- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കേരളത്തിൽനിന്നുള്ളതടക്കം 545 ബസുകൾക്ക് തമിഴ്‌നാട്ടിൽ വിലക്ക്
ചെന്നൈ: ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ വിവിധ സ്ഥലങ്ങളിൽ നിർത്തി യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്ന ഇതര സംസ്ഥാനബസുകൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തി. സ്റ്റേജ് കാര്യേജിനുള്ള പെർമിറ്റ് എടുക്കാത്തതിനാൽ സർക്കാരിന് വൻതുക നികുതിനഷ്ടമുണ്ടാകുന്നുവെന്ന് കണ്ടെത്തിയതോടെയാണ് നടപടി. കേരളത്തിൽനിന്നുള്ളവ അടക്കം 545 ബസുകൾക്കെതിരെയാണ് നിലവിൽ നടപടി സ്വീകരിച്ചിരിക്കുന്നത്. ചട്ടങ്ങൾ ലംഘിച്ച് സർവീസ് നടത്തുന്ന ബസുകൾ മൂലം സർക്കാരിന് പ്രതിവർഷം 34.56 കോടി രൂപയുടെ നഷ്ടമാണുള്ളതെന്ന് തമിഴ്‌നാട് ഗതാഗത വകുപ്പ് ചൂണ്ടിക്കാണിക്കുന്നു.
സംസ്ഥാനത്തിന് പുറത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളതും അനധികൃത സ്റ്റേജ് കാരിയറുകളായി ഓടിക്കുന്നതുമായ ബസുകൾ ഇനി മുതൽ നിരത്തിലിറക്കാൻ അനുവദിക്കില്ലെന്ന് തമിഴ്‌നാട് ഗതാഗതവകുപ്പ് അറിയിച്ചു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചോടുന്ന ബസുകൾക്ക് സർക്കാർ നൽകിയ സമയപരിധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണ് കടുത്ത നടപടികളുമായി ഗതാഗത വകുപ്പ് മുന്നോട്ടുപോകുന്നത്.
കേരളം, നാഗാലാൻഡ്, സിക്കിം, കർണാടക, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള 545 ബസുകളാണ് ഇത്തരത്തിൽ സർവീസ് സർവീസ് നടത്തുന്നത്. രജിസ്‌ട്രേഷൻ മാറാതെ ഈ ബസുകൾ നിരത്തിലിറക്കാനാകില്ല. ഈ ബസുകളുടെ വിശദാംശങ്ങൾ www.tnsta.gov.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചട്ടം ലംഘിച്ച് ഓടുന്ന ബസുകൾക്കെതിരെ വ്യാഴാഴ്ച മുതൽ നടപടി തുടങ്ങി. കേരളത്തിൽ നിന്നും തമിഴ്‌നാട് വഴി ബംഗളൂരുവിലേക്ക് പോയ ബസുകൾ തമിഴ്‌നാട് മോട്ടോർ വാഹന വകുപ്പ് അധികൃതർ തടഞ്ഞ് യാത്രക്കാരെ ഇറക്കിവിടുകയും ചെയ്തു.
പെർമിറ്റ് എടുക്കുന്നതിന് അനുവദിച്ച സമയപരിധി ചൊവ്വാഴ്ച അവസാനിച്ചിരുന്നു. ബുധനാഴ്ച മുതൽ സർക്കാർ പെർമിറ്റില്ലാതെവരുന്ന ബസുകൾക്കെതിരേ നടപടിയെടുക്കുമെന്ന് ട്രാൻസ്പോർട്ട് കമ്മിഷണർ അറിയിച്ചിരുന്നു. നികുതി ചോർച്ച തടയാൻ ഓൾ ഇന്ത്യാ ടൂറിസ്റ്റ് പെർമിറ്റ് നേടിയത് ശേഷം സംസ്ഥാനത്ത് സ്റ്റേജ് കാര്യേജുകളായി സർവീസ് നടത്തുന്നതു തടയാൻ സർക്കാർ തീരുമാനിക്കുകയായിരുന്നു.
