- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
സവാദ് എങ്ങനെ കണ്ണൂരിലെത്തി? കഴിഞ്ഞത് മരപ്പണിക്കാരനായി
കണ്ണൂർ: തൊടുപുഴയിലെ അദ്ധ്യാപകന്റെ കൈവെട്ടിയ കേസിലെ പ്രതികളെ പിടികൂടാൻ വേണ്ടി ആദ്യകാലത്ത് അന്വേഷണ ഉദ്യോഗസ്ഥർ ഏറെ പണിപ്പെടേണ്ടി വന്നിരുന്നു. ഇതിന് കാരണം, പോപ്പുലർ ഫ്രണ്ടിന് കേരളത്തിലും കർണാടകത്തിലുമായി ശക്തികേന്ദ്രങ്ങൾ ഉണ്ടായിരുന്നു എന്നതാണ്. ഉന്നത നിർദേശ പ്രകാരം പ്രൊഫ. ടി ജെ ജോസഫിന്റെ കൈവെട്ടിയത് സവാദായിരുന്നു. കൈവെട്ടു കേസിന് ശേഷം ഇയാൾ വിവിധ ഇടങ്ങളിൽ ഒളിവിൽ പോയെന്നായിരുന്നു റിപ്പോർട്ടുകൾ. ബംഗളുരുവിൽ വരെ പ്രതി എത്തിയതിന് തെളിവുകൾ ഉണ്ടായിരുന്നു. പിന്നീട് എൻഐഎ നടത്തിയ അന്വേഷണത്തിൽ പ്രതി വിദേശത്തേക്ക് രക്ഷപെട്ടതായും സൂചനകൾ എത്തി.
ഇയാൾക്ക് വേണ്ടി 13 വർഷത്തെ തിരിച്ചിലിന് ഒടുവിൽ നേപ്പാളിലും അഫ്ഗാനിസ്ഥാനിലും ഖത്തറിലും വരെ എൻഐഎ വലവിരിച്ചു. ഇയാൾക്കൊപ്പം ഒളിവിൽ പോയ ആൾ പിന്നീട് കീഴടങ്ങുകയും ചെയ്തു. ഇതിനെല്ലാം ഒടുവിലാണ ഇപ്പോൾ സവാദ് പിടിയിലായത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ ബേരകത്തു വച്ചാണ് ഇയാൾ പിടയിലായത്. ഇവിടെ വാടക വീട്ടിൽ കഴിയുകയായിരുന്നു സവാദ്. ഇന്നലെ അർധരാത്രി കണ്ണൂർ വീട്ടിലെത്തിയാണ് എൻഐഎ സംഘം ഇയാളെ പിടികൂടിയത്. ഇവിടെ മരപ്പണിയെടുത്ത് കഴിയുകയായിരുന്നു സവാദ് എന്നാണ് മാധ്യമ വാർത്തകൾ. എട്ടു മാസമായി മരപ്പണിയെടുത്താണ് സവാദ് കഴിഞ്ഞിരുന്നത്. ഇയാൾക്ക് പ്രാദേശിക സഹായം ലഭിച്ചിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചനകൾ.
വൈകിട്ടോടെ സവാദിനെ കൊച്ചിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുമെന്നാണ് വിവരം. സവാദിനെ കൊച്ചിയിലെത്തിച്ചുവെന്നാണ് സൂചന. പ്രൊഫസർ ടിജെ ജോസഫിന്റെ കൈവെട്ടി മാറ്റിയത് സവാദായിരുന്നു. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായിരുന്നു. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്ക് എൻഐഎ തുക പ്രഖ്യാപിച്ചിരുന്നു. സവാദ് എങ്ങനെയാണ് കണ്ണൂരിൽ എത്തിയതെന്ന കാര്യത്തിൽ ഉൾപ്പെടെ വ്യക്തത വരേണ്ടതുണ്ട്. നേപ്പാളിലും പാക്കിസ്ഥാനിലും ഖത്തറിലും ഉൾപ്പെടെ അന്വേഷണം നടത്തിയിരുന്നെങ്കിലും സവാദിനെ പിടികൂടാനായിരുന്നില്ല.
നേരത്തെ സവാദ് രക്ഷപ്പെട്ടത് സംബന്ധിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. സംഭവത്തിനുപിന്നാലെ കൃത്യമായ ആസൂത്രണം പ്രതികൾ നടത്തിയിരുന്നെങ്കിലും ചില പ്രതികൾ പിടിയിലായത് വഴിത്തിരിവാകുകയായിരുന്നു. സവാദ് കേസിൽ മറ്റൊരു പ്രതിയായ നാസറിനൊപ്പമാണ് ഒളിവിൽ പോയത്. നാസർ വർഷങ്ങൾക്ക് മുമ്പ് കീഴടങ്ങുകയായിരുന്നു. കേരളത്തിൽനിന്ന് ബെംഗളൂരുവിലേക്കും അവിടെനിന്നും നേപ്പാളിലേക്കും പിന്നീട് ഖത്തറിലേക്കും പോയെന്ന വിവരം ലഭിച്ചിരുന്നെങ്കിലും സവാദിനെ കണ്ടെത്താനായിരുന്നില്ല. പിന്നീട് കേരളത്തിലെത്തി ഒളിവിൽ കഴിഞ്ഞിരിക്കാമെന്നാണ് സൂചന.
പോപ്പുലർ ഫ്രണ്ടിനെ കേന്ദ്രസർക്കാർ പൂട്ടിയതോടെ ഫണ്ടിങ് നിലച്ച് കണ്ണൂരിൽ എത്തിയിരിക്കാം എന്നാണ് എൻഐഎയുടെ കണക്കുകൂട്ടൽ. സവാദിനെ കണ്ടെത്താൻ സഹായിക്കുന്നവർക്കാണ് ദേശീയ അന്വേഷണ ഏജൻസി കഴിഞ്ഞ വർഷം മാർച്ചിൽ 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. ആദ്യം നാലു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചെങ്കിലും സൂചനകളൊന്നും ലഭിക്കാതിരുന്ന സാഹചര്യത്തിലാണ് തുക 10 ലക്ഷമാക്കി ഉയർത്തിയത്. 54 പ്രതികളുള്ള കേസിൽ മറ്റുപ്രതികളുടെ വിചാരണ പൂർത്തിയാക്കി. ഒന്നാംഘട്ടത്തിൽ വിചാരണ നേരിട്ട 18 പ്രതികളെ കോടതി വിട്ടയച്ചിരുന്നു.
സവാദിനെ വിദേശത്തു കണ്ടതായുള്ള രഹസ്യവിവരത്തെ തുടർന്ന് എൻഐഎ അന്വേഷണം ശക്തമാക്കിയിരുന്നു. നയതന്ത്രപാഴ്സൽ സ്വർണക്കടത്തു കേസിൽ കസ്റ്റംസ് അറസ്റ്റ് ചെയ്ത പ്രതികളിൽ ഒരാളും ദുബായിയിൽ സവാദിനെ കണ്ടതായി മൊഴി നൽകിയിരുന്നു. ഇന്ത്യൻ ചാരസംഘടനയായ റോയുടെ ഏജന്റുമാരുള്ള പാക്കിസ്ഥാൻ, ദുബായ് എന്നിവിടങ്ങളിൽ സവാദിനെ കണ്ടെത്താനായി അരിച്ചുപെറുക്കിയിരുന്നു. അഫ്ഗാനിസ്ഥാൻ, നേപ്പാൾ, മലേഷ്യ എന്നിവിടങ്ങൾ കേന്ദ്രീകരിച്ചും എൻഐഎ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. സവാദ് സിറിയയിലേക്കു കടന്നതായി പ്രചാരുണ്ടായെങ്കിലും അതിനും തെളിവു ലഭിച്ചില്ല.
കേസിലെ കൂട്ടുപ്രതികളുമായും സംഭവത്തിനു ശേഷം സവാദ് ബന്ധപ്പെട്ടിരുന്നില്ല. കേസിൽ കേരള പൊലീസിന്റെ ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം നടത്തിയ ആദ്യഘട്ടത്തിൽ സവാദിനെ ബെംഗളൂരുവിൽ നിന്നു കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ടായിരുന്നെങ്കിലും ഇതുസംബന്ധിച്ച സ്ഥിരീകരണം പിന്നീടുണ്ടായില്ല. നേപ്പാളിൽ ഏറെക്കാലം ഒളിവിൽ താമസിച്ച പ്രതി എം.കെ.നാസറിനൊപ്പം സവാദുണ്ടെന്നായിരുന്നു നാട്ടിലുള്ള അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അനുമാനം. എന്നാൽ നാസർ കീഴടങ്ങിയ ശേഷം വിശദമായി ചോദ്യം ചെയ്യപ്പെട്ടെങ്കിലും സവാദിനെ സംബന്ധിച്ച വിവരം അന്വേഷണ സംഘത്തിനു ലഭിച്ചില്ല.
കുറ്റകൃത്യം നടന്ന 2010 ജൂലൈ നാലിനു സവാദിനെ അവസാനമായി കണ്ടതു കേസിൽ കഴിഞ്ഞ വർഷം ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതി സജിലായിരുന്നു. അദ്ധ്യാപകന്റെ കൈവെട്ടാൻ ഉപയോഗിച്ച മഴുവുമായാണു സവാദ് അന്നു കടന്നുകളഞ്ഞത്. ക്രൈംബ്രാഞ്ചിനും എൻഐഎക്കും ഈ മഴുവും ഇതുവരെ വീണ്ടെടുക്കാൻ കഴിഞ്ഞിട്ടില്ല. ആക്രമണത്തിനിടയിൽ സവാദിനു ചെറിയതോതിൽ പരുക്കേറ്റിരുന്നു. പരുക്കുമായി സവാദ് ആലുവ വരെ എത്തിയതിനു തെളിവുണ്ടെങ്കിലും അവിടെ നിന്ന് എങ്ങോട്ടാണു നീങ്ങിയതെന്നു സംഘത്തിലെ മറ്റുള്ളവർക്കും അറിയില്ലായിരുന്നു.