- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ത്യൻ നഗരങ്ങളിൽ ഭീകരാക്രമണം നടത്താൻ സ്ലീപ്പർ സെല്ലുകൾക്ക് സഹായത്തിനായി ഡി കമ്പനിയുടെ പ്രത്യേക യൂണിറ്റ്; ഫെബ്രുവരിയിൽ കേസെടുത്തതിന് പിന്നാലെ വ്യാപക റെയ്ഡ്; ഒടുവിൽ ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് എൻഐഎ; വിവരം നൽകുന്നവർക്ക് 25 ലക്ഷം പാരിതോഷികം
ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് വിലയിട്ട് ദേശീയ അന്വേഷണ ഏജൻസി. ദാവൂദിനെയും കൂട്ടാളികളെയും വലയിലാക്കാൻ സഹായിക്കുന്നവർക്ക് 25 ലക്ഷം രൂപയും മറ്റുപാരിതോഷികങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പാക് ഏജൻസികളുമായി ചേർന്ന് ഇന്ത്യയിൽ തീവ്രവാദി ആക്രമണങ്ങൾ നടത്തുക, ആയുധങ്ങളും, സ്‌ഫോടക വസ്തുക്കളും കടത്തുക, വ്യാജ ഇന്ത്യൻ കറൻസി ഒഴുക്കുക തുടങ്ങിയ കുറ്റകൃത്യങ്ങളിലാണ് ദാവൂദിന്റെ ഡി കമ്പനി ഉൾപ്പെട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് 25 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരിക്കുന്നത്.
ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിം അഥവാ ഹാജി അനീസ്, അടുത്ത കൂട്ടാളികളായ ജാവേദ് പട്ടേൽ അഥവ് ജാവേദ് ചിക്‌ന, ഷക്കീൽ ഷെയ്ക് അഥവാ ഛോട്ടാ ഷക്കീൽ, ഇബ്രാഹിം മുഷ്താഖ് റസാഖ് മേമൻ അഥവാ ടൈഗർ മേമൻ എന്നിവരെ കുറിച്ച് വിവരങ്ങൾ നൽകുന്നവർക്കും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ദാവൂദിന് 25 ലക്ഷമെങ്കിൽ, ഷോട്ടാ ഷക്കീലിന് 20 ലക്ഷവും, അനീസ്, ചിക്‌ന, മേമൻ എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് 15 ലക്ഷം വീതവുമാണ് പാരിതോഷികം.
പാക് ചാര ഏജൻസിയായ ഐഎസ്‌ഐയുടെയും, തീവ്രവാദ ശൃംഖലകളുടെയും സഹായത്തോടെ, ദാവൂദിന്റെ ഡി കമ്പനി ഇന്ത്യയിൽ പ്രത്യേക യൂണിറ്റ് തുറന്നതായി കണ്ടെത്തിയിരുന്നു. ഈ വർഷം ഫെബ്രുവരിയിൽ, ഇതിന് എതിരെ എൻഐഎ പുതിയ കേസെടുക്കുകയും ചെയ്തു. പ്രമുഖ രാഷ്ട്രീയ നേതാക്കൾ, വ്യവസായികൾ എന്നിവരെ ലക്ഷ്യമിടാനും, ലഷ്‌കറി തോയിബ, ജെയ്‌ഷെ മുഹമ്മദ്, അൽഖ്വായിദ, എന്നീ തീവ്രവാദ ശൃംഖലകൾക്ക് ഇന്ത്യൻ നഗരങ്ങളിൽ ആക്രമണം നടത്താൻ സ്ലീപ്പർ സെല്ലുകൾക്ക് പിന്തുണ നൽകാനുമാണ് ഡി കമ്പനി പ്രത്യേക യൂണിറ്റ് സ്ഥാപിച്ചതെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്.
അന്വേഷണത്തിന്റെ ഭാഗമായി, ഈ വർഷം മെയിൽ, 29 കേന്ദ്രങ്ങളിൽ എൻഐഎ റെയ്ഡ് നടത്തിയിരുന്നു. ഹാജി അലി ദർഗയുടെ ട്രസ്റ്റി സുഹൈൽ ഖണ്ഡവാനി, 1993 ലെ മുംബൈ സ്‌ഫോടന പരമ്പരയിൽ ഉൾപ്പെട്ട പ്രതി സമീർ ഹിങ്കോര, ഛോട്ടാ ഷക്കീലിന്റെ അനന്തരവൻ സലീം ഖുറൈഷി അഥവാ സലീം ഫ്രൂട്ട്, ദാവൂദിന്റെ സഹോദരൻ ഇഖ്ബാൽ കസ്‌കറിന്റെ ബന്ധു, ഭീവണ്ഡിയിലെ താമസക്കാരൻ ഖയും ഷെയ്ഖ് എന്നിവരുടെ സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്.
എൻഐഎയുടെ കേസിന്റെ അടിസ്ഥാനത്തിൽ ഇഡി മഹാരാഷ്ട്ര ന്യൂനപക്ഷ വികസന മന്ത്രിയായിരുന്ന നവാബ് മാലിക്കിന് എതിരെ കള്ളപ്പണ വെളുപ്പിക്കൽ അന്വേഷണം തുടങ്ങിയിരുന്നു. കുർലയിലെ ഒരു താമസക്കാരന്റെ പക്കൽ നിന്ന് 300 കോടിയുടെ ഭൂമി ദാവൂദിന്റെ പരേതയായ സഹോദരി ഹസീന പാർക്കറിന്റെ സഹായത്തോടെ പിടിച്ചെടുത്തതിനാണ് കേസ്.
2015 ൽ ഇന്ത്യൻ ഇന്റലിജൻസ് ഏജൻസികൾ നടത്തിയ അന്വേഷണ പ്രകാരം, ദാവൂദിന് പാക്കിസ്ഥാനിൽ 9 മേൽവിലാസങ്ങളുണ്ട്. കറാച്ചിയിലെ ക്ലിഫ്റ്റണിലൂള്ള വൈറ്റ് ഹൗസ്, അടക്കം 9 വിലാസങ്ങൾ. മൂന്നു പാസ്‌പോർട്ടുകൾ. റാവൽപിണ്ടിയിൽ ഒന്നും, കറാച്ചിയിൽ രണ്ടും. വർഷങ്ങളായി പല പേരുകളിലൈണ് കഴിയുന്നത്. ഷെയ്ക് ദാവൂദ് ഹസൻ, അബ്ദുൾ ഹമാദ് അബ്ദുൾ അസീസ്, അസീസ് ദിലീപ്, ദൗദ് ഹസൻ ഷെയ്ക് ഇബ്രാഹിം കസ്‌കാർ, ദാവൂദ് സബ്രി, ഷെയ്ക് ഇസ്മയിൽ അബ്ദുൾ, ഹിസ്രത്ത് എന്നിങ്ങനെ പല പേരുകളിൽ.
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ
ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനലും അധോലോക സംഘത്തിന്റെ നേതാവുമായ ദാവൂദ് ഇബ്രാഹിമുമായി ബന്ധപ്പെട്ടവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എൻഫോഴ്സ്മെന്റ് (ഇ.ഡി) ഫെബ്രുവരിയിൽ റെയ്ഡ് നടത്തിയിരുന്നു. ദാവൂദിന്റെ സഹോദരി പരേതയായ ഹസീന പാർക്കറുടെ വീടടക്കം 10 ഇടങ്ങളിലാണ് എഴുപതോളം ഇ.ഡി ഉദ്യോഗസ്ഥർ തിരച്ചിൽ നടത്തിയത്.
ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് അന്വേഷണം. ഭീകരവാദ പ്രവർത്തനം, ഹവാല ഇടപാട് തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് ദാവൂദ് ഇബ്രാഹിമിനും മറ്റ് 'ഡി കമ്പനി' അംഗങ്ങൾക്കുമെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ ) യു.എ.പി.എ ചുമത്തി കേസെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് കള്ളപ്പണം വെളുപ്പിക്കുന്നത് തടയുന്ന നിയമപ്രകാരം ഇ.ഡിയും കേസെടുത്തത്.