ആയിരത്തിലധികം ഓമ്നി ബസുകൾ തമിഴ്‌നാട്ടിൽ സർവീസ് നടത്തുന്നുണ്ട്. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള 647 ബസുകളും ഇതിൽ ഉൾപ്പെടുന്നു. ഈ ബസുകൾ തമിഴ്‌നാട് രജിസ്ട്രേഷൻ നമ്പറിലേക്ക് ജൂൺ 14നകം മാറ്റണമെന്ന് റോഡ് ട്രാൻസ്പോർട്ട് കമ്മിഷൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ, സമയ പരിധി നീട്ടാൻ ഗതാഗത മന്ത്രി എസ്.എസ് ശിവശങ്കറിനെ കണ്ട ബസുടമകൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രണ്ടു ദിവസംകൂടി മാത്രമാണ് ഇളവ് നൽകിയത്. സമയപരിധി അവസാനിച്ചതോടെ കടുത്ത നടപടിയിലേക്ക് നീങ്ങുകയായിരുന്നു.
ചൊവ്വാഴ്ച സമയപരിധി അവസാനിച്ചപ്പോൾ 105 ബസുകൾ മാത്രമാണ് പെർമിറ്റ് നേടിയത്. ഇതോടെ ബാക്കിയുള്ള 545 ബസുകൾക്ക് വിലക്കേർപ്പെടുത്തുകയായിരുന്നു. വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെ ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റിന്റെ മറവിൽ സംസ്ഥാനത്ത് സ്റ്റേജ് ക്യാരേജായി സർവീസ് നടത്തുന്ന ഇതരസംസ്ഥാന ബസുകൾക്കെതിരേ നടപടിയാരംഭിച്ചു. ഇത്തരത്തിൽ സർവീസ് നടത്തുന്ന ബസുകൾ പിടിച്ചെടുക്കാനാണ് തീരുമാനം. ഇതിനായി ട്രാൻസ്പോർട്ട് അധികൃതരുടെ നേതൃത്വത്തിൽ പരിശോധനകൾ തുടങ്ങി.
ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർചെയ്തിട്ടുള്ള 800-ഓളം ബസുകൾ സംസ്ഥാനത്ത് പ്രത്യേകം പെർമിറ്റെടുക്കാതെ ടൂറിസ്റ്റ് പെർമിറ്റുമായി സർവീസ് നടത്തുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇത് സർക്കാരിന് പ്രതിവർഷം 32 കോടിയോളം രൂപയുടെ നികുതി നഷ്ടമുണ്ടാക്കുന്നുവെന്നും കണ്ടെത്തി. തുടർന്നാണ് സംസ്ഥാനത്ത് പ്രത്യേകം രജിസ്റ്റർചെയ്യാൻ നിർദ്ദേശിച്ചത്. ഇതിനുള്ള സമയപരിധി ബുധനാഴ്ച അവസാനിച്ചതോടെയാണ് പരിശോധനകൾ തുടങ്ങിയത്.
ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജായി സർവീസ് നടത്തുന്നത് അനുവദിക്കാനാകില്ലെന്ന് കേരളവും മുമ്പ് നിലപാട് എടുത്തിരുന്നു. ഓൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റുള്ള വാഹനങ്ങൾ സ്റ്റേജ് കാര്യേജായി സർവീസ് നടത്തുന്നത് കെ.എസ്.ആർ.ടി.സി. പോലുള്ള സർവീസുകളെ ബാധിക്കുമെന്ന് കേരള ഹൈക്കോടതിയും നിലപാട് എടുത്തിരുന്നു.
ഇതരസംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽനിന്ന് സംസ്ഥാനങ്ങൾ പ്രവേശന നികുതി ഈടാക്കുന്നതിനെതിരേ സ്വകാര്യ ബസുടമകൾ സുപ്രീം കോടതിയെ സമീപിക്കുകയും അനുകൂല വിധി നേടുകയും ചെയ്തിരുന്നു. ഇടക്കാല ഉത്തരവ് നിലനിൽക്കെ കേരളവും, തമിഴ്‌നാടും പ്രവേശന നികുതി ഈടാക്കുന്നുവെന്നായിരുന്നു ഇവർ സുപ്രീംകോടതിയെ അറിയിച്ചത്.