- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികൾ തട്ടിയെന്ന് പരാതി
ആലപ്പുഴ: റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജ രേഖ ചമച്ച് ഓൺലൈൻ ട്രേഡിങ്ങിന്റെ മറവിൽ കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ചേർത്തല വാരനാട് ലിസ്യു നഗർ സ്വദേശി തറയിൽ സുജിത്തിനെതിരെ റിസർവ് ബാങ്ക് റീജണൽ മാനേജരുടെ പരാതിയിൽ ക്രൈം ബ്രാഞ്ച് അന്വേഷണം തുടങ്ങി.ആലപ്പുഴ ക്രൈം ബ്രാഞ്ച് സി.ബി.സിഐ.ഡിയാണ് അന്വേഷണം ആരംഭിച്ചത്.അതെ സമയം റിസർവ് ബാങ്കിന്റെ പേരിൽ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് ആർ.വൈഎഫ് ഇടുക്കി ജില്ലാ വൈസ് പ്രസിഡന്റ് അജോ കുറ്റിക്കൻ നല്കിയ പരാതി അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിക്ക് സിബിഐ കത്ത് നല്കിയിട്ടുണ്ട്.
പ്രതിദിന വരുമാനം വാഗ്ദാനം ചെയ്ത് സുജിത്ത് വിവിധ ജില്ലകളിൽ നിന്നായി കോടിക്കണക്കിന് രൂപാ തട്ടിയെടുത്തതായാണ് സൂചന. പണം നൽകിയവർക്ക് വാഗ്ദാനം ചെയ്ത തുക ലഭിക്കാതെ വന്നതോടെ ഇയാളെ സമീപിച്ചപ്പോൾ പണം ഉടൻ മടക്കി നല്കാമെന്നും റിസർവ് ബാങ്കിന്റെ ചില തടസങ്ങൾ നീങ്ങണമെന്നും അറിയിച്ചു. പിന്നാലെ ഇരകളെ വിശ്വസിപ്പിക്കാനായി ഗവർണറുടെ പേരിൽ രേഖ ചമച്ച് വാട്സാപ്പിലൂടെ അയച്ചു നല്കി.
റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ ലഭിച്ച രേഖ വ്യാജമാണെന്ന് കണ്ടെത്തിയതോടെ പണം നഷ്ടപ്പെട്ടവർ റിസർവ് ബാങ്കിനെ സമീപിച്ചതോടെയാണ് സുജിത്തും വൈക്കം സ്വദേശിയായ സഹായിയും അയച്ച് നല്കിയത് വ്യാജരേഖയാണെന്ന് മനസിലായത്. തുടർന്ന് റിസർവ് ബാങ്ക് റീജണൽ മാനേജർ ക്രൈം ബ്രാഞ്ചിന് പരാതി നല്കുകയായിരുന്നു.
സുജിത്തിന്റെ തട്ടിപ്പുകൾക്ക് ഏജന്റുമാരും
ഓൺലൈൻ ട്രേഡിങ്ങിന് കമ്മിഷൻ വ്യവസ്ഥയിൽ ഏജന്റുമാരെ നിയോഗിച്ചായിരുന്നു സുജിത്തിന്റെ തട്ടിപ്പ്.ഒരു ലക്ഷം രൂപയ്ക്ക് പ്രതിദിനം ആയിരം രൂപ നിക്ഷേപകർക്ക് നല്കുമെന്നായിരുന്നു വാഗ്ദാനം. ഇടനിലക്കാർക്ക് മുന്നൂറ് രൂപയും. പലരെക്കൊണ്ടും അമ്പത് ലക്ഷം മുതൽ രണ്ട് കോടി വരെ നിക്ഷേപിപ്പിച്ചു. തുടക്കത്തിൽ വാഗ്ദാനം ചെയ്ത തുക ലഭിച്ചതോടെ പലരും കൂടിയ തുക നിക്ഷേപിച്ചു.എന്നാൽ പണം ലഭിക്കാതെ വന്നതോടെ ചിലർ ഇയാളെ തേടി വൈക്കത്തെ ലോഡ്ജിൽ എത്തി.
കൊച്ചിയിലെ ഒരു ബാങ്കിലാണ് തന്റെ നിക്ഷേപമെന്നും കൂടെ വന്നാൽ എടുത്ത് നൽകാമെന്നും അറിയിച്ചു. സുജിത്ത് പറഞ്ഞത് പ്രകാരം ഇവർ കൊച്ചിയിലെത്തി.പിറ്റേന്ന് ബാങ്കിന് സമീപമെത്തിയപ്പോൾ പണം ബാംഗ്ലൂരിലെ മ്യൂച്വൽ ഫണ്ട് സ്ഥാപനത്തിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും ബാംഗ്ലൂരിൽ എത്തിയാലെ നൽകുവെന്നായി. ട്രെയിൻ മാർഗം ബാംഗ്ലൂരിലെത്തി രണ്ടാഴ്ച കഴിഞ്ഞിട്ടും പണം ലഭിക്കാതെ വന്നതോടെ ഒപ്പം പോയവർ നാട്ടിലേക്ക് മടങ്ങി.
ഒരാഴ്ചയ്ക്കകം പണവുമായി നാട്ടിലെത്താമെന്നായിരുന്നു ഇരകൾക്ക് സുജിത്ത് നൽകിയ വാഗ്ദാനം.എന്നാൽ ഒരു മാസം കഴിഞ്ഞും പണം ലഭിക്കാതായതോടെ പണം നഷ്ടപ്പെട്ട ചിലർ സുജിത്തിനെ തേടിയിറങ്ങി. കൊച്ചിയിൽ ഇയാളുണ്ടെന്നറിഞ്ഞതോടെ ഇവർ ഇവിടെ എത്തി. കഴിഞ്ഞ ഡിസംബർ 10 ന് പണം നൽകാമെന്ന് ഇയാൾ പറഞ്ഞിരുന്നു. പിന്നീട് പണം പിൻവലിക്കാൻ ചില തടസങ്ങളുണ്ടെന്നും റിസർവ് ബാങ്കിൽ അവ പരിഹരിച്ചതിന് ശേഷം പണം നൽകാമെന്ന് അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് റിസർവ് ബാങ്ക് ഗവർണറുടെ പേരിൽ വ്യാജ ഉത്തരവ് ഇരകൾക്ക് അയച്ചു നൽകിയത്.ഇതിനിടയിൽ സുജിത്തിന്റെ നാട്ടിൽ ഇയാളെ കുറിച്ച് അന്വേഷിച്ചവർ ഇയാൾ തട്ടിപ്പുകാരനാണെന്ന് മനസിലാക്കി.തനിക്കെതിരെ പരാതി നൽകാൻ സാധ്യതയുള്ളവർക്ക് പണം നല്കി തലയൂരാനും നീക്കം നടത്തി.
അതെ സമയം റിസർവ് ബാങ്കിന്റെ പേരിൽ വ്യാജ രേഖ ചമച്ച് തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട് സുജിത്തിനെതിരെ റിസർവ് ബാങ്കും ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗവും അന്വേഷണം നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി സുജിത്തിന്റെ അക്കൗണ്ട് മരവിപ്പിക്കുമെന്ന് റിസർവ് ബാങ്ക് തിരുവനന്തപുരം റീജണൽ മാനേജർ പറഞ്ഞു. സുജിത്തിനെതിരെ വിശിഭമായ അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് സമർപ്പിക്കാനും റിസർവ് ബാങ്കിന്റെ ഭാഗത്തു നിന്നും നടപടി തുടങ്ങിയിട്ടുണ്ട്.