കൊച്ചി: അവയവക്കടത്തു കേസിൽ അറസ്റ്റിലായ തൃശൂർ വലപ്പാട് ഇടമുട്ടംകര കോരുകുളത്ത് വീട്ടിൽ സാബിത് നാസറിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവരുമ്പോൾ അന്വേഷണം നീളുന്നത് രാജ്യാന്തര ശൃംഖലയിലേക്കാണ്. വ്യാജ ആധാർ കാർഡുകൾ അടക്കം തയ്യാറാക്കി പ്രവർത്തിക്കുന്ന വൻ സംഘം തന്നെ സാബിത് നാസറിന് പിന്നിലുണ്ടെന്നാണ് പ്രാഥമിക വിവരം. അതേസമയം, കോരുകുളത്ത് വീട്ടിൽ സാബിത്ത് വളരെക്കുറച്ച് മാത്രമേ താമസിച്ചിട്ടുള്ളൂ എന്നും വിവരമുണ്ട്. സാബിത്തിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കസ്റ്റഡിയിൽ കിട്ടാൻ പൊലീസ് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്.

കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകിയ വിവരത്തെ തുടർന്നാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് സാബിത്ത് പിടിയിലാകുന്നത്. 2019ൽ സ്വന്തം വൃക്ക വിറ്റതോടെയാണ് ഈ മേഖലയിലെ സാധ്യത താൻ തിരിച്ചറിഞ്ഞത് എന്നാണ് സാബിത്ത് അന്വേഷണ ഏജൻസികൾക്ക് നൽകിയ മൊഴി എന്നാണ് വിവരം. ഇതോടെയാണ് ഇന്ത്യയിൽ ഇരകളെ തപ്പിത്തുടങ്ങിയത്. പാലക്കാട് സ്വദേശി ഷെമീർ എന്നയാളെയാണ് വൃക്ക നൽകാനായി കേരളത്തിൽ നിന്ന് ഇറാനിൽ എത്തിച്ചത് എന്നാണ് റിപ്പോർട്ടുകൾ. സാബിത്ത് കടത്തിയത് എന്നു കരുതുന്ന ബാക്കി 19 പേർ ഉത്തരേന്ത്യക്കാരാണ്. ഇവർ കേരളത്തിലുള്ള ഇതര സംസ്ഥാന തൊഴിലാളികളാണോ അതോ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് റിക്രൂട്ട് ചെയ്തതാണോ എന്ന് വ്യക്തമല്ല.

ബംഗ്ലാദേശ്, ശ്രീലങ്ക, മ്യാന്മർ എന്നിവിടങ്ങളിൽ നിന്നുള്ള അഭയാർഥികൾക്ക് വിവിധ സംസ്ഥാനങ്ങളിൽ താമസിക്കാനും കുറ്റവാളികൾക്ക് രാജ്യത്തുനിന്നു കടക്കാനുമൊക്കെയായി വ്യാജ ആധാർ കാർഡുകൾ നിർമ്മിക്കുന്ന സംഘം സംസ്ഥാനത്തുണ്ടെന്നാണ് നേരത്തേ പുറത്തുവന്ന വിവരം. ഈ ആധാർ ഉപയോഗിച്ചാണ് പിന്നീട് പാസ്‌പോർട്ട് ഉൾപ്പെടെയുള്ളവ സംഘടിപ്പിക്കുന്നത്. ഇത്തരത്തിൽ ആധാർ നിർമ്മിക്കുന്ന സംഘം പെരുമ്പാവൂരിലെ ഭായ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്നു എന്നും അന്വേഷണം തുടങ്ങിയതോടെ അത് അടച്ചുപൂട്ടി നടത്തിപ്പുകാർ കടന്നുകളഞ്ഞുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

ഇത്തരം സംഘങ്ങൾ വഴിയാണോ സാബിത്തും അവയവത്തിനായി കടത്തുന്നവർക്ക് വ്യാജ ആധാറും പാസ്‌പോർട്ടും സംഘടിപ്പിച്ചിരുന്നത് എന്നതും അന്വേഷിക്കുന്നുണ്ട്. നിയമപരമായ രീതിയിലാണ് വൃക്കദാനം എന്നു വിശേഷിപ്പിച്ചാണ് ഇയാൾ ഇരകളെ ഇറാനിലേക്ക് കൊണ്ടുപോയിട്ടുള്ളത്. ഇവരിൽ ചിലർ തിരികെ എത്തിയിട്ടില്ലെന്നും മരിച്ചു എന്നും വിവരമുണ്ട്. 10 ലക്ഷം വരെയാണ് ഇരകൾക്ക് വാഗ്ദാനം ചെയ്യുന്നത് എങ്കിലും ആറു ലക്ഷം രൂപയൊക്കെയാണ് നൽകുന്നത് എന്ന് സാബിത്ത് പറഞ്ഞതായാണ് റിപ്പോർട്ട്. ആൾക്ക് ഒന്നിന് 5 ലക്ഷം രൂപയാണ് സാബിത്തിന്റെ കമ്മിഷൻ. ഇത്തരത്തിൽ ലഭിക്കുന്ന വൃക്ക കോടിക്കണക്കിന് രൂപയ്ക്കാണ് അവയവക്കടത്തു സംഘങ്ങൾ ആവശ്യക്കാരിൽ നിന്ന് വാങ്ങുന്നത് എന്നും റിപ്പോർട്ടുകൾ പറയുന്നു.

വ്യാജ ആധാർ, പാസ്‌പോർട്ട് നിർമ്മാണം, മനുഷ്യക്കടത്ത്, അവയവക്കടത്ത് തുടങ്ങി രാജ്യാന്തര തലത്തിലുള്ള സംഘമാണ് ഇതിൽ ഉൾപ്പെട്ടിരിക്കുന്നത് എന്നതിനാൽ കേന്ദ്ര ഏജൻസികളും അന്വേഷണം ശക്തമാക്കി. സാബിത്തിനെ കസ്റ്റഡിയിൽ ലഭിച്ച് വിശദമായി ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ വെളിപ്പെടുമെന്നാണ് അന്വേഷണ ഏജൻസികളുടെ പ്രതീക്ഷ. അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ
കസ്റ്റഡി അപേക്ഷ നൽകും.

സാബിത്ത് നാസർ ഇരയാക്കിയ പാലക്കാട് സ്വദേശി ഷെമീറിനായുള്ള അന്വേഷണത്തിൽ ആണ് പൊലീസ്. ഇയാളെ കണ്ടെത്തി പരാതിയിൽ തുടർ നടപടികൾ എടുക്കാനാണ് തീരുമാനം. അവയവകടത്ത് നടത്തിയവരിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കൾ ആണെന്ന് സാബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചിരുന്നു.

അതേസമയം കാണാതായ ഷമീറിനെതിരെയാണ് കുടുംബം രംഗത്തുള്ളത്. തങ്ങളോട് വഴക്കിട്ടാണ് മകൻ വീട് വിട്ടുപോയതെന്നും ചതിച്ചിട്ട് പോയതിനാലാണ് തിരഞ്ഞുപോകാതിരുന്നതെന്നും പിതാവ് പറഞ്ഞ. മൂന്ന് വർഷം മുൻപും മകൻ അവയവ ദാനത്തിന് ശ്രമിച്ചിരുന്നെന്നും തങ്ങൾ എതിർത്തതിനാലാണ് അതിൽ നിന്ന് പിന്മാറിയതെന്നും ഉമ്മ ഷാഹിനയും പറഞ്ഞു.

ഒന്നര കൊല്ലമായി ഷമീർ വീടുവിട്ട് പോയിട്ടെന്നാണ് പിതാവ് പറഞ്ഞത്. അവനെ കൂടെ നോക്കണം എന്ന് പറഞ്ഞതായിരുന്നു പ്രശ്‌നം. വാടകയും വീട്ടുചെലവും എല്ലാം നോക്കുമ്പോൾ അവനെ കൂടെ നോക്കാൻ പറ്റില്ലെന്ന് പറഞ്ഞത് അവന് ഇഷ്ടമായില്ല. എവിടെയാണെന്ന് അറിയില്ല. നമ്മളെ ചതിച്ചിട്ട് പോയതാണ്, അതുകൊണ്ട് അന്വേഷിച്ചില്ല. 2-3 കൊല്ലം മുൻപ് വൃക്ക വിൽക്കുന്ന കാര്യം പറഞ്ഞിരുന്നു. എന്താടാ പ്രാന്തായോ നിനക്കെന്ന് അന്ന് അവനോട് ചോദിച്ചു. കല്യാണമൊന്നും കഴിക്കേണ്ടേ എന്ന് ചോദിച്ചു. വേണ്ടാത്തേനൊന്നും നിൽക്കേണ്ടെന്ന് പറഞ്ഞ് എതിർത്തു. അന്ന് ആ ശ്രമം ഉപേക്ഷിച്ചു. പിന്നീട് വീട് വിട്ട് പോയി. ഇവിടെ അവന്റെ പാസ്‌പോർട്ടോ ആധാർ കാർഡോ ഒന്നുമില്ല. എല്ലാം എടുത്തിട്ടാണ് ഷമീർ പോയതെന്നും പിതാവ് പറഞ്ഞു.

അവയവം ദാനം ചെയ്യാൻ ഷമീർ മൂന്നു വർഷം മുമ്പ് ശ്രമം നടത്തിയിരുന്നതായി മാതാവ് ഷാഹിനയും പറഞ്ഞു. എന്നാൽ മാതാപിതാക്കൾ എതിർത്തതിനാൽ വേണ്ടെന്നു വെച്ചു. ഒരു വർഷം മുമ്പ് വീട് വിട്ട് പോയ മകനെ കുറിച്ച് യാതൊരു വിവരവുമില്ലെന്നു ഷാഹിന പറഞ്ഞു. മൂന്ന് വർഷം മുൻപ് കൂട്ടുകാരന്റെ അമ്മയ്ക്ക് എന്ന് പറഞ്ഞാണ് വൃക്കദാനത്തിന് ശ്രമിച്ചതെന്നും ഷമീർ സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്നയാളാണെന്നും വാർഡ് കൗൺസിലർ മൻസൂറും പറഞ്ഞു. കഴിഞ്ഞ 6 മാസമായി ഷമീർ നാട്ടിലില്ലെന്നും എവിടെയെന്ന് അറിയില്ലെന്നും പറഞ്ഞ മൻസൂർ, വീട്ടുകാരുമായി ഷമീറിന് ബന്ധമില്ലെന്നും പറഞ്ഞു.

കേസിൽ പിടിയിലായ പ്രതി സാബിത്ത് നാസർ തിരുനെല്ലായി സ്വദേശി ഷമീറിനെ ഇറാനിലേക്ക് കടത്തിയെന്ന് മൊഴി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഷമീറിനെ തിരഞ്ഞ് പൊലീസ് പാലക്കാട്ടെ വീട്ടിലെത്തിയത്. എന്നാൽ ഷമീറും കുടുംബവും ഇവിടെ നിന്ന് താമസം മാറി പോയെന്നാണ് കിട്ടിയ വിവരം. അവയവ മാഫിയയുടെ കെണിയിൽ പെട്ടിരിക്കാമെന്ന സാധ്യതയാണ് പ്രദേശവാസികളും പങ്കുവെക്കുന്നത്. അവയവ കടത്ത് ഇരകളിൽ ഭൂരിഭാഗവും ബെംഗളൂരു, ഹൈദരാബാദ് നഗരങ്ങളിലെ യുവാക്കളാണെന്നും പ്രതി സാബിത്ത് നാസർ പൊലീസിനോട് സമ്മതിച്ചു. രാജ്യാന്തര അവയവ മാഫിയ സംഘങ്ങളുമായി പ്രതിക്കുള്ള ബന്ധത്തിൽ കേന്ദ്ര ഏജൻസികളും അന്വേഷണം തുടങ്ങി. പ്രതിയെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ അവയവക്കടത്തിന് ഇറാനിലേക്ക് പ്രതി സാബിത്ത് നാസർ അടങ്ങുന്ന സംഘം ആളെ എത്തിച്ചിരുന്നു. ഇതിൽ 19പേരും ഉത്തരേന്ത്യക്കാരാണ്. വൃക്ക നൽകാൻ തയ്യാറായി 2019ൽ ഹൈദാരാബദിലെത്തിയതായിരുന്നു സാബിത്ത് നാസർ. എന്നാൽ ആ നീക്കം പാളിയിരുന്നു. പക്ഷെ അവയവ മാഫിയ സംഘങ്ങളുമായി ഇയാൾ ബന്ധമുറപ്പിച്ചു. പിന്നീട് ശ്രീലങ്കയിലും, കുവൈറ്റിലും അവിടെ നിന്ന് ഇറാനിലും വ്യാപിച്ച് കിടക്കുന്ന രാജ്യാന്തര അവയവ മാഫിയ സംഘത്തിലെ മുഖ്യകണ്ണിയായി ഇയാൾ മാറി. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവർക്ക് ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചിലവും പ്രതിഫലമായി പരമാവധി 6 ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്റിന്റെ പോക്കറ്റിലാക്കുകയുമായിരുന്നു പതിവ്.