കാസർകോട്: ലൈഫ് മിഷൻ പദ്ധതിയിൽ വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ച ശേഷം വീടില്ലെന്നറിഞ്ഞു പഞ്ചായത്ത് ഓഫിസിൽ വിവരം അന്വേഷിക്കാൻ എത്തിയ അപേക്ഷകയെ പൂട്ടിയിട്ടതുമായി ബന്ധപ്പെട്ട് പൊലീസ് കേസെടുത്തു. അടുക്കത്ത് ബയൽ കോട്ടവളപ്പിൽ സാവിത്രിയെ മൊഗ്രാൽപുത്തൂർ പഞ്ചായത്ത് ഓഫിസിൽ വിഇഒ എം.അബ്ദുൽ നാസർ വാതിലിന്റെ ഓടാമ്പലിട്ടു പൂട്ടി പുറത്തു പോയെന്നാണ് പരാതി. തുടർന്നുണ്ടായ ബഹളത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജലും മറ്റ് അംഗങ്ങളും ബഹളം വച്ചതോടെയാണ് തുറന്നുവിട്ടത്.

ഇതിനിടയിൽ തന്റെ ഔദ്യോഗിക കൃത്യനിർവഹണത്തിനു തടസ്സം വരുത്തിയെന്നാരോപിച്ച് വിഇഒ അബ്ദുൽ നാസർ പൊലീസിൽ നൽകിയ പരാതിയിൽ സ്ഥിരം സമിതി അധ്യക്ഷ പ്രമീള മജൽ, സാവിത്രി, ഉഷ തുടങ്ങിയവർക്കെതിരെ കാസർകോട് ടൗൺ പൊലീസ് കേസെടുത്തു. ഓഫിസിൽ പൂട്ടിയിട്ടുവെന്ന സാവിത്രിയുടെ പരാതിയിൽ അബ്ദുൽ നാസറിനെതിരെയും പൊലീസ് കേസെടുത്തു.

ലൈഫ് പദ്ധതിയിൽ വീട് ഉണ്ടെന്ന് അധികൃതർ പറഞ്ഞതിനാൽ പഴയ വീട് പൊളിച്ചിരുന്നു. എന്നാൽ പിന്നീടാണ് ആളു മാറിപ്പോയതാണെന്ന് പറയുന്നത്. പല തവണ ഓഫിസ് കയറിയിറങ്ങിയ സാവിത്രി, താൻ നൽകിയ എല്ലാ രേഖകളും തിരികെ നൽകാൻ ആവശ്യപ്പെട്ടായിരുന്നു വിഇഒയെ സമീപിച്ചത്. കരാറുമായി ബന്ധപ്പെട്ട രേഖകൾ നൽകാൻ വിഇഒ തയാറാകാതിരുന്നതാണ് പിന്നീട് തർക്കത്തിനിടയാക്കിയത്.

സാവിത്രിയുടെ പേര് പട്ടികയിൽ ഇല്ലെന്നും മകൻ വിഷ്ണുവിന്റെ പേര് ഭൂരഹിത ഭവനരഹിതരുടെ പട്ടികയിൽ ഉണ്ടെന്നും പൂട്ടിയിട്ടെന്ന പരാതി അടിസ്ഥാനരഹിതമാണെന്നുമാണ് വിഇഒ പറയുന്നത്.

സാവിത്രി ലൈഫ് പദ്ധതി പ്രകാരം വീടിനായി അപേക്ഷിച്ചിരുന്നു. വീട് അനുവദിച്ചെന്ന് അറിയിപ്പ് ലഭിച്ചു. ഷെഡ് പൊളിച്ചുമാറ്റി വീട് നിർമ്മാണം തുടങ്ങി. പക്ഷേ ഫണ്ട് അനുവദിച്ചില്ല. മറ്റൊരു സാവിത്രിക്കാണ് വീട് അനുവദിച്ചതെന്നും മാറിപ്പോയെന്നുമാണ് പഞ്ചായത്ത് അധികൃതർ വിശദീകരിച്ചത്. ഇതോടെ താൻ നൽകിയ രേഖകൾ തിരിച്ചു തരണമെന്ന് സാവിത്രി ആവശ്യപ്പെട്ടു. ചില രേഖകൾ നൽകിയെങ്കിലും മുഴുവൻ രേഖകളും നൽകാത്തതിനാൽ സാവിത്രി കുത്തിയിരിപ്പ് തുടങ്ങി.

ഇതോടെ വിഇഒ വാതിൽ പുറത്തു നിന്ന് പൂട്ടി പോയെന്നാണ് സാവിത്രിയുടെ പരാതി. സാവിത്രി നൽകിയ പരാതിയിൽ വിഇഒയ്‌ക്കെതിരെ കേസെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയെന്ന വിഇഒയുടെ പരാതിയിൽ സാവിത്രിക്കെതിരെയും പൊലീസ് കേസെടുത്തു. എന്നാൽ പരാതി രാഷ്ട്രീയ പ്രേരിതമാണെന്നാണ് വിഇഒ എം അബ്ദുൽ നാസർ പറയുന്നത്. തന്നോട് ചെയ്ത അനീതിക്കെതിരെ ജില്ലാ കളക്ടർക്ക് പരാതി നൽകിയിരിക്കുകയാണ് സാവിത്രി. നീതി വേണമെന്നാണ് ഇവര് ആവശ്യപ്പെടുന്നത്.