ലണ്ടൻ: ലൈംഗിക വൈകൃതങ്ങളുടെ രാജാക്കന്മാരായ 20 ൽ അധികം പേർക്ക് മൊത്തത്തിൽ 346 വർഷത്തെ തടവ് ശിക്ഷ വിധിച്ചിരിക്കുകയാണ് കോടതി. കടത്തിക്കൊണ്ടു വന്ന എട്ട് പെൺകുട്ടികളെ തടവിൽ വെച്ച് 13 വർഷത്തോളം ബലാത്സംഗം ചെയ്യുകയും ലൈംഗിക വൈകൃതങ്ങൾക്ക് ഇരകളാക്കുകയും ചെയ്തു എന്നതാാണ് കുറ്റം. വൈകൃതങ്ങളുടെ പാരമ്യത എന്ന് വിശേഷിപ്പിക്കുന്ന രീതിയിലുള്ളതായിരുന്നു വർഷങ്ങളോളം ഇവർ ചെയ്ത പ്രവൃത്തികൾ എന്നാണ് പൊലീസ് വിവരിക്കുന്നത്.

24 പേരെയാണ് ഈ കുറ്റത്തിന് വെസ്റ്റ് യോർക്ക്ഷയർ പൊലീസ് അറസ്റ്റ് ചെയ്തത്. ഓപ്പറേഷൻ ടൂർവേ എന്ന് പേരിട്ട അതിസാഹസികമായ ഒരു ഓപ്പറേഷനിലൂടെയായിരുന്നു, ബാറ്റ്‌ലി, ഡ്യൂസ്ബറി എന്നീ പട്ടണങ്ങൾ കൂടി ഉൾപ്പെടുന്ന വടക്കൻ കിർക്ലീസ് പ്രദേശത്തു നിന്നും പൊലീസ് കുറ്റവാളികളെ പിടികൂടിയത്. 1999 നും 2012 നും ഇടയിലായിരുന്നു ഇവർ പെൺകുട്ടികളെ പീഡിപ്പിച്ചിരുന്നത്.

രണ്ട് വർഷത്തിലധികമായി നീണ്ട വിചാരണയിൽ, വെള്ളിയാഴ്ച അവസാനത്തെ ഏഴ് കുറ്റവാളികളെ കൂടി ശിക്ഷിച്ചു കൊണ്ട് ലീഡ്‌സിലെ ക്രൗൺ കോടതി ഉത്തരവ് പുറപ്പെറ്റുവിക്കുകയായിരുന്നു. അതോടെ ഈ കേസിന്റെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുണ്ടായിരുന്ന നിയന്ത്രണങ്ങൾ എടുത്തു മാറ്റുകയും ചെയ്തു. എല്ലാവർക്കും കൂടി മൊത്തം 364 വർഷത്തെ തടവ് ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. അതിൽ നാല് പേർക്ക് 20 വർഷത്തിലധികം തടവ് ശിക്ഷ ലഭിച്ചിട്ടുണ്ട്.

പഴയ റിപ്പോർട്ടുകൾ 2015 മുതൽ ആയിരുന്നു പൊലീസ് പരിശോധിക്കുവാൻ തുടങ്ങിയത്. പരിശോധനകൾ വിപുലപ്പെടുത്തിയതോടെ കൂടുതൽ പേർ സംശയത്തിന്റെ നീഴലിലായി. 2018 മുതൽ ആയിരുന്നു പൊലീസ് പ്രതികളെ ഓരോരുത്തരെയായി അറസ്റ്റ് ചെയ്യാൻ ആരംഭിച്ചത്. 2020 ൽ അവർക്ക് മേൽ കേസ് ചാർജ്ജ് ചെയ്യുകയും അതേവർഷം ഡിസംബർ 11 ന് അവരെ കോടതിയിൽ ഹാജരാക്കുകയും ചെയ്തു.

ഇരകളിൽ ചിലർ ധൈര്യം സംഭരിച്ച് റിപ്പോർട്ട് ചെയ്യാൻ മുൻപോട്ട് വന്നതാണ് ഇത് പുറം ലോകം അറിയുവാനും പ്രതികൾ പിടിക്കപ്പെടാനും കാരണമായത് എന്ന് ഡിറ്റക്ടീവ് ചീഫ് ഇൻസ്പെക്ടർ ഒലിവർ കോട്ട്‌സ് പറഞ്ഞു. കഴിഞ്ഞ രണ്ട് വർഷമായി നടന്ന വിചാരണയിൽ ഞെട്ടിക്കുന്ന വിവരങ്ങളായിരുന്നു പുറത്തു വന്നത്. 14 ൽ അധികം ബലാത്സംഗ കേസുകളിൽ പ്രതിചേർത്ത അസിഫ് അലിയെ പോലുള്ളവർ പെൺകുട്ടികളോട് കാണിച്ച ക്രൂരത വിവരിക്കാൻ ആകില്ലെന്ന് പൊലീസ് പറയുന്നു.