉണ്ടെന്നാണു പറഞ്ഞത്. അവിടെ എത്തിയപ്പോൾ രോഗിയെ കളമശേരി മെഡിക്കൽ കോളജിലേക്കു മാറ്റിയെന്നും അവിടേക്കു പോകണമെന്നും ആവശ്യപ്പെട്ടു.

ഇവിടെ നിന്നും ഇയാൾക്കൊപ്പം രണ്ടു പേർ കൂടി ഓട്ടോയിൽ കയറി. യാത്രക്കാരുടെ നിർദേശപ്രകാരം ഓട്ടോ പല സ്ഥലങ്ങളിലും നിർത്തി നിർത്തിയാണു കളമശേരിയിൽ എത്തിയത്. എന്നാൽ സംശയിക്കത്തക്കതായി എന്തെങ്കിലും ഉണ്ടെന്ന് ജയയ്ക്ക് തോന്നിയതും ഇല്ല. കളമശേരിയിൽ നിന്നും തിരികെ പോകും വഴി ചാത്തങ്ങാട് എത്തിയപ്പോൾ ബീച്ചിൽ തങ്ങളുടെ ബൈക്ക് വച്ചിട്ടുണ്ടെന്നും അതെടുക്കുന്നതിനായി അവിടേക്കു പോകണമെന്നും ആവശ്യപ്പെട്ടു. അവിടെ എത്തിയപ്പോഴാണ് മൂവരും ചേർന്ന് ജയയെ മാരകമായി ആക്രമിച്ചത്.

മർദനത്തിൽ ജയയുടെ മൂന്നു വാരിയെല്ലുകൾക്കു പൊട്ടലുണ്ട്. നട്ടെല്ലിനും ശ്വാസകോശത്തിനും ക്ഷതമേൽക്കുകയും ചെയ്തു. കട്ടികൂടിയ എന്തോ വസ്തു ഉപയോഗിച്ചു മർദിച്ചതായാണു സൂചനയെന്നു ഡോക്ടർമാർ പറഞ്ഞു. കരച്ചിൽ കേട്ടെത്തിയ നാട്ടുകാരാണു പരുക്കേറ്റ നിലയിൽ ജയയെ കണ്ടത്. അവശയായ ജയയുടെ വിശദമൊഴി എടുക്കാൻ പൊലീസിനു കഴിഞ്ഞിട്ടില്ല. പ്രതികളെക്കുറിച്ചു സൂചന ലഭിച്ചതായി ഞാറയ്ക്കൽ പൊലീസ് അറിയിച്ചു.