കട്ടപ്പന: ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യവീട്ടിലെത്തിയ യുവാവിനെ അയൽവാസി കൊലപ്പെടുത്തിയത് അതിക്രൂരമായി്. കോടാലി കൊണ്ട് തലയ്ക്ക് അടിച്ചുവീഴ്‌ത്തിയശേഷം തല ഇടിച്ചുതകർക്കുക ആയിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബു (53) അറസ്റ്റിലായി.

14ന് വൈകിട്ട് ഏഴോടെയായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാൻ ഭാര്യ വീട്ടിലെത്തിയതായിരുന്നു സുബിൻ. ഭാര്യവീടിനു സമീപത്തെ റോഡിൽ കാർ പാർക്ക് ചെയ്യുന്നതിനിടെ മദ്യപിച്ച് ലെക്കുകെട്ട് എത്തിയ ബാബു അസഭ്യം പറഞ്ഞു. ഇതു ചോദ്യം ചെയ്തശേഷം തിരികെ നടക്കുന്നതിനിടെ സുബിനെ പിന്നാലെയെത്തിയ ബാബു തലയ്ക്ക് അടിച്ചുവീഴ്‌ത്തുകയായിരുന്നു. നിലത്തുവീണു കിടന്ന സുബിന്റെ തലയിൽ വീണ്ടും കോടാലികൊണ്ട് പലതവണ ഇടിച്ച് തലതകർക്കുക ആയിരുന്നു.

ഇതുകണ്ടു വന്ന സുബിന്റെ ഭാര്യാസഹോദരി അലറിക്കരഞ്ഞതോടെയാണ് നാട്ടുകാർ ഓടിക്കൂടിയതും സംഭവം ശ്രദ്ധയിൽപ്പെടുന്നതും. ഇതോടെ പ്രതി വീടിനുള്ളിൽക്കയറി ഒളിച്ചു. നാട്ടുകാർ ചേർന്ന് സുബിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പിടികൂടാൻ എത്തിയ പൊലീസ് സംഘത്തെയും പ്രതി കോടാലികൊണ്ട് ആക്രമിക്കാൻ ശ്രമിച്ചു.

ഇതിനിടെ എസ്‌ഐ ഉദയകുമാറിനു പരുക്കേറ്റെങ്കിലും പ്രതിയെ ബലപ്രയോഗത്തിലൂടെ കീഴടക്കുകയായിരുന്നു. മുൻപ് കഞ്ചാവ് വിൽപന ഉൾപ്പെടെ നടത്തിയിരുന്ന ബാബു 2013ൽ എക്‌സൈസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിയാണ്. സുബിന്റെ സംസ്‌കാരം നടത്തി. ഇലക്ട്രിഷ്യനായിരുന്നു സുബിൻ. കൊലപാതകം നടന്ന സ്ഥലത്ത് ഫൊറൻസിക് സംഘമെത്തി തെളിവെടുത്തു.

പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി. കട്ടപ്പന ഡിവൈഎസ്‌പി പി.വി.ബേബിയുടെ നേതൃത്വത്തിൽ എസ്എച്ച്ഒ എൻ.സുരേഷ്‌കുമാറും സംഘവുമാണ് കേസന്വേഷിക്കുന്നത്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.