- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
മുളിയാത്തോടിൽ വരേണ്ടത് എൻഐഎ
കണ്ണൂർ: പാനൂർ സ്‌ഫോടനം എൻഐഎയ്ക്ക് വിടണമെന്ന ആവശ്യം ശക്തം. സ്റ്റീൽ ബോംബുകളാണ് നിർമ്മിച്ചത്. അതുകൊണ്ടു തന്നെ നടന്നത് ഭീകര പ്രവർത്തനമാണ്. പ്രതികൾക്കെതിരെ യുഎപിഎ ചുമത്തുന്നതിനൊപ്പം അന്വേഷണം കേന്ദ്ര ഏജൻസിക്ക് കൈമാറണമെന്നാണ് ആവശ്യം ബോംബ് നിർമ്മാണ ക്യാമ്പാണ് നടന്നതെന്ന് ഏതാണ്ട് വ്യക്തമായിട്ടുണ്ട്.
ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവത്തിൽ പാർട്ടിയുടെ പ്രാദേശിക പ്രവർത്തകരായ 4 പേർ അറസ്റ്റിലായി. ചെറുപ്പറമ്പ് അടുങ്കുടിയവയലിൽ അടുപ്പുകൂട്ടിയപറമ്പത്ത് ഷബിൻലാൽ (27), സെൻട്രൽ കുന്നോത്തുപറമ്പിലെ കിഴക്കയിൽ അതുൽ (30), ചെണ്ടയാട് പാടാന്റതാഴ ഉറപ്പുള്ളകണ്ടിയിൽ അരുൺ (29), കുന്നോത്തുപറമ്പ് ചിറക്കരാണ്ടിമ്മൽ സായൂജ് (24) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ സഹചര്യത്തിലാണ് അന്വേഷണം എൻഐഎയ്ക്ക് കൈമാറണമെന്ന ആവശ്യം ഉയരുന്നത്.
പാനൂർ സംഭവത്തിനു പിന്നാലെ, സംസ്ഥാന വ്യാപക പരിശോധന നടത്താൻ ഡിജിപി എല്ലാ ജില്ലാ പൊലീസ് മേധാവികൾക്കും നിർദ്ദേശം നൽകി. മുൻപു ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ടവരെ കർശന നിരീക്ഷണത്തിലാക്കാനും ബോംബ് നിർമ്മിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളിലും രാഷ്ട്രീയ സംഘർഷ മേഖലകളിലും കർശന പരിശോധന നടത്താനും നിർദ്ദേശമുണ്ട്. പാനൂരിൽ ബോംബ് നിർമ്മാണ വിദഗ്ധരുടെ ക്യാമ്പുണ്ടായിരുന്നു. പത്തു ദിവസമായി ഇവിടെ ബോംബ് നിർമ്മകിക്കുകയായിരുന്നുവെന്നും സൂചനകളുണ്ട്. ഈ സാഹചര്യത്തിലാണ് യുഎപിഎ ചുമത്തണമെന്ന ആവശ്യം ശക്തമാകുന്നത്. നാലു പേരാണ് അറസ്റ്റിലായത്.
മുളിയാത്തോട്ടിലെ വീടിന്റെ ടെറസിൽ ബോംബ് നിർമ്മാണം നടക്കുമ്പോൾ 4 പേരും സ്ഥലത്തുണ്ടായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സംസ്ഥാനം വിടാനുള്ള ശ്രമത്തിനിടെ പുലർച്ചെ പാലക്കാട് റെയിൽവേ സ്റ്റേഷനിൽനിന്നാണ് സായൂജിനെ പിടികൂടിയത്. പരുക്കേറ്റവരെ ആശുപത്രിയിലെത്തിച്ച അരുണിനെയാണ് പൊലീസ് ആദ്യം കസ്റ്റഡിയിലെടുത്തത്. പിന്നാലെ അതുലിനെയും ഷബിൻലാലിനെയും പിടികൂടി. രാവിലെ ഇവരുമായി മുളിയാത്തോട്ടെ വീട്ടിലെത്തിയ പൊലീസ് തെളിവെടുപ്പ് നടത്തി. ഷബിൻലാൽ നൽകിയ സൂചനപ്രകാരം നൽകിയ തിരച്ചിലിൽ വീടിന്റെ പരിസരത്തെ മതിലിലും കുറ്റിക്കാട്ടിലും ഒളിപ്പിച്ച നിലയിൽ 7 സ്റ്റീൽ ബോംബുകൾ കണ്ടെടുത്തു.