കറാച്ചിയിൽ ഒഴിവിൽ കഴിയുന്ന ദാവൂദ് ഇബ്രാഹാമിന് ഇപ്പോഴും മഹാരാഷ്ട്ര നേതാക്കളുമായി ഹോട്ട്ലൈൻ ബന്ധമുണ്ടെന്ന ആരോപണവും ശക്തമാണ്. ഇതിനിടെയാണ് ഇഡി പരിശോധയും. മൂന്ന് പതിറ്റാണ്ടിനിടെ ഇതാദ്യമായി ദാവൂദ് ഇബ്രാഹിം കറാച്ചിയിലുണ്ടെന്ന് പാക്കിസ്ഥാൻ അടുത്തിടെ സമ്മതിച്ചിരുന്നു. ഐക്യ രാഷ്ട്രസഭയുടെ പ്രമേയപ്രകാരം 88 തീവ്രവാദികൾക്ക് ഉപരോധം ഏർപ്പെടുത്താൻ പാക്കിസ്ഥാൻ സർക്കാർ കഴിഞ്ഞ വർഷം ഓഗസ്റ്റ് 18 ന് പുറപ്പെടുവിച്ച ഉത്തരവിലാണ് ദാവൂദ് ഇബ്രാഹിമിന്റെ പേരും ഉൾപ്പെടുത്തിയിരിക്കുന്നത്.
1993 ലെ മുംബൈ ബോംബാക്രമണത്തിനു പിന്നാലെയാണ് ദാവൂദ് ഇബ്രാഹിം ഇന്ത്യ തേടുന്ന കൊടുംകുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെട്ടത്. ദാവൂദ് ഇബ്രാഹിം രാജ്യത്തുണ്ടെന്ന് ഇന്റർപോൾ ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികൾ കണ്ടെത്തിയിട്ടും അഭയം നൽകിയിട്ടില്ലെന്ന നിലപാടാണ് പാക്കിസ്ഥാൻ സ്വീകരിച്ചിരുന്നത്.
ദാവൂദ് ഇബ്രാഹിമിന്റെ കഥ
ഇന്ത്യയുടെ വ്യവസായ ഇടനാഴിയായി വളർന്നുകൊണ്ടിരുന്ന ബോംബെയിൽ എന്തിനും മടിക്കാത്ത എല്ലാത്തിനെയും നിയന്ത്രിച്ച ക്രിമിനലായിരുന്നു ദാവൂദ് ഇബ്രാഹിം. ഒരിക്കൽ ഹാജി മസ്താൻ നിയന്ത്രിച്ച അധോലോകത്തെ പതിയെ കയ്യിലെടുക്കുകായിരുന്നു ദാവൂദ് ഇബ്രാഹിം. 1955 ഡിസംബർ 26ന് മഹാരാഷ്ട്രയിലെ രത്‌നഗിരിയിലായിരുന്നു ദാവൂദിന്റെ ജനനം. ഒരു സാധാരണ കൊങ്കണി മുസ്ലിം കുടുംബമായിരുന്നു ദാവൂദിന്റേത്. പതിമൂന്നു കുട്ടികളുണ്ടായിരുന്ന ആ കുടുംബം, സെൻട്രൽ ബോംബെയിൽ ദരിദ്രർ തിങ്ങിപ്പാർക്കുന്ന ദോംഗ്രിയിലെ തെംകാർ മൊഹല്ലയിൽ പരിമിതികളോടു പോരാടി ജീവിച്ചു. അഹമ്മദ് സെയിലർ ഹൈസ്‌കൂളിൽ പഠിച്ചിരുന്ന ദാവൂദ്, അധികകാലം വിദ്യാഭ്യാസം തുടർന്നില്ല. സ്‌കൂൾ പഠനം പാതിവഴിയിൽ നിർത്തിയ ശേഷം സുഹൃത്തുക്കൾക്കൊപ്പം ചെറിയ അടിപിടികളും മോഷണങ്ങളുമൊക്കെയായിരുന്നു ദാവൂദിന്റെ തൊഴിൽ.
ദോംഗ്രിയിൽ നിന്നു തന്നെയുള്ള സമപ്രായക്കാരുടെ ഒരു സംഘം തന്നെയുണ്ടായിരുന്നു ദാവൂദിനൊപ്പം. ദോംഗ്രിയിലെ ചെറുകിട ഡോണായിരുന്ന ബാഷു ദാദയുടെ സംഘത്തിൽ കുറച്ചുകാലം ദാവൂദ് ഉണ്ടായിരുന്നു. അധികം വൈകാതെ സഹോദരൻ സാബിർ ഇബ്രാഹിമിനൊപ്പം ചേർന്ന് സ്വന്തമായി ഒരു ഗ്യാങ് തന്നെ ദാവൂദ് തുടങ്ങി. ദോംഗ്രി ബോയ്‌സ് എന്നായിരുന്നു അന്ന് ആ സംഘത്തിന്റെ പേര്. കൂലിത്തല്ലും ചാരായക്കടത്തുമൊക്കെയായിരുന്നു ആദ്യ കാലത്തെങ്കിൽ, പിന്നീട് പതിയെ വൻകിട കൂട്ടുകെട്ടുകളിലേക്ക് ദാവൂദ് എത്തിപ്പെട്ടു.
ഹാജി മസ്താന്റെ സംഘത്തിലെ ചിലരുമായുണ്ടായിരുന്ന വാക്കു തർക്കമായിരുന്നു അതിലേക്കുള്ള ആദ്യ പടി എന്ന് പറയാം. അന്നത്തെ ബോംബെയുടെ കിരീടം വയ്ക്കാത്ത രാജാവായിരുന്ന ഹാജി മസ്താന്റെ ആളുകളുമായുള്ള സംഘർഷമാണ് ദാവൂദിനെ ആദ്യത്തെ കുറ്റകൃത്യമായ ബാങ്ക് കൊള്ളയിൽവരെ എത്തിച്ചത്. പിന്നീട്, മസ്താനുമായി നേരിട്ടു പരിചയപ്പെട്ട ദാവൂദ്, അയാളുടെ സംഘത്തിലെ അംഗവുമായി മാറി.
1977ലാണ് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ ബോംബെയെ സമാധാനപൂർണമാക്കാനുള്ള ചില നീക്കങ്ങൾ ആരംഭിക്കുന്നത്. ഇതിന്റെ ഭാഗമായി അന്നത്തെ പ്രമുഖ അധോലോക നേതാക്കളിൽ ചിലർ കുറ്റകൃത്യങ്ങളെല്ലാം അവസാനിപ്പിച്ച് സർക്കാരിനോട് സഹകരിക്കാൻ തീരുമാനിച്ചിരുന്നു. ഹാജി മസ്താനും അക്കൂട്ടത്തിലുണ്ടായിരുന്നു. നിയമവിരുദ്ധ ബിസിനസുകൾ പാടെ നിർത്തിയില്ലെങ്കിലും, പൊതുജനമധ്യത്തിൽ പ്രതിച്ഛായ നന്നാക്കലായിരുന്നു ലക്ഷ്യം. ഈ കാലഘട്ടത്തിലാണ് അധോലോക നേതാവ് എന്ന പദവിയിലേക്കുള്ള ദാവൂദ് ഇബ്രാഹിമിന്റെ വളർച്ച.
ഹാജി മസ്താൻ ക്ലീൻ ഇമേജിലേക്ക് കടന്നതോടെ, ദാവൂദ് സംഘത്തിലെ പ്രധാനിയായി മാറി. ഇതിനിടെ കരിം ലാലയുടെ പിൻഗാമിയായ സമദിന്റെ നേതൃത്വത്തിലുള്ള പത്താൻ ഗാംഗുമായി ചില ഉരസലുകളും ദാവൂദിനുണ്ടായി. അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരായിരുന്നു പത്താൻ സംഘത്തിലെ പ്രമുഖരെല്ലാം. ഇവരെക്കുറിച്ചുള്ള സുപ്രധാന വിവരങ്ങൾ പലതും ദാവൂദ് പൊലീസിന് ചോർത്തിക്കൊടുത്തു. പത്താൻ സംഘത്തിന് വലിയ നഷ്ടങ്ങളുണ്ടായി. ഇരുസംഘങ്ങളും തമ്മിലുള്ള മത്സരം ബോംബെയെ വീണ്ടും ചോരക്കളമാക്കി മാറ്റി.
വാശിയും പോരും രൂക്ഷമായപ്പോൾ കരിംലാലയും ഹാജി മസ്താനുമടക്കമുള്ളവർ നേരിട്ട് സമാധാന ചർച്ചകൾക്കായി ഇടപെട്ടു. എന്നിട്ടും കാര്യമുണ്ടായില്ല. 1981ൽ പത്താനി ഗാംഗിലെയാളുകൾ ചേർന്ന് ദാവൂദിന്റെ സഹോദരൻ സാബിറിനെ വെടിവെച്ചുകൊന്നു. കൊലപാതകശ്രമത്തിൽ നിന്നും ദാവൂദ് തലനാരിഴയ്ക്കാണ് അന്ന് രക്ഷപ്പെട്ടത്. അന്നേവരെ നഗരത്തിൽ ഉണ്ടായിട്ടില്ലാത്തത്ര ക്രൂരമായ നരനായാട്ടാണ് പിന്നീടുള്ള ദിവസങ്ങളിൽ അരങ്ങേറിയത്. സഹോദരന്റെ കൊലപാതകത്തിന് പകരം ചോദിക്കുക എന്നതു മാത്രമായിരുന്നു പിന്നീട് ദാവൂദിന്റെ ലക്ഷ്യം. പത്താൻ സംഘത്തിലെ ഓരോരുത്തരെയായി ദാവൂദ് കൊലപ്പെടുത്തിക്കൊണ്ടിരുന്നു.
ഒടുവിൽ, സമദിനെയും വകവരുത്തി. ഇതോടെ ബോംബെയിൽ ദാവൂദിന് എതിരില്ലാതെയായി. ബോംബെ അധോലോകമെന്നാൽ ദാവൂദ് എന്ന നിലയിലേക്ക് കാര്യങ്ങളെത്തി. കോടികളുടെ ബിസിനസ് സാമ്രാജ്യം ദാവൂദിന്റേതായി സ്ഥാപിക്കപ്പെട്ടു. കരിം ലാല ഹാജി മസ്താൻ വരദരാജ മുതലിയാർ ത്രയങ്ങളുടെ കാലത്ത് ബോംബെയിൽ മാത്രം ഒതുങ്ങി നിന്നിരുന്ന സാമ്രാജ്യത്തിന് അന്താരാഷ്ട്ര ബന്ധങ്ങളുണ്ടാക്കിയത് ദാവൂദാണ്. ദോംഗ്രി ബോയ്‌സിൽ ആരംഭിച്ച ദാവൂദിന്റെ സംഘം ഡി കമ്പനി എന്ന പേരിൽ അറിയപ്പെട്ടു തുടങ്ങി. ദാവൂദിന്റെ മുഴുവൻ പേരുച്ചരിക്കാൻ ഭയപ്പെട്ട ബോംബെ അധോലോകം, അയാളെ ഡി എന്നു വിളിച്ചു.
എന്നാൽ, സമദിന്റെ കൊലപാതകത്തിനു ശേഷം അധികനാൾ ദാവൂദിന് ഇന്ത്യയിൽ നിൽക്കാനായില്ല. പൊലീസിന് പിടികൊടുക്കാതിരിക്കാൻ 1986ൽ ദാവൂദ് ദുബായിലേക്ക് കടന്നു. പിന്നീടങ്ങോട്ട് ദുബായിൽ നിന്നും ദാവൂദ് ബോംബെയെ നിയന്ത്രിക്കുകയായിരുന്നു. മലയാളിയായ അധോലോക നേതാവ് ബഡാ രാജന്റെ സംഘാംഗമായിരുന്ന ചോട്ടാ രാജൻ ദാവൂദിനൊപ്പം ചേർന്ന് ഡി കമ്പനിയുടെ ഇന്ത്യയിലെ പ്രവർത്തനങ്ങൾക്ക് നേരിട്ടു നേതൃത്വം നൽകി. സ്വർണ്ണക്കടത്ത്, വജ്രക്കടത്ത്, റിയൽ എസ്റ്റേറ്റ്, മയക്കുമരുന്ന് കടത്ത് എന്നിങ്ങനെ അപടകടകരമായ പല ബിസിനസുകളും ഡി കമ്പനി ഇന്ത്യയിൽ നടത്തി. ഇതിനു പുറമേ, കെട്ടിടങ്ങൾ ഒഴിപ്പിക്കൽ, ബിസിനസ് തർക്കങ്ങളിൽ ഇടനിലക്കാരനായി ഇടപെട്ട് പരിഹാരം കാണൽ എന്നിങ്ങനെ നയതന്ത്രപരമായ പല കാര്യങ്ങളും ദാവൂദ് ഫീസു വാങ്ങി ചെയ്തിരുന്നു.
അതേസമയം, ഡി കമ്പനിയെ അന്താരാഷ്ട്ര തലത്തിൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങളും ദാവൂദ് നടത്തുന്നുണ്ടായിരുന്നു. ദുബായിലെ രാജകുടുംബാംഗങ്ങൾ, ഷെയ്ഖുകൾ എന്നിവരുടെ സഹായത്തോടെ പല ബിസിനസ്സുകളും ചെയ്തിരുന്നു ദാവൂദ്. ഗുജറാത്തിലെ പോർട്ടുകളിൽ കപ്പൽ പൊളിക്കുന്നതിന്റെ കരാറും അക്കാലത്ത് ദാവൂദ് പിടിച്ചെടുത്തു. കള്ളനോട്ടുവ്യാപാരത്തിന്റെ ഒരു സമാന്തരസാമ്രാജ്യം തന്നെ സൃഷ്ടിച്ചെടുത്തു.
ആഡംബര ജീവിതവും പ്രശസ്തരുടെ സൗഹൃദവും ദാവൂദിന്റെ ബലഹീനതകളായിരുന്നു. ബോളിവുഡും ക്രിക്കറ്റുമെല്ലാം അയാൾക്ക് വലിയ താൽപര്യമുള്ള മേഖലകളും. ബോളിവുഡിലെ പല പ്രമുഖരുമായും ഇടപെടാനും ബന്ധം സൂക്ഷിക്കാനും ദാവൂദ് പലപ്പോഴും മുൻകൈ എടുത്തിരുന്നു. പല ബോളിവുഡ് സിനിമകൾക്കും ബിനാമികൾ വഴി ദാവൂദ് പണമിറക്കിയിട്ടുള്ളതായും കഥകളുണ്ട്. ദാവൂദ് നടത്തിയിരുന്ന ആഡംബര വിരുന്നുകളിൽ ബോളിവുഡ് താരങ്ങളടക്കം പങ്കെടുത്തിരുന്നു. 1980കളിൽ ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ ഡ്രെസ്സിങ് റൂമിൽപ്പോലും കയറിച്ചെല്ലാൻ കഴിയുന്നത്ര സ്വാതന്ത്ര്യം ദാവൂദിനുണ്ടായിരുന്നതായി ദിലീപ് വെങ്‌സാർക്കറും കപിൽദേവും അടക്കമുള്ളവർ നേരത്തേ വെളിപ്പെടുത്തിയിട്ടുള്ളതാണ്.
ദാവൂദ് പാക്കിസ്ഥാനിലേക്ക് മാറുന്നതായുള്ള വാർത്തകൾ പുറത്തുവന്നതിനു തൊട്ടുപിന്നാലെയായിരുന്നു 1993ലെ ബോംബെ കലാപം നടക്കുന്നത്. ബാബറി മസ്ജിദ് തകർത്തതിന്റെ തുടർച്ചയായി ഇന്ത്യയിൽ നടന്ന വർഗ്ഗീയ കലാപങ്ങളിൽ ഏറ്റവും രൂക്ഷമായതായിരുന്നു ബോംബെയിൽ നടന്ന സ്‌ഫോടനങ്ങൾ. 12 സ്‌ഫോടനങ്ങളിലായി 257 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ദാവൂദിന്റെ ഡി കമ്പനിയെയാണ് സ്‌ഫോടനങ്ങളുടെ മുഖ്യസൂത്രധാരന്മാരയിരുന്നത്.
2003ൽ, ഇന്ത്യയും അമേരിക്കയും ദാവൂദിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചു. ദാവൂദിന്റെ ഡി കമ്പനി തീവ്രവാദപ്രവർത്തനങ്ങൾക്ക് പണമിറക്കിത്തുടങ്ങിയതോടെ, ചോട്ടാ രാജൻ അടക്കമുള്ള പ്രമുഖർ കമ്പനി വിട്ട് മറ്റൊരു സംഘം രൂപീകരിച്ചതായും കഥകളുണ്ട്. ചോട്ടാ രാജൻ പിന്നീട് ദാവൂദിനെക്കുറിച്ചുള്ള വിലപ്പെട്ട പല വിവരങ്ങളും രഹസ്യാന്വേഷണസംഘത്തോട് വെളിപ്പെടുത്തിയിരുന്നു.
മറുനാടന് ഡെസ്ക്