ബെംഗളൂരു: രേണുകാസ്വാമി കൊലപാതക കേസിൽ പ്രതിയായ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരുവിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതി ദർശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച വരെ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരും. ദർശന്റെ ഭാര്യ വിജയലക്ഷ്മിയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു.

അതേ സമയം ദർശന്റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്‌ളാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടന്ന ദിവസം ദർശൻ ധരിച്ച വസ്ത്രങ്ങൾ കോസ്റ്റ്യൂം അസിസ്റ്റന്റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കുന്നു.

രേണുകാസ്വാമിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷം ദർശൻ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്‌ളാറ്റിലേക്കാണ്. പുലർച്ചെ ഫ്‌ളാറ്റിൽ ഒരു പൂജ നടത്താൻ തീരുമാനിച്ചിരുന്നതിനാൽ അതിൽ പങ്കെടുത്ത ശേഷമാണ് ദർശൻ മൈസുരുവിലേക്ക് പോയത്. അവിടെ വച്ചാണ് ജൂൺ 11-ന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കൂറോളമാണ് അന്വേഷണസംഘം വിജയലക്ഷ്മിയെ ചോദ്യം ചെയ്തത്.

ദർശന്റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പൊലീസ് ചോദിച്ചു. ദർശൻ ഉപയോഗിച്ച ഷൂവും വസ്ത്രങ്ങളും എന്ത് ചെയ്തുവെന്ന് ഓർക്കുന്നുണ്ടോ എന്നതും ചോദിച്ചു. കണ്ടെടുത്ത ഷൂവും വസ്ത്രങ്ങളും പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കേസിൽ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാധ്യത.

ദർശനും കൂട്ടാളികളും ചിത്രദുർഗ സ്വദേശിയായ യുവാവിനെ കൊലപ്പെടുത്തിയത് അതിക്രൂരമായിട്ടെന്നാണ് റിപ്പോർട്ട്. കൊല്ലപ്പെട്ട രേണുകാസ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽവിവരങ്ങൾ വ്യക്തമായത്. കേസിൽ ദർശനും സുഹൃത്തായ നടി പവിത്ര ഗൗഡ എന്നിവരുൾപ്പെടെ 17 പേരെയാണ് ഇതുവരെ അറസ്റ്റുചെയ്തത്.

ചിത്രദുർഗയിൽനിന്ന് ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയ രേണുകാസ്വാമിയെ ഒരു ഷെഡ്ഡിൽവച്ചാണ് പ്രതികൾ കൊലപ്പെടുത്തിയത്. വടികൊണ്ടും മറ്റും യുവാവിനെ നിരന്തരം മർദിച്ചു. കെട്ടിയിട്ടും ഉപദ്രവം തുടർന്നു. പിന്നാലെ യുവാവിനെ ഷോക്കേൽപ്പിച്ചതായും പൊലീസിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

ജൂൺ ഒമ്പതാം തീയതി ബെംഗളൂരുവിലെ ഒരു അഴുക്കുചാലിൽനിന്നാണ് രേണുകാസ്വാമിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിൽ മുഖത്തിന്റെ പാതിഭാഗം നായ്ക്കൾ ഭക്ഷിച്ചനിലയിലായിരുന്നു. ഒരു ചെവിയും മൃതദേഹത്തിൽ കാണാനില്ലായിരുന്നു. യുവാവിന്റെ ജനനേന്ദ്രിയം തകർന്നിരുന്നതായും റിപ്പോർട്ടുകളിലുണ്ട്.

രേണുകാസ്വാമി കൊലക്കേസിൽനിന്ന് രക്ഷപ്പെടാൻ 30 ലക്ഷംരൂപ നൽകിയതായി കുറ്റസമ്മതം നടത്തി നടൻ ദർശൻ. മറ്റൊരു പ്രതിയായ പ്രദോഷിനാണ് പണം നൽകിയത്. പണം പ്രദോഷിന്റെ വീട്ടിൽനിന്ന് പൊലീസ് കണ്ടെടുത്തു. രേണുകാസ്വാമിയുടെ മൃതദേഹം മറവുചെയ്യാനും തന്റെ പേര് പുറത്തുവരാതിരിക്കാനുമാണ് ദർശൻ കൂട്ടാളികൾക്ക് കൊടുക്കാനായി പണം നൽകിയതെന്നും പൊലീസ് പറഞ്ഞു.

ദർശന്റെ അടുത്ത സുഹൃത്തും നടനുമാണ് പ്രദോഷ്. കൊലയാളിസംഘത്തിലെ നാലുപേർക്ക് അഞ്ചുലക്ഷം രൂപവീതം നൽകിയതായി നേരത്തെ വിവരം പുറത്തുവന്നിരുന്നു. ഇവർ കൊലനടന്നദിവസം പൊലീസിൽ കീഴടങ്ങി സാമ്പത്തിക വിഷയത്തിന്റെ പേരിൽ രേണുകാസ്വാമിയെ കൊലപ്പെടുത്തിയതായി പറഞ്ഞിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ദർശനിലേക്ക് കേസ് നീണ്ടത്.