- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലേന്നുവരെ പ്രതിശ്രുതവധുവുമായി ഫോണിൽ സംസാരിച്ചു; വിവാഹത്തിന് രണ്ടുദിവസം മുമ്പ് കാണാതായി; പാലക്കാട്ടെ യുവാവിനെ രണ്ടാഴ്ചയ്ക്ക് ശേഷം കണ്ടെത്തിയത് വിശാഖപട്ടണത്ത് വെച്ച്; സാമ്പത്തിക പ്രതിസന്ധിയാലുള്ള ഒളിച്ചോട്ടമെന്ന് സൂചന
പുതുനഗരം(പാലക്കാട്): പാലക്കാട്ടു നിന്നും കാണാതായ യുവാവിനെ ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു വെച്ചു കണ്ടെത്തി. വിവാഹത്തിന് രണ്ട് ദിവസം മുമ്പ് കാണാതായ യുവാവിനെ തേടി പൊലീസ് അന്വേഷണത്തിന് ഒടുവിലാണ് വിശാഖപട്ടണത്തു വെച്ച് കണ്ടെത്തിയത്. ഓഗസ്റ്റ് 26-നാണ് പുതുനഗരം കരിപ്പോട് കൂനംകുളമ്പ് പ്രിയദർശിനി കോളനിയിൽ ചാത്തുവിന്റെയും ലക്ഷ്മിയുടെയും മകൻ സി. പ്രതീഷിനെ (31) കാണാതായത്.
സൈബർ സെല്ലിന്റെ സഹായത്തോടെ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് പ്രതീഷ് കസ്റ്റഡിയിലുണ്ടെന്ന വിവരം വിശാഖപട്ടണത്ത് നാലാം നമ്പർ പൊലീസ് സ്റ്റേഷനിൽനിന്ന് കേരള പൊലീസിന് ലഭിച്ചത്. പുതുനഗരം പൊലീസ് വെള്ളിയാഴ്ച രാത്രി വിശാഖപട്ടണത്തേക്ക് തിരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 26-ന് രാവിലെ കിണാശ്ശേരിയിലെ സുഹൃത്തുക്കളെ കല്യാണം വിളിക്കാൻപോയ പ്രതീഷിനെ കാണാതാവുകയായിരുന്നു. തുടർന്ന്, വീട്ടുകാർ പുതുനഗരം പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ ഫോണിന്റെ ലൊക്കേഷൻ അവസാനമായി കണ്ടത് കോയമ്പത്തൂർ ചാവടിയിലാണ്. ഫോൺ ഓഫാക്കിയതോടെ ആ നിലയ്ക്കുള്ള അന്വേഷണം മുന്നോട്ടുപോയില്ല.
29-ന് മുതലമട കോട്ടയമ്പലം സ്വദേശിനിയുമായി നടക്കാനിരുന്ന വിവാഹം മുടങ്ങി. ബെംഗളൂരു, ചെന്നൈ, കോയമ്പത്തൂർ തുടങ്ങിയ സ്ഥലങ്ങളിൽ ഓൺലൈൻ ട്രേഡിങ് നടത്തിയിരുന്ന പ്രതീഷിന് ആ നിലയിൽ പണം നഷ്ടമായിട്ടുണ്ടാകുമെന്നാണ് പൊലീസ് നൽകിയ വിവരം. കാണാതാകുന്നതിന് തലേന്നുവരെ പ്രതിശ്രുതവധുവുമായി ഫോണിൽ സംസാരിച്ചിട്ടുണ്ട്.
കല്യാണത്തിന് വസ്ത്രങ്ങൾ വാങ്ങിച്ചെങ്കിലും പ്രതീഷ് താലിമാല വാങ്ങിയിരുന്നില്ല. ബന്ധുക്കൾ രണ്ടുലക്ഷം രൂപ നൽകി സഹായിച്ചിട്ടും താലിമാല വാങ്ങാത്തതു സംബന്ധിച്ച് വീട്ടുകാർ ചോദിച്ചപ്പോൾ പണം വരാനുണ്ടെന്ന മറുപടിയാണ് നൽകിയത്. പ്രതീഷ് ബാർബർഷോപ്പ് നടത്തിയിരുന്ന കിണാശ്ശേരിയിലെ പലരോടും പണം ചോദിച്ചിട്ടുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയാലാണ് യുവാവ് ഒളിച്ചോടിയതെന്നാണ് പുറത്തുവരുന്ന സൂചനകൾ.
മറുനാടന് മലയാളി ബ്യൂറോ