10 പേർ ബോംബ് നിർമ്മാണത്തിൽ പങ്കെടുത്തുവെന്നാണു പൊലീസ് നൽകുന്ന സൂചന. ഒളിവിൽ കഴിയുന്ന 2 പേരെക്കുറിച്ച് പൊലീസിനു വിവരം ലഭിച്ചു. അറസ്റ്റ് ഉടൻ ഉണ്ടാകും. ഇവരിൽ ഷിജാൽ എന്നയാളും ഗുരുതരമായി പരുക്കേറ്റു ചികിത്സയിലുള്ള വിനീഷുമാണ് ബോംബ് നിർമ്മാണത്തിന്റെ സൂത്രധാരന്മാരെന്നു പൊലീസ് സൂചിപ്പിക്കുന്നു. ഷിജാലിനെ പിടികൂടിയാലേ ബോംബ് നിർമ്മിച്ചതിന്റെ ഉദ്ദേശ്യമെന്തെന്നു വ്യക്തമാകൂ. വിനോദ്, അശ്വന്ത് എന്നിവരാണ് ചികിത്സയിലുള്ള മറ്റു രണ്ടുപേർ. അങ്ങനെയാണ് നാലുപേരു പങ്കാളിത്തം ഉറപ്പിച്ചത്. ഇതിന് അപ്പുറം ഉന്നത നേതൃത്വത്തിന്റെ അറിവും സമ്മതവും ഉണ്ടായിരുന്നുവെന്നും സംശയമുണ്ട്. ഇത് കണ്ടെത്താനാണ് കേന്ദ്ര ഏജൻസിയുടെ അന്വേഷണം അനിവാര്യമാകുന്നത്.
വെള്ളിയാഴ്ച പുലർച്ചെയാണ് കുന്നോത്തുപറമ്പ് മുളിയാത്തോട്ടിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ ബോംബ് നിർമ്മിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് സിപിഎം പ്രവർത്തകനായ കൈവേലിക്കൽ എലിക്കൊത്തീന്റവിട കാട്ടീന്റവിട ഷെറിൻ കൊല്ലപ്പെട്ടത്. ഷെറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റ്‌മോർട്ടത്തിനു ശേഷം വൈകിട്ട് അഞ്ചരയോടെ വീട്ടുവളപ്പിൽ സംസ്‌കരിച്ചു.
പാനൂർ സ്‌ഫോടനത്തിന് പിന്നാലെ ബോംബ് രാഷ്ട്രീയം തെരഞ്ഞെടുപ്പിൽ സജീവ ചർച്ചയാക്കുകയാണ് യുഡിഎഫ്. പരാജയഭീതിയിൽ സിപിഎം ബോംബ് രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുവെന്നാണ് യുഡിഎഫിന്റെ ആരോപണം. ബോംബ് എങ്ങനെയാണ് തെരഞ്ഞെടുപ്പ് ഉപകരണം ആകുന്നതെന്ന് സിപിഎം വ്യക്തമാക്കണമെന്ന് വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ പറഞ്ഞു. കലാപാസൂത്രണവും അന്വേഷണ വിധേയമാക്കണമെന്നും ആവശ്യപ്പെട്ടു. ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ പാനൂരിൽ യുഡിഎഫ് സമാധാന സന്ദേശ റാലിയും സംഘടിപ്പിച്ചു.
എന്നാൽ, സംഭവത്തിൽ പാർട്ടിക്ക് ബന്ധമില്ലെന്ന നിലപാട് മുഖ്യമന്ത്രയും സിപിഎം സംസ്ഥാന സെക്രട്ടറിയും ആവർത്തിച്ചു. പാനൂർ സ്‌ഫോടനം തീർത്തും നിയമവിരുദ്ധമായ പ്രവർത്തനമാണെന്നും പൊലീസ് ഗൗരവമായി അന്വേഷണം നടത്തുന്നുണ്ടന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി..