- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജാമ്യം കിട്ടിയ സന്തോഷത്തിന് അഭിഭാഷകനൊപ്പം ബാറിലെത്തി; മദ്യപിച്ച് ബില്ല് തുക കൊടുത്തു മടങ്ങവെ വെടിയുതിർത്തത് പ്രകോപനമില്ലാതെ; സിസിടിവി ദൃശ്യത്തിൽ തിരിച്ചറിഞ്ഞത് ക്രിമിനൽ കേസിൽ ജയിൽ മോചിതനായ റോജനെന്ന്; കുണ്ടന്നൂരിലെ ബാറിൽ വെടിവയ്പ് നടത്തിയ പ്രതികൾ പിടിയിൽ; ബാർ ഹോട്ടൽ പൂട്ടി പൊലീസ്
കൊച്ചി: കുണ്ടന്നൂർ ജംക്ഷനിലെ 'ഒജീസ് കാന്താരി' ബാറിൽ വെടിവയ്പ് നടത്തിയ പ്രതികൾ പിടിയിൽ. വെടിയുതിർത്ത കൊല്ലം സ്വദേശി റോജൻ, അഭിഭാഷകൻ ഹറോൾഡ് എന്നിവരാണു പിടിയിലായത്. മരട് പൊലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
വൈകിട്ട് നാല് മണിയോടെ ആയിരുന്നു സംഭവം. പ്രതികൾ മദ്യപിച്ച് ബില്ല് തുക കൊടുത്തതിനു ശേഷം പ്രകോപനം ഒന്നുമില്ലാതെ ചുവരിലേക്കു വെടിയുതിർക്കുകയായിരുന്നു. ബാർ ജീവനക്കാരും മറ്റുള്ളവരും സ്തംഭിച്ചു നിൽക്കേ ഇരുവരും ബാറിനു പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കടന്നു. സംഭവം നടന്ന് 3 മണിക്കൂറിനു ശേഷമാണ് ബാറുകാർ പൊലീസിൽ അറിയിച്ചത്. പൊലീസ് ഉടൻ എത്തി ബാർ ബന്തവസിലാക്കി. സിസിടിവി ദ്യശ്യങ്ങളിൽനിന്ന് യുവാക്കളുടെ ചിത്രം പൊലീസ് ശേഖരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും പിടികൂടിയത്.
ദേശീയപാതയോട് ചേർന്നുള്ള ബാറിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് റോജനും ഹറാൾഡും എത്തിയത്. രണ്ട് മണിക്കൂറോളം ലോക്കൽ ബാറായ താപ്പാനയിൽ ഇരുന്ന മദ്യപിച്ച ഇരുവരും നാല് മണിയോടെ ബില്ലിന്റെ പണം നൽകി പുറത്തേക്ക് ഇറങ്ങി. പുറത്തേക്ക് പോകുന്നതിനിടെ പെട്ടെന്നാണ് കൈയിലുണ്ടായിരുന്ന കവറിൽ നിന്നും റിവോൾവർ പുറത്തെടുത്ത് റോജൻ റിസപ്ഷനിലെ ഭിത്തിയിലേക്ക് രണ്ട് തവണ വെടിവച്ചത്. യാതൊരു പ്രകോപനവും ഇല്ലാതെയായിരുന്നു വെടിവയ്‌പ്പ് വെടിവപ്പിൽ അങ്കലാപ്പിലായ ജീവനക്കാർ എന്തു വേണമെന്നറിയാതെ നിൽക്കുമ്പോൾ ഇരുവരും കൂളായി പുറത്തേക്ക് ഇറങ്ങി കാറിൽ കയറി പോയി.
നാല് മണിയോടെയാണ് വെടിവപ്പുണ്ടായതെങ്കിലും ഉടനെ പൊലീസിൽ വിവരം അറിയിക്കാൻ ബാർ ജീവനക്കാരോ ബാറുടമയോ തയ്യാറായില്ല. ഏഴ് മണിയോടെയാണ് പൊലീസിനെ ബാറിൽ നിന്നും വിവരം അറിയിച്ചത്. സ്ഥലത്ത് എത്തിയ പൊലീസ് ബാറിന്റെ ഗേറ്റ് അടച്ച് മുഴുവൻ ജീവനക്കാരുടേയും മൊഴിയെടുത്തു. എക്‌സൈസ് ഉദ്യോഗസ്ഥരും ഇതേസമയം ബാറിലെത്തി പരിശോധന നടത്തി. തുടർന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ് വെടിവച്ച ആളുടേയും ഒപ്പമുണ്ടായിരുന്ന ആളുടേയും ദൃശ്യങ്ങൾ കണ്ടെത്തി.
ഈ ദൃശ്യങ്ങൾ സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലേക്കും കൈമാറി. പൊലീസിന്റെ കൈവശമുണ്ടായിരുന്ന ക്രിമിനലുകളുടെ ലിസ്റ്റിലും ചിത്രം ഉപയോഗിച്ച് പരിശോധന തുടങ്ങി. വ്യാപക പരിശോധനയ്ക്ക് ഒടുവിൽ ഒരു ക്രിമിനൽ കേസിൽ ജയിൽ മോചിതനായ റോജനാണ് വെടിവച്ചയാൾ എന്ന് പൊലീസ് കണ്ടെത്തി. റോജനെ ജാമ്യത്തിലെടുത്ത അഭിഭാഷകൻ ഹാറോൾഡാണ് ഒപ്പമുണ്ടായിരുന്നതെന്നും വ്യക്തമായി. ജാമ്യം കിട്ടി പുറത്തിറങ്ങിയതിന്റെ സന്തോഷത്തിനാണ് റോജൻ അഭിഭാഷകനേയും കൂട്ടി ബാറിലെത്തിയത്. മദ്യപിച്ച ശേഷം പുറത്തേക്ക് പോകും വഴിയാണ് വെടിവച്ചത്.
ആളെ തിരിച്ചറിഞ്ഞതോടെ റോജനായി നഗരത്തിന് പുറത്തേക്കും പൊലീസ് പരിശോധന വ്യാപിപ്പിച്ചു. വൈകാതെ രാത്രി പത്ത് മണിയോടെ എറണാകുളം - ആലപ്പുഴ ജില്ലാ അതിർത്തിയിൽ നിന്നും പൊലീസ് ഇരുവരേയും കസ്റ്റഡിയിലെടുത്തു. എയർഗണോ നാടൻ തോക്കോ വച്ചാവാം വെടിവച്ചതെന്നായിരുന്നു പൊലീസിന്റെ നിഗമനമെങ്കിലും റോജനെ പിടികൂടി നടത്തിയ പരിശോധനയിൽ ആയുധം റിവോൾവർ തന്നെയെന്ന് വ്യക്തമായി. പ്രതികളെ രണ്ട് പേരേയും പൊലീസ് മരട് സ്റ്റേഷനിലേക്ക് എത്തിച്ചിട്ടുണ്ട്.
ലോക്കൽ ബാറിന്റെ ബിൽ കൗണ്ടറിലാണ് വെടിവെയ്‌പ്പ് നടന്നത്. മദ്യലഹരിയിൽ ഭിത്തിയിലേക്ക് വെടിയുതിർത്തതായാണ് പൊലീസ് പറയുന്നത്. ഇവർ ചുമരിലേക്ക് രണ്ടു റൗണ്ടാണ് വെടിയുതിർത്തത്. വെടിവെയ്‌പ്പിൽ ആർക്കും പരിക്കില്ല. വെടിവെയ്‌പ്പിനുള്ള കാരണം ഇപ്പോഴും വ്യക്തമല്ല. പൊലീസ് ഇക്കാര്യവും അന്വേഷിച്ച് വരികയാണ്.
സംഭവസ്ഥലത്ത് പരിശോധന നടത്തിയിട്ടും പൊലീസിന് വെടിയുണ്ട കണ്ടെത്താനായിട്ടില്ല. അതേസമയം വെടിയുണ്ട തറച്ച പാടുകൾ പൊലീസ് കണ്ടെത്തി. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചിരുന്നു. വെടിയുതിർത്ത ആളുകൾ ഹോട്ടലിലേക്ക് സ്ഥിരമായി വരാത്ത ആളുകളാണെന്നാണ് ഹോട്ടൽ അധികൃതരുടെ പ്രതികരണം. ബാറിനുള്ളിൽ വെച്ച് വാക്കുതർക്കങ്ങൾ നടന്നിരുന്നില്ലെന്നും അവർ വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