ജെയ്പുർ: രണ്ടുപേർ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യാൻ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് തീരുമാനമെടുത്തുവെന്ന മാധ്യമ വാർത്തകളിൽ വിവാദത്തിലായി രാജസ്ഥാൻ സർക്കാർ.പണമിടപാട് തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യാൻ കരാറുണ്ടാക്കണമെന്നും കരാർ ലംഘിച്ചാൽ അവരുടെ അമ്മമാരെ ബലാത്സംഗം ചെയ്യണമെന്നും ജാതിപഞ്ചായത്ത് നിർദ്ദേശിച്ചുവെന്നായിരുന്നു പുറത്ത് വന്ന വാർത്തകൾ.പണം തിരികെ തന്നില്ലെങ്കിൽ എട്ട് മുതൽ 18 വയസുവരെയുള്ള പെൺകുട്ടികളെ ലേലത്തിന് നൽകണമെന്നായിരുന്നു നിർദ്ദേശം.

സംഭവവുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷൻ രാജസ്ഥാൻ സർക്കാരിന് നോട്ടീസയച്ചു.ഇങ്ങനെയുള്ള പെൺകുട്ടികളെ യു.പി, മധ്യപ്രദേശ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലേക്കും വിദേശത്തേക്കും വരെ കയറ്റി അയക്കുന്നുവെന്നായിരുന്നു പുറത്ത് വന്ന വിവരം. ഇത്തരത്തിലുള്ള പെൺകുട്ടികളെ ലൈംഗിക തൊഴിലിലേക്കും അടിമപ്പണിക്കും ഉപയോഗിക്കുന്നവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.ഈ സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ.

മാധ്യമ വാർത്ത ശരിയാണെങ്കിൽ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിച്ചുഇതിന് പുറമെ വിശദറിപ്പോർട്ട് ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് സെക്രട്ടറി, ഡിജിപി എന്നിവരടക്കമുള്ളവർക്കും നോട്ടീസ് അയച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് എടുത്തിട്ടുള്ള കേസുകൾ, എഫ്.ഐ.ആർ വിവരങ്ങൾ, അറസ്റ്റ് നടപടി ഇതിനെ കറിച്ചെല്ലാം വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് ഡി.ജി.പിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

രാജസ്ഥാനിലെ ഭിൽവാരയിൽ ഉൾപ്പെടെയുള്ള ആറ് ജില്ലകളിൽ പണമിടപാട് തീർക്കാൻ ഇത്തരത്തിൽ പെൺകുട്ടികളെ ലേലം ചെയ്യുന്നുവെന്ന വാർത്തയായിരുന്നു 26-ാം തീയതി പുറത്ത് വന്നത്. വിഷയം ചർച്ചയായിട്ടും മുഖ്യമന്ത്രി അശോക് ഗെഹ്ലോത് പ്രതികരിക്കാത്തതിൽ പ്രതിഷേധവുമായി ബിജെപിയടക്കമുള്ളവർ രംഗത്തെത്തി.

ദേശീയ വനിതാ കമ്മീഷന്റെ നേതൃത്വത്തിലുള്ള സംഘം നിജസ്ഥിതി അന്വേഷിക്കാൻ നവംബർ ഒന്നിന് ഭിൽവാര സന്ദർശിക്കുന്നുണ്ട്. രാജസ്ഥാൻ ചീഫ് സെക്രട്ടറി, ഭിൽവാര എസ്‌പി എന്നിവരുമായി സംഘം കൂടിക്കാഴ്ച നടത്തും. സമാന സംഭവങ്ങൾ കുറച്ച് വർഷം മുമ്പേയും രാജസ്ഥാനിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ടായിരുന്നുവെന്നും കമ്മീഷൻ ചൂണ്ടിക്കട്ടി.

മാധ്യമറിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ വനിതാ കമ്മീഷൻ സംഭവത്തിൽ സ്വമേധയാ കേസെടുത്തിട്ടുണ്ട്. ഇതിനിടെ മാധ്യമ റിപ്പോർട്ടുകൾ നിഷേധിച്ച് രാജസ്ഥാൻ മന്ത്രി പ്രതാപ് കചാരിയാവാസ് രംഗത്തെത്തി. അന്വേഷണം നടന്ന് വരികയാണെന്നും ഇത്തരമൊരു സംഭവം സംസ്ഥാനത്ത് നടന്നിട്ടുണ്ടാവില്ലെന്നാണ് കരുതുന്നുതെന്നും മന്ത്രി പറഞ്ഞു.ഭിൽവാരയിൽ രണ്ട് പേർ തമ്മിൽ തർക്കമുണ്ടായാൽ പൊലീസിനെ സമീപിക്കുന്നതിന് പകരം തീർപ്പാക്കുന്നത് ജാതിപഞ്ചായത്തുകളാണ്.