കണ്ണൂർ: പാനൂർ സ്‌ഫോടനകേസിൽ നിരപരാധികളായ ഡിവൈഎഫ്‌ഐ നേതാക്കളെ പ്രതികളാക്കുന്നുവെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വാദത്തെ തള്ളി പൊലീസ്. അറസ്റ്റിലായ ഡിവൈഎഫ്‌ഐ നേതാവ് അമൽ ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ് റിപ്പോർട്ട്. തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ഗുരുതര ആരോപണമാണ് പൊലീസ് ഉന്നയിക്കുന്നത്. 'രക്ഷാപ്രവർത്തനം' എന്ന സിപിഎം സെക്രട്ടറിയുടെ വാദങ്ങളെ തള്ളുകയാണ് പൊലീസ്.

ബോംബ് നിർമ്മാണം സ്‌ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ട സംഘത്തിന് പ്രതിരോധം തീർക്കാനായിരുന്നുവെന്നാണ് പൊലീസും മനസിലാക്കുന്നത്. ഗുണ്ടാ സംഘത്തിൽ ഉൾപ്പെട്ടവർ ഡി വൈ എഫ് ഐ യൂണിറ്റ് സെക്രട്ടറിയും ജോയിന്റ് സെക്രട്ടറിയുമായതിലാണ