- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഞായറാഴ്ച മുതൽ ഉദ്യോഗസ്ഥർ എത്തി; റാഞ്ചി കേഡറിൽ നിന്ന് 750 സിആർപിഎഫുകാരും; മുതിർന്ന പൊലീസുകാരോട് കാര്യം പറയാതെ ചില സൂചനകൾ നൽകി; പുലർച്ചെ രണ്ടരയോടെ ഹോട്ടലിൽ നിന്നിറങ്ങി നേരെ വീടുകളിലേക്ക്; സെർച്ച് വാറണ്ട് കാണിച്ച് അറസ്റ്റ്; എല്ലാം നിയന്ത്രിച്ചത് ഡോവൽ; കേരളത്തിൽ നടന്നതും മറ്റൊരു 'പാക് മോഡൽ' സർജിക്കൽ സ്ട്രൈക്ക്
മലപ്പുറം: കേരളത്തിൽ ദേശീയ അന്വേഷണ ഏജൻസി നടത്തിയ റെയ്ഡ് ഇരുചെവിയറിയാതെ. പാക്കിസ്ഥാനിൽ നടത്തിയ സർജിക്കൽ സ്ട്രൈക്കിനെ പോലെ എല്ലാം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ ഡൽഹിയിൽ ഇരുന്ന് നിരീക്ഷിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വിവങ്ങൾ അപ്പോൾ അപ്പോൾ തിരക്കുകയും ചെയ്തു. അത്രയും ആസൂത്രണത്തോടെയായിരുന്നു ഓരോ നീക്കവും. പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡിനെത്തിയത് ഇരുനൂറിലേറെ പേരടങ്ങുന്ന സംഘമായിരുന്നു. രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ഇതിനായി ഉദ്യോഗസ്ഥരെ ഇവിടെ എത്തിക്കുകയായിരുന്നു. സർജിക്കൽ സ്ട്രൈക്കിന് സമാനമായി അർദ്ധരാത്രിയിൽ തന്നെ നടപടികളും തുടങ്ങി. രാജ്യത്ത് എൻ.ഐ.എ. നടത്തിയ ഏറ്റവും വലിയ റെയ്ഡുകളിലൊന്നാണ് വ്യാഴാഴ്ച പുലർച്ചെ അവസാനിച്ചത്.
കേരളത്തിൽ പൊലീസിനെ ആശ്രയിക്കാതെ കേന്ദ്രസേനയുടെ സഹായത്തോടെയായിരുന്നു റെയ്ഡ്. കൊച്ചിയിലേക്ക് സി.ആർ.പി.എഫിന്റെ റാഞ്ചി കേഡറിലെ 10 കമ്പനികളിൽനിന്നുള്ള 750 ഭടന്മാരാണ് എത്തിയത്. അഞ്ചുദിവസംമുമ്പ് കൊച്ചിയിലെത്തിച്ച ഇവരോട് ജോലി എന്താണെന്ന് അവസാന നിമിഷംവരെ അറിയിച്ചിരുന്നില്ല. ബുധനാഴ്ച വൈകുന്നേരമാണ് ഓപ്പറേഷന് തയ്യാറാകാൻ നിർദ്ദേശിച്ചത്. കേന്ദ്ര ഏജൻസിയുടെ പരിശോധന യെക്കുറിച്ച് സംസ്ഥാന പൊലീസിലെ ഉയർന്ന ഉദ്യോഗസ്ഥർക്ക് അറിവുണ്ടായിരുന്നതായാണ് വിവരം. എന്നാൽ, നടപടി എന്താണെന്നത് സംബന്ധിച്ച് വ്യക്തതയില്ലായിരുന്നു.
പുലർച്ചെമുതൽ ഒരു ഓപ്പറേഷനുണ്ടാകുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സായുധ സേനാവിഭാഗത്തിൽ നിന്നുള്ളവരെ തയ്യാറാക്കി നിർത്താനും ഉയർന്ന ഉദ്യോഗസ്ഥരിൽനിന്ന് നിർദ്ദേശം ലഭിച്ചിരുന്നു. താഴേത്തട്ടിൽ വിവരം ലഭിച്ചില്ല. മൊബൈൽ ഫോൺ, ഹാർഡ് ഡിസ്‌ക്, ലാപ്ടോപ്പ് തുടങ്ങിയവയും ചില രേഖകളുമാണ് റെയ്ഡിൽ പിടിച്ചെടുത്തവയിൽ അധികവും. കേരളത്തിൽ അമ്പത് കേന്ദ്രങ്ങളിലാണ് റെയ്ഡ് നടന്നത്. ഒരു ടീമിൽ നാലുപേരായിരുന്നു. ഇവർക്ക് സുരക്ഷയൊരുക്കിയത് 50 പേർ വീതമടങ്ങുന്ന കേന്ദ്രസേനയും. പിടിയിലാകുന്നവരെ കൊണ്ടുപോകാൻ അതിർത്തിരക്ഷാസേനയുടെ എഴുപത്തിയഞ്ചോളം സീറ്റുള്ള പ്രത്യേക വിമാനം കരിപ്പൂരിൽ നേരത്തേ എത്തിച്ചിരുന്നു. ഓരോ ടീമും എന്തൊക്കെ ചെയ്യണമെന്നും ഏതൊക്കെ രേഖകൾ കണ്ടെത്തണമെന്നും നിർദ്ദേശിച്ചിരുന്നു.
എൻ.ഐ.എ.യുടെ ദക്ഷിണേന്ത്യൻ ചുമതലവഹിക്കുന്ന കൊച്ചിയിലെ ഐ.ജി. സന്തോഷ് രസ്‌തോഗിയാണ് ഇതിന് ചുക്കാൻപിടിച്ചത്. ഡി.ഐ.ജി.മാരായ കാളകാട് മഹേഷ്‌കുമാർ (ബെംഗളൂരു), കെ.ബി. വന്ദന, അഷീഷ് ചൗധരി (ഡൽഹി) എന്നിവരും മറ്റ് അഞ്ച് എസ്‌പി.മാരും ഇതിനായി കേരളത്തിലെത്തി. എൻ.ഐ.എ.യുടെ ചില ഉദ്യോഗസ്ഥർ ഞായറാഴ്ച തന്നെ വിവിധ കേന്ദ്രങ്ങളിലെത്തി ഹോട്ടലിൽ തങ്ങി. പിടികൂടേണ്ടവരുടെ വീടുകൾ നേരത്തേ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു. ഒരുമണിക്കൂർകൊണ്ട് വീടുകളിൽ എത്താവുന്ന ദൂരത്തിലാണ് ഉദ്യോഗസ്ഥർ താമസിച്ചത്. പുലർച്ചെ രണ്ടരയോടെ ഇവർ ഹോട്ടലിൽനിന്നിറങ്ങി നേരെ വീടുകളിലേക്ക് പുറപ്പെട്ടു. സെർച്ച് വാറണ്ട് കാണിച്ച് ലക്ഷ്യമിട്ടവരെ പിടികൂടി കൊണ്ടുപോയി. ചെറുത്തുനിൽപ്പോ പ്രതിഷേധങ്ങളോ ഉണ്ടായില്ല.
ഓപ്പറേഷൻ തീവ്രവാദവിരുദ്ധ നിയമപ്രകാരം
മലബാർ മേഖലയിലെ പ്രതികളുമായി പുലർച്ചെ അഞ്ചരയോടെ ഓരോ സംഘവും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിത്തുടങ്ങിയിരുന്നു. ഒമ്പതുമണിയോടെ പ്രതികളുമായി വിമാനം മടങ്ങി. ഒരു പ്രതിക്ക് ഒരു ഉദ്യോഗസ്ഥൻ വീതമായിരുന്നു വിമാനത്തിൽ. തീവ്രവാദവിരുദ്ധ നിയമപ്രകാരം കൊച്ചി, ഡൽഹി, ഹൈദരാബാദ് എന്നിവിടങ്ങളിൽ രജിസ്റ്റർചെയ്തിരുന്ന കേസുകളിൽ ആകെ 33 പേരെയാണ് കേരളത്തിൽനിന്ന് പിടികൂടിയത്.
