തിരുവനന്തപുരം: കൺസഷൻ ടിക്കറ്റ് പുതുക്കാനെത്തിയ അച്ഛനെയും മകളെയും ക്രൂരമായി മർദിച്ച കേസിൽ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിലെ ജീവനക്കാരായ മുഹമ്മദ് ഷരീഫ് (52), മിലൻ ഡോറിച്ച് (45), അനിൽകുമാർ (49), ഡിപ്പോയിലെ വർക്ക് ഷോപ്പ് ജീവനകാരായ സുരേഷ് കുമാർ, അജികുമാർ എന്നിവരുടെ ജാമ്യാപേക്ഷയാണ് ആറാം അഡീഷനൽ സെഷൻസ് ജഡ്ജ് കെ.വിഷ്ണു തള്ളിയത്.

മർദ്ദനം നടന്നതിന്റെ വിഡിയോ ദൃശ്യങ്ങൾ ശാസ്ത്രീയ പരിശോധന നടത്തുന്നതിന് പ്രതികളിൽ നിന്നും ശബ്ദവും ദൃശ്യങ്ങളും ഉൾപ്പെടെയുള്ള സാംപിളുകൾ ശേഖരിക്കണമെന്നും ഇതിന് പ്രതികളുടെ കസ്റ്റഡി അനിവാര്യമാണെന്ന് പ്രോസിക്യൂഷൻ വാദത്തെ ശരിവെച്ചുകൊണ്ടായിരുന്നു കോടതിയിയുടെ നടപടി. പബ്ലിക് പ്രോസിക്യൂട്ടർ എം.സലാഹുദീനാണ് പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

അതേ സമയം സംഭവം നടന്ന പത്ത് ദിവസം പിന്നിടുമ്പോഴും പ്രതികളെ അറസ്റ്റു ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. പ്രതികളെ സംരക്ഷിക്കുന്ന പൊലീസ് നിലപാടിൽ ഏറെ വിഷമമുണ്ടെന്ന് മർദനത്തിന് ഇരയായ പ്രേമനൻ പറഞ്ഞിരുന്നു.കേസിലെ പൊലീസിന്റെ അലംഭാവം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും പ്രേമനൻ പരാതിയും നൽകിയിരുന്നു. സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിട്ടും ഇവർ ഒളിവിലാണെന്നാണ് പൊലീസിന്റെ വിശദീകരണം. എന്നാൽ പ്രതികളിൽ ചിലർ ഭരണകക്ഷി യൂണിയന്റെ നേതാക്കളായതിനാലാണ് പൊലീസ് അറസ്റ്റ് വൈകിപ്പിക്കുന്നതെന്നാണ് ആരോപണം ഉയരുന്നത്.

പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട എൻ.അനിൽകുമാർ കെഎസ്ആർടിഇഎ സിഐടിയു കാട്ടാക്കട യൂണിറ്റ് സെക്രട്ടറിയാണ്. സ്റ്റേഷൻ മാസ്റ്റർ എ.മുഹമ്മദ് ഷെറീഫ് സിഐടിയു ആര്യനാട് യൂണിറ്റ് അംഗമാണ്. സുരക്ഷാ ജീവനക്കാരൻ എസ്.ആർ.സുരേഷ് ഐഎൻടിയുസി പ്രവർത്തകനാണ്. അസിസ്റ്റന്റ് സി.പി.മിലൻ ഐഎൻടിയുസി സംസ്ഥാന കൗൺസിൽ അംഗമാണ്. മർദനമേറ്റ പ്രേമനൻ ഇടതു സർവീസ് സംഘടനയായ ജോയിന്റ് കൗൺസിൽ മേഖലാ വൈസ് പ്രസിഡന്റാണ്.

കാട്ടാക്കട ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കാട്ടാക്കട കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ മെക്കാനിക്ക് അജിയെ കൂടി പുതിയതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ ഇവരെ അറസ്റ്റ് തെയ്യാനുള്ള സമ്മർദ്ദവും പൊലീസിന് മേൽ വർദ്ദിച്ചിരിക്കുകയാണ്.