തിരുവനന്തപുരം: വർക്കലയിൽ, നിലവിളക്കു കൊണ്ട് ഭർത്താവ് യുവതിയെ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പൊലീസ്. ആലപ്പുഴ തത്തംപ്പള്ളി സ്വദേശി നിഖിതയെ(24) ഭർത്താവ് അനീഷ് മൂന്ന് പ്രാവശ്യം കൊലപ്പെടുത്താൻ ശ്രമിച്ചു എന്ന് പൊലീസ് പറയുന്നു. പ്രതി അനീഷ് കഴുത്ത് ഞെരിച്ച ശേഷം മരണം ഉറപ്പാക്കാൻ വിളക്ക് കൊണ്ട് കുത്തുകയും തലക്കടിക്കുകയും ചെയ്തു.

മൃതദേഹത്തിൽ കുത്തേറ്റ പാടുണ്ട്. കഴുത്ത് ഞെരിച്ച ശേഷം ഫാനിൽ കെട്ടി തൂക്കാനും പ്രതി ശ്രമം നടത്തി. പുലർച്ചെ അനീഷും നിഖിതയും കിടന്ന മുറിയിൽ വലിയ വഴക്കും ബഹളവും നടക്കുന്നത് കേട്ട് അനീഷിന്റെ അച്ഛനും അമ്മയും അനിയനും കമ്പിപ്പാരയ്ക്ക് മുറി കുത്തിപൊളിച്ചു അകത്തു കയറിയപ്പോഴാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന നിഖിതയെ കാണുന്നത്. നിഖിതയുടെ വീട്ടിൽ നിന്ന് കൊണ്ട് വന്ന നിലവിളക്ക് ഉപയോഗിച്ചാണ് അനീഷ് നിഖിതയുടെ തലയ്ക്കു അടിച്ചത്.

ജൂലൈ 8 നായിരുന്നു ഇവരുടെ വിവാഹം. കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് നടത്തിയ വിവാഹമായിരുന്നു. വിവാഹശേഷം ഇവർ ഒരുമിച്ചു വിദേശത്ത് പോവുകയും 10 ദിവസം മുൻപ് അനീഷ് കാല് വേദന സഹിക്കവയ്യാതെ ചികിത്സയ്ക്കായി നാട്ടിൽ വരികയുമായിരുന്നു.

അനീഷ് സംശയരോഗം ഉള്ള ആളായിരുന്നെന്നും മുറിക്കുള്ളിൽ കയറിയ മാതാപിതാക്കളോടും അനീഷ് പ്രകോപനപരമായി പെരുമാറിയെന്നും പറയപ്പെടുന്നു. ഒടുവിൽ വീട്ടുകാർ പൊലീസിനെ അറിയിച്ചു. പൊലീസ് എത്തി നിഖിതയെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. അനീഷിനെ വർക്കല പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

അനീഷിന്റെ കൈയിലും ദേഹത്തും രക്തം പുരണ്ടിരുന്നു. കൊലപ്പെടുത്തിയ ശേഷം അനീഷ് മുറിക്കുള്ളിൽ തന്നെ ഇരുന്നതുകൊണ്ടാണ് വാതിൽ പൊളിച്ചു വീട്ടുകാർക്ക് അകത്തു കടക്കേണ്ടി വന്നത്. ദമ്പതിമാർക്കിടയിൽ വഴക്കും തർക്കവും ഉണ്ടായിരുന്നതായാണ് വിവരം.

അനീഷിന് ഭാര്യയെക്കുറിച്ചുണ്ടായിരുന്ന സംശയമാണ് വഴക്കിന് കാരണമായിരുന്നത്. കഴിഞ്ഞദിവസം രാത്രിയിലും ദമ്പതിമാർ തമ്മിൽ വഴക്കുണ്ടായിരുന്നു. കൊലപാതകത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോ എന്നതും പൊലീസ് അന്വേഷിച്ചുവരികയാണ്. വിവരമറിഞ്ഞ് ആലപ്പുഴയിൽനിന്ന് നിഖിതയുടെ ബന്ധുക്കളും വർക്കലയിൽ എത്തിയിട്ടുണ്ട്. ഇവരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. പൊലീസിന്റെ ചോദ്യം ചെയ്യലിൽ അനീഷ് കുറ്റം സമ്മതിച്ചു. പ്രതിയെ അറസ്റ്റ് ചെയ്തു. ശാസ്ത്രീയ തെളിവുകൾക്കായുള്ള നടപടികൾ പുരോഗമിക്കുകയാണ്.