ഇതിൽ 13 പേർ ഡൽഹിയിൽ രജിസ്റ്റർചെയ്ത കേസിലും 12 പേർ കൊച്ചിയിലെ കേസിലും എട്ടുപേർ ഹൈദരാബാദിലെ കേസിലുമാണ് പിടിയിലായത്. മലപ്പുറത്തുമാത്രം പത്തുസംഘങ്ങൾ റെയ്ഡിനുണ്ടായിരുന്നു. രാജ്യത്ത് അട്ടിമറിനടത്താൻ വിദേശത്തുനിന്ന് പണം കടത്തി, സാമുദായിക സൗഹാർദം തകർക്കാൻ ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് പ്രതികളുടെപേരിൽ ചുമത്തിയിരിക്കുന്നത്.
പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒ.എം.എ. സലാമിനെ മഞ്ചേരി കിഴക്കേത്തലയിലെ വീട്ടിൽനിന്നും ജനറൽ സെക്രട്ടറി നസിറുദ്ദീൻ എളമരത്തെ കൊണ്ടോട്ടിക്കടുത്ത് വാഴക്കാട്ടെ വീട്ടിൽനിന്നുമാണ് വ്യാഴാഴ്ച പുലർച്ചെ പിടികൂടിയത്. സംസ്ഥാന പ്രസിഡന്റ് സി.പി. മുഹമ്മദ് ബഷീറിനെ തിരുനാവായയിലെ വീട്ടിൽനിന്ന് അറസ്റ്റുചെയ്തു. മുഹമ്മദലി എന്ന കുഞ്ഞാപ്പുവിനെ വളാഞ്ചേരിയിലെ വീട്ടിൽനിന്ന് പിടികൂടി. മുഹമ്മദലി നേരത്തേ ചുമതലകൾ ഒഴിഞ്ഞിരുന്നെന്ന് പാർട്ടി നേതാക്കൾ പറയുന്നു.
ഹംസ എന്ന പ്രവർത്തകനെ തിരൂരിൽനിന്ന് പിടികൂടിയെങ്കിലും വിട്ടയച്ചതായി പാർട്ടി കേന്ദ്രങ്ങൾ അറിയിച്ചു. പുത്തനത്താണിക്കടുത്ത് പൂവഞ്ചിനയിൽ പാർട്ടി ഓഫീസിൽ പരിശോധനനടത്തി. റെയ്ഡിലും അറസ്റ്റിലും പ്രതിഷേധിച്ച് ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ പ്രവർത്തകർ റോഡ് തടഞ്ഞു. പ്രകടനവും നടത്തി.
എല്ലാ തെളിവും കിട്ടിയെന്ന് എൻഐഎ
തീവ്രവാദ പരീശീലനവും ഫണ്ടിങ്ങുമടക്കം വിഷയങ്ങളിൽ എല്ലാ തെളിവുകളും ശേഖരിച്ച ശേഷമാണ് എൻഐഎ ഓപ്പറേഷൻ തുടങ്ങിയത്. ഇഡി ആണ് പിഎഫ്ഐയുടെ നേതാക്കളുടെ സാമ്പത്തിക ഇടപാടുകൾ മാസങ്ങളായി നിരീക്ഷിച്ചു വന്നത്. വലിയ തോതിൽ കള്ളപ്പണ ഇടപാട് നടന്നെന്നും ഇഡി കണ്ടെത്തിയിരുന്നു.
2006ൽ കേരളത്തിൽ രൂപീകരിച്ച പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ആസ്ഥാനം ഡൽഹിയിലാണ്. ലഖ്നൗവിലെ പ്രത്യേക കോടതിയിൽ പിഎഫ്ഐയ്ക്കും അതിന്റെ ഭാരവാഹികൾക്കുമെതിരെ അന്വേഷണ ഏജൻസി രണ്ട് കുറ്റപത്രങ്ങൾ സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ, പിഎഫ്ഐക്കും അതിന്റെ വിദ്യാർത്ഥി സംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും (സിഎഫ്ഐ) എതിരെ കള്ളപ്പണം വെളുപ്പിക്കൽ കുറ്റങ്ങൾ ചുമത്തി ഇഡി ആദ്യ കുറ്റപത്രം സമർപ്പിച്ചു, ഹത്രാസിൽ വർഗീയ കലാപങ്ങൾ ഇളക്കിവിടാനും ഭീകരത പടർത്താനും പിഎഫ്ഐ നടത്തിയ നീക്കങ്ങളുടെ തെളിവുകളെല്ലാം അന്വേഷണം ഏജൻസികൾ സ്വീകരിച്ചിരുന്നു.
മലപ്പുറത്ത് പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടിലും ദേശീയ സെക്രട്ടറി നസറുദീൻ എളമരത്തിന്റെ വീട്ടിലുമാണ് റെയ്ഡ് നടത്തിയത്. തുടർന്നാണ് ഇവരെ എൻഐഎ കസ്റ്റഡിയിലെടുത്തത്. പോപ്പുലർ ഫ്രണ്ടിന്റെ പല നേതാക്കളുടേയും സാമ്പത്തിക ഇടപാടുകൾ മാസങ്ങളായി എൻഐഎ നിരീക്ഷണത്തിലായിരുന്നു. എല്ലാ തെളിവുകളും ലഭിച്ച ശേഷമാണ് അർധരാത്രിയോടെ രാജ്യമെമ്പാടും വ്യാപക റെയ്ഡ് ആംരഭിച്ചത്.
പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചേക്കും
തീവ്രവാദപ്രവർത്തനം നടത്തുന്നെന്ന് വ്യക്തമായതോടെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെ ഉടൻ രാജ്യത്ത് നിരോധിച്ചേക്കുമെന്ന് റിപ്പോർട്ട്. രാജ്യത്തുടനീളം എൻഐഎ നടത്തിയ റെയ്ഡിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉന്നതതല യോഗം വിളിച്ചു ചേർത്തു. ദേശീയ സുരക്ഷ ഉപദേഷ്ടാവ് അടക്കം രാജ്യത്തെ സുരക്ഷ ചുമതലയുള്ള എല്ലാ ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.
11 സംസ്ഥാനങ്ങളിൽ എൻഐഎ നടത്തിയ റെയ്ഡിഡിൽ പോപ്പുലർ ഫ്രണ്ട് നടത്തുന്ന തീവ്രവാദ പരിശീലനത്തിന്റേയും തീവ്രവാദ ഫണ്ടിന്റേയും രേഖകൾ അടക്കം ലഭിച്ചിട്ടുണ്ടെന്ന് എൻഐഎ പറയുന്നു. റെയ്ഡിൽ ഏറ്റവും അധികം അറസ്റ്റ് നടന്നത് കേരളത്തിൽ നിന്നാണ്. കേരളത്തിൽ നിന്ന് 22 പോപ്പുലർ ഫ്രണ്ട് നേതാക്കളെ എൻഐഎ കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തൊട്ടുപിന്നിൽ മഹാരാഷ്ട്രയാണ്. പല സംസ്ഥാനങ്ങളിൽ നിന്നും പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് ആവശ്യമുയർന്നിരുന്നു.
ഇഡിയും എൻഐഎയും ഒരുമിച്ച് നീങ്ങും
തീവ്രവാദ പ്രവർത്തനങ്ങൾക്ക് വിദേശ ഫണ്ട് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ഉപയോഗിക്കുന്നതിനെക്കുറിച്ച് ദേശീയ അന്വേഷണ ഏജൻസി അന്വേഷിക്കുമ്പോൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധിക്കുന്നത് കള്ളപ്പണം വെളുപ്പിക്കലുമായി സംഘടനയ്ക്കുള്ള ബന്ധം. പി.എഫ്.ഐ. നേതാക്കൾക്കെതിരേ രണ്ടു കുറ്റപത്രങ്ങൾ ഇ.ഡി. സമർപ്പിച്ചിട്ടുണ്ട്. മൂന്നാറിലെ വില്ല പ്രോജക്ടുമായി ബന്ധപ്പെട്ട് പി.എഫ്.ഐ. നേതാക്കളായ അബ്ദുൾ റസാഖ് പീടിയയ്ക്കൽ, അഷറഫ് ഖാദിർ എന്നിവർക്കെതിരേയുള്ളതാണ് ഒന്ന്. മാധ്യമ പ്രവർത്തകനായ സിദ്ദിഖ് കാപ്പൻ ഉൾപ്പെട്ട കേസാണ് മറ്റൊന്ന്.
കഴിഞ്ഞവർഷം ഫെബ്രുവരിയിൽ ഹാഥ്രസ് സംഭവത്തിനുപിന്നാലെ വർഗീയകലാപം ഉണ്ടാക്കാൻ ലക്ഷ്യമിട്ടെന്നാരോപിച്ച് പി.എഫ്.ഐ.യുടെ വിദ്യാർത്ഥിസംഘടനയായ കാമ്പസ് ഫ്രണ്ട് ഓഫ് ഇന്ത്യ (സി.എഫ്.ഐ.) ഭാരവാഹികളുടെ പേരിലും സിദ്ദിഖ് കാപ്പന്റെപേരിലും കേസെടുത്തിരുന്നു. പ്രതി ചേർക്കപ്പെട്ട കെ.എ. റൗഫ് ഷെരീഫ്, ആതികുർ റഹ്‌മാൻ, മസൂദ് അഹമ്മദ്, മുഹമ്മദ് ആലം, സിദ്ദിഖ് കാപ്പൻ എന്നിവർക്കെതിരേ കള്ളപ്പണം വെളുപ്പിക്കൽ കുറ്റവും പിന്നീട് ഉൾപ്പെടുത്തി.
അബ്ദുൾ റസാഖ് പീടിയയ്ക്കലും അഫറഫ് ഖാദിറും മറ്റു പി.എഫ്.ഐ. നേതാക്കളുമായും വിദേശ സ്ഥാപനങ്ങളിലുള്ളവരുമായും ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കുക എന്ന ലക്ഷ്യത്തോടെ മൂന്നാർ വില്ല വിസ്ത പ്രോജക്ട് വികസിപ്പിച്ചു എന്നതാണ് കുറ്റം. പോപ്പുലർ ഫ്രണ്ടിന്റെ മലപ്പുറം പെരുമ്പടപ്പിലെ ഡിവിഷൻ പ്രസിഡന്റു കൂടിയായിരുന്ന അബ്ദുൾ റസാഖ് പീടിയയ്ക്കലിന് സംഘടനയുമായി ദീർഘകാല ബന്ധമുണ്ടെന്നും ഗൾഫ് രാജ്യങ്ങളിലെ ഇത്തരത്തിൽ സാമ്പത്തിക സഹായം ചെയ്യുന്ന സംഘടനകളെ പ്രതിനിധീകരിക്കുന്ന പ്രധാനവ്യക്തിയാണെന്നും ഏജൻസി ആരോപിക്കുന്നു.
മറുനാടന് മലയാളി ബ്യൂറോ