കണ്ണൂർ: കണ്ണൂർ സൗത്ത് ചൊവ്വയിലെ നൃത്താധ്യാപകൻ പിഎൻ ഷാജി(51)യുടെ മരണത്തിൽ പൊലിസ് അന്വേഷണം ഊർജിതമാക്കി.കണ്ണൂർ സിറ്റി ഇൻസ്‌പെക്ടർ കൈലാസ് നാഥിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്. ഫോറൻസിക് ഫിംഗർ പ്രിന്റ് വകുപ്പുകളുടെ നേതൃത്വത്തിൽ ഷാജി മരിച്ചു കിടന്ന വീട്ടിലെ കിടപ്പുമുറിയിൽ നിന്നും തെളിവുകൾ ശേഖരണം നടത്തി. കേരള സർവകലാശാല കലോത്സവത്തിനിടെ യൂനിവേഴ്സിറ്റി കൊളേജിലെ ഇടിമുറിയിൽ കൊണ്ടുപോയി എസ്. എഫ്. ഐ പ്രവർത്തകർഷാജിയെ മർദ്ദിച്ചിരുന്നുവെന്നും അതിന്റെ തെളിവുകൾ ഷാജിയുടെ മുഖത്തും കഴുത്തിലുമായുണ്ടെന്നും ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു.

ഷാജിയുടെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. കീടനാശിനി അകത്തു ചെന്നാണ് മരണം എന്നും ശരീരത്തിൽ മർദ്ദനമേറ്റതിന്റെ പാടുകളോ ലക്ഷണങ്ങളോ ഇല്ലെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത് . ഷാജിയുടെ ആന്തരിക അവയവങ്ങൾ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ വിശദമായ പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചാൽ പുറത്തുവരുമെന്നാണ് പൊലീസ് കണക്കുകൂട്ടുന്നത്.

തിരുവനന്തപുരത്ത് നടന്ന കേരള സർവകലാശാല യുനിയൻകലോത്സവത്തിൽ അലങ്കോലമായി മാർഗംകളി മത്സരത്തിന്റെ വിധികർത്താവായിരുന്നു ഷാജി. വിധികർത്താവായ ഷാജിയും മറ്റു രണ്ടു പേരും കോഴ വാങ്ങി ഫലം അട്ടിമറിച്ചുവെന്ന സംഘാടക സമിതിയുടെ പരാതിയെ തുടർന്നാണ് ഷാജിയെ ഒന്നാം പ്രതിയാക്കി കന്റോൺമെന്റ് പൊലിസ് കേസെടുത്തത്. ഷാജിയിൽ നിന്നും തെളിവെടുക്കാനായി മാർച്ച് 14ന് സ്റ്റേഷനിൽ ഹാജരാകണമെന്ന് പൊലിസ് ആവശ്യപ്പെട്ടതിന്റെ തലേന്നാണ് ഇയാൾ കണ്ണുർ സൗത്ത് റെയിൽവെ സ്റ്റേഷനു സമീപമുള്ള വീട്ടിൽ നിന്നും ജീവനൊടുക്കുന്നത്.

ഷാജിയിൽ നിന്നും ചില നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിരിക്കെ നൃത്താധ്യാപകൻ ജീവനൊടുക്കിയത് കന്റോൺ പൊലിസ് നടത്തുന്ന കോഴക്കേസ് അന്വേഷണത്തിന് തിരിച്ചടിയായിട്ടുണ്ട്. നേരത്ത ഷാജിയെ കലോത്സവവുമായി ബന്്ധപ്പെട്ട ഫലങ്ങൾ കോഴ വാങ്ങി അട്ടിമറിക്കുന്ന സംഘങ്ങളിൽ ചിലർ കുടുക്കിയതാണെന്ന ആരോപണം ബന്ധുക്കൾ ഉന്നയിച്ചിരുന്നു. എന്നാൽ ആത്മഹത്യാകുറിപ്പിൽ ഇവരുടെ ആരുടെ പേരും പരാമർശിക്കുന്നില്ല.

അതുകൊണ്ടു തന്നെ ഈക്കാര്യത്തിൽ ഷാജിയുടെ അമ്മ ലളിത പൂത്തട്ടയുടെയും സഹോദരൻ അനിൽകുമാറിന്റെയും ബന്ധുക്കളുടെയും മൊഴി പൊലിസ് രേഖപ്പെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ ഈക്കാര്യത്തിൽ വിശദമായ അന്വേഷണമുണ്ടാകുമെന്നാണ് പൊലിസ് നൽകുന്ന വിവരം.

അതേ സമയം ഷാജിയുടെ മൃതദേഹം വെള്ളിയാഴ്‌ച്ച രാവിലെ എട്ടുമണി മുതൽ പത്തുമണിവരെ കണ്ണൂർ സൗത്ത് റെയിൽവെ സ്റ്റേഷനടുത്തെ സ്വവസതിയിൽ പൊതുദർശനത്തിന് വെച്ച ശേഷം വൻജനാവലിയുടെ സാന്നിധ്യത്തിൽ പയ്യാമ്പലത്ത് സംസ്‌കരിച്ചു. സ്പീക്കർ എ. എൻ ഷംസീർ, കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, യുവജനക്ഷേമകാര്യ ചെയർമാൻ എം.ഷാജർ, ഡി.സി.സി പ്രസിഡന്റ് മാർട്ടിൻ ജോർജ്, മുസ്ലിം ലീഗ്ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി, മുൻകോർപറേഷൻ മേയർ ടി.ഒ മോഹനൻ തുടങ്ങിയവർ അന്തിമോപചാരമർപ്പിച്ചു