കൊച്ചി: തൃശ്ശൂർ സ്വദേശി ഉൾപ്പെട്ട അവയവക്കടത്തുമായി ബന്ധപ്പെട്ട് പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. നിരവധിപേർ ഇയാൾവഴി അവയവയക്കടത്തിന് ഇരകളായെന്നാണ് സംശയം. ഇരകളായ 20 പേരുടെ വിവരങ്ങളാണ് നിലവിൽ പൊലീസിന് ലഭിച്ചിട്ടുള്ളത്. ഇതിലൊരാൾ പാലക്കാട് സ്വദേശിയും ബാക്കി 19 പേർ ഉത്തരേന്ത്യക്കാരുമാണ്. എൻഐഎയാണ് ഇപ്പോൾ കേസ് അന്വേഷിക്കുന്നതെന്നാണ് സൂചന. ഹൈദരാബാദ് കേന്ദ്രീകരിച്ചാണ് അവയവക്കടത്ത് മാഫിയ പ്രവർത്തിച്ചിരുന്നത്.

വിദേശത്തേക്ക് ആളുകളെ കൊണ്ടുപോയി അവയവ വിൽപ്പന നടത്തുന്ന സംഘത്തിന്റെ ഏജന്റായ തൃശ്ശൂർ സ്വദേശി സാബിത്ത് നാസർ(30) കഴിഞ്ഞദിവസമാണ് കൊച്ചിയിൽ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെക്കൂടി പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതായും വിവരമുണ്ട്. രണ്ടു പേരാണ് സംശയത്തിലുള്ളത്. വലിയ തുക നൽകാമെന്ന് വാഗ്ദാനം നൽകി ആളുകളെ ഇറാനിലെത്തിക്കുന്ന സാബിത്ത് പിന്നീട് അവയവമെടുത്ത ശേഷം തുച്ഛമായ തുക നൽകി തിരികെ എത്തിക്കുകയാണ് ചെയ്യുന്നത്. ഇത്തരത്തിൽ ലഭിക്കുന്ന അവയവം വലിയ തുകയ്ക്ക് പ്രതി മറിച്ചു വിൽക്കുകയും ചെയ്തിരുന്നു. കൊച്ചി സ്വദേശിയായ യുവാവിനെയും എൻഐഎ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സാബിത്തിനൊപ്പം താമസിച്ചിരുന്ന ചാവക്കാട് സ്വദേശിയേയും എൻഐഎ ചോദ്യം ചെയ്യും. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റുണ്ടായേക്കാനും സാധ്യതയുണ്ട്.

കേന്ദ്ര ഏജൻസികൾ പ്രതിയെ നിരീക്ഷിച്ചുവരികയായിരുന്നു. തുടർന്നാണ് കൊച്ചി നെടുമ്പാശേരിയിൽ വച്ചാണ് സാബിത്തിനെ അറസ്റ്റ് ചെയ്തത്. കേരളത്തിൽ വ്യാജ ആധാർ കാർഡുമായി എത്തിയിരുന്ന ചില ഇതര സംസ്ഥാന തൊഴിലാളികളെയും സബിത്ത് ഇറാനിലെത്തിച്ചിരുന്നു. പിടിയിലായ സാബിത്ത് ഇടനിലക്കാരനാണോ പ്രധാന ഏജന്റാണോ എന്നതടക്കമുള്ള കാര്യങ്ങളും അന്വേഷണപരിധിയിലുണ്ട്. സാധാരണക്കാരെ സമീപിച്ച് ചെറിയ തുക വാഗ്ദാനംചെയ്ത് അവരെ വിദേശത്തുകൊണ്ടുപോകുകയാണ് ആദ്യംചെയ്യുന്നത്. കുവൈത്തിലും പിന്നീട് ഇറാനിലും കൊണ്ടുപോകും. ഇറാനിലെ ആശുപത്രിയിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട ശസ്ത്രക്രിയ നടത്തുന്നതെന്നാണ് വിവരം. ഇവർക്ക് വ്യാജ ആധാർകാർഡും പാസ്പോർട്ടും എടുത്ത് നൽകും. ഇറാനിലേക്ക് കൊണ്ടുപോവുകയായിരുന്നു. അവിടെ നിന്ന് അവയവം എടുത്തശേഷം തിരികെ കൊണ്ടുവരും.

കേസിൽ കൂടുതൽ വിവരങ്ങൾ ഇനിയും ലഭിക്കേണ്ടതുണ്ട്. അതിനാൽ, തിങ്കളാഴ്ച ഉച്ചയോടെ സാബിത്തിനെ കോടതിയിൽ ഹാജരാക്കി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പൊലീസ് നീക്കം. ഇതിനൊപ്പം എൻഐഎയും ചോദ്യം ചെയ്യും. എട്ട് സംസ്ഥാനങ്ങളിൽ നിന്നും ആളുകളെ കൊണ്ടുപോയി എന്നാണ് സാബിത്ത് പറയുന്നത്. ദാതാക്കൾക്ക് 10 ലക്ഷം രൂപ നൽകുമ്പോൾ തന്റെ കമ്മിഷൻ 5 ലക്ഷം രൂപയായിരുന്നുവെന്നും സാബിത്ത് വെളിപ്പെടുത്തി. ഇറാനിലെ ഫരീദിഖാൻ ആശുപത്രിയായിരുന്നു അവയവക്കടത്തിന്റെ താവളമെന്നും സബിത്ത് മൊഴി നൽകി.

കൊച്ചിക്കു പുറമെ കാസർകോട് നിന്നാണ് കൂടുതൽ പേരെ കേരളത്തിൽ നിന്നും അവയവക്കടത്തിനായി ഇറാനിലെത്തിച്ചത്. ഇറാനിലും കുവൈറ്റിലേക്കും അന്വേഷണം നീളും. ബന്ധപ്പെട്ട രാജ്യങ്ങളേയും ഇക്കാര്യം അറിയിക്കും.