കണ്ണൂർ: കണ്ണൂർ കൂത്തുപ്പറമ്പിലെ ആളൊഴിഞ്ഞ പറമ്പിൽ സ്റ്റീൽ ബോംബുകൾ കണ്ടെത്തി. കൂത്തുപ്പറമ്പ് പൊലീസ് നടത്തിയ പരിശോധനയിലാണ് വഴിയരികിലെ പറമ്പിൽനിന്ന് രണ്ടു ബോംബുകൾ കണ്ടെത്തിയത്. ചാക്കിൽ പൊതിഞ്ഞ നിലയിലായിരുന്നു ബോംബുകൾ കണ്ടെടുത്തിയത്. ഇവ ഉഗ്രശേഷിയുള്ളവയാണെന്ന് പൊലീസ് അറിയിച്ചു.

ആമ്പിലാട് മഹാവിഷ്ണു ക്ഷേത്രത്തിനു സമീപത്തെ പറമ്പിലാണ് ബോംബുകൾ കണ്ടെത്തിയത്. എരഞ്ഞോളി ബോംബ് സ്‌ഫോടനത്തിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന നടത്തിയത്.

ഏതാനും ദിവസങ്ങൾക്ക് മുൻപ് തേങ്ങ പെറുക്കുന്നതിനിടെ കിട്ടിയ സ്റ്റീൽ ബോംബ് പൊട്ടി വൃദ്ധൻ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കണ്ണൂരിൽ പൊലീസ് വ്യാപക പരിശോധന തുടങ്ങിയത്. ജില്ലയിൽ ആൾപാർപ്പില്ലാത്ത വീടുകളുടെ വിവരങ്ങളെടുത്ത് പ്രത്യേകം സ്‌ക്വാഡുകൾ രൂപീകരിച്ചായിരുന്നു പരിശോധന. തലശ്ശേരി, കൂത്തുപറമ്പ്, ന്യൂ മാഹി, പാനൂർ, കോളവല്ലൂർ മേഖലകളിലാണ് കൂടുതൽ പരിശോധന.

തലശ്ശേരി എരഞ്ഞോളിയിൽ കഴിഞ്ഞദിവസം ബോംബ് പൊട്ടി വേലായുധൻ (80) എന്ന വയോധികൻ കൊല്ലപ്പെട്ടിരുന്നു. വീടിനോട് ചേർന്നുള്ള പറമ്പിൽ തേങ്ങ പെറുക്കാൻ എത്തിയപ്പോഴായിരുന്നു സ്‌ഫോടനം. പറമ്പിൽനിന്ന് കിട്ടിയ വസ്തു ബോംബ് ആണെന്ന് അറിയാതെ തുറന്നപ്പോൾ പൊട്ടിത്തെറിക്കുകയായിരുന്നു.

പാനൂർ സ്‌ഫോടനത്തിന് പിന്നാലെ ബോംബ് നിർമ്മാണവും സൂക്ഷിക്കലും നടക്കുന്നുണ്ടെന്ന് സംശയിക്കുന്ന സ്ഥലങ്ങളിൽ പൊലീസ് റെയ്ഡ് നടന്നിരുന്നു. എരഞ്ഞോളി പ്രദേശത്തെ ക്രിമിനൽ ക്വാട്ടേഷൻ സംഘങ്ങളെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കുന്നുണ്ട്.

ജില്ലയിലെ വിവിധ ഭാഗങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. കൂത്തുപ്പറമ്പ്, തലശ്ശേരി, മാഹി, മട്ടന്നൂർ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പ്രധാനമായും തിരച്ചിൽ നടത്തുന്നത്. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നുൾപ്പെടെ അഞ്ച് ബോംബ് സ്‌ക്വാഡുകളുടെ നേതൃത്വത്തിലായിരുന്നു പരിശോധന. ഇതിനിടെയാണ് ഇപ്പോൾ ബോംബ് കണ്ടെത്തിയിരിക്കുന്നത്.