ന്യൂഡൽഹി: കേരളത്തിനകത്തും പുറത്തും വൻ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലെ പ്രതി ആലപ്പുഴ ചേർത്തല വാരനാട് സ്വദേശി തറയിൽ സുജിതിനും ഇയാളുടെ കൂട്ടാളിയും ചങ്ങനാശേരി റവന്യു ടവറിൽ ട്രാവൽ ഏജൻസി നടത്തുന്ന മല്ലപ്പള്ളി സ്വദേശിയുമായ അനീഷ് ജോസിനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അന്വേഷണത്തിന് സംസ്ഥാന സർക്കാരിന് നിർദ്ദേശം നല്കി. വിസ വാഗ്ദാനം ചെയ്ത് പത്തനംതിട്ട റാന്നി സ്വദേശി ശാമുവേൽ രാജുവിൽ നിന്ന് 1.27 കോടി രൂപ തട്ടിയെടുത്തതിന് പുറമെ സുജിത് ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികൾ വിവിധ സ്ഥലങ്ങളിൽ നിന്നും തട്ടിയെടുത്തതായി പരാതി ഉയർന്നിരുന്നു.

വിസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ ഡൽഹി സാകേത് കോടതി അനീഷിനും സുജിതിനും അറസ്റ്റ് വാറണ്ടുകൾ പുറപ്പെടുവിച്ചിരുന്നുവെങ്കിലും ഇവരെ പിടികൂടാനായിരുന്നില്ല. ഏതാനും ആഴ്ചകൾക്ക് മുമ്പ് ഡൽഹിയിൽ നിന്നും വാറണ്ടുമായി എത്തിയ പൊലീസുകാർ ഇവരെ കണ്ടെത്തിയെങ്കിലും അറസ്റ്റു ചെയ്യാതെ സൽക്കാരം സ്വീകരിച്ച് മടങ്ങുകയായിരുന്നു എന്നാണ് പരാതിക്കാരുടെ ആരോപണം.

തുടർന്നാണ് തട്ടിപ്പിന് ഇരയായവർ സുജിതിനും അനീഷ് ജോസിനുമെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്കിയത്. പരാതി തുടർ നടപടികൾക്കായി മുഖ്യമന്ത്രിയുടെ ഓഫീസിന് ആഭ്യന്തര മന്ത്രാലയം കൈമാറി.

ഓൺ ലൈൻ ട്രേഡിങിനായി സുജിത് പണം വാങ്ങുന്നത് ചെക്കുകൾ നല്കി

ഇടനിലക്കാരെ ഉപയോഗിച്ച് ഇരകളെ കണ്ടെത്തിയ ശേഷം വമ്പൻ വാഗ്ദാനങ്ങൾ നല്കിയാണ് ആളുകളെ സുജിത് പാട്ടിലാക്കുന്നത്. തുടക്കത്തിൽ അഞ്ച് ലക്ഷം രൂപ വരെ വാങ്ങും.ഇതിന് വാഗ്ദാനം ചെയ്ത കമ്മീഷൻ കൃത്യമായി നല്കി വിശ്വാസം നേടും. പിന്നിട് കൂടുതൽ പണം വാങ്ങി ചെക്കും നല്കും. പിന്നീട് ഇയാളെ കുറിച്ച് ഒരു വിവരവുമുണ്ടാകില്ല.

ആലുവ അത്താണിയിലെ സ്റ്റേറ്റ് ബാങ്കിന്റെ ചെക്കാണ് തട്ടിപ്പിനായി ഇയാൾ നല്കുന്നത്. സുജിതിന്റെ തട്ടിപ്പിന് ഇരയായ മരട് സ്വദേശി ബാങ്കിലെത്തി തിരക്കിയപ്പോൾ അക്കൗണ്ടിൽ ആകെയുള്ളത് പന്ത്രണ്ട് രൂപ മാത്രമാണെന്ന് കണ്ടെത്തിയത്. 50 ലക്ഷം രൂപ മുതൽ ഒരു കോടി രൂപയുടെ വരെ ചെക്കുകൾ വരെ പലർക്കും സുജിത് നല്കിയതായാണ് വിവരം.