കൊച്ചി: കൊച്ചിയിൽ വ്യത്യസ്തമായ മയക്കുമരുന്ന് വേട്ട. മുപ്പതുകോടി രൂപയുടെ ലഹരിമരുന്ന് വിഴുങ്ങിയെത്തിയ വിദേശ ദമ്പതിമാരാണ് പിടിയിലായത്. ടാൻസാനിയൻ സ്വദേശികളായ ദമ്പതിമാരെയാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഡി.ആർ.ഐ. സംഘം അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയിലെ പ്രധാനികളാണ് ഇവരെന്നാണ് സൂചന.

വ്യാഴാഴ്ചയാണ് ഇരുവരും ഒമാനിൽനിന്നുള്ള വിമാനത്തിൽ കൊച്ചിയിലെത്തിയത്. തുടർന്ന് രണ്ടുപേരെയും കസ്റ്റഡിയിലെടുത്ത ഡി.ആർ.ഐ. സംഘം ആലുവ താലൂക്ക് ആശുപത്രിയിൽ നടത്തിയ വൈദ്യപരിശോധനയിലാണ് ശരീരത്തിനുള്ളിൽ കൊക്കെയ്ൻ ഒളിപ്പിച്ചതായി കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര ഏജൻസിയുടെ ഇടപെടൽ.

യുവാവിന്റെ വയറ്റിൽനിന്ന് ഏകദേശം രണ്ടുകിലോയോളം കൊക്കെയ്നാണ് കണ്ടെത്തിയത്. ഇത് പുറത്തെടുത്ത് യുവാവിനെ കേസിൽ റിമാൻഡ് ചെയ്തു. യുവതിയുടെ ശരീരത്തിനുള്ളിലും സമാനമായ അളവിൽ ലഹരിമരുന്നുണ്ടെന്നാണ് കരുതുന്നത്. ഇത് പുറത്തെടുക്കാനായി യുവതി ആശുപത്രിയിൽ തുടരുകയാണ്. കൊച്ചിയിൽ ആർക്കു കൈമാറാനാണ് ഇതുമായി എത്തിയതെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. എന്നാൽ യുവാവ് ഇതുസംബന്ധിച്ച കൃത്യമായ വിവരങ്ങൾ പറയുന്നില്ല.

ദഹിക്കാത്ത തരത്തിലുള്ള ടേപ്പിൽ പൊതിഞ്ഞ് കാപ്സ്യൂൾ രൂപത്തിലാക്കിയാണ് ദമ്പതിമാർ ലഹരിമരുന്ന് വിഴുങ്ങിയിരുന്നതെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. ഇതുകൊച്ചിയിൽ കൈമാറ്റം ചെയ്യാനായി കൊണ്ടുവന്നതാണെന്നും വ്യക്തമായിട്ടുണ്ട്. സംഭവത്തിൽ ഡി.ആർ.ഐ. വിപുലമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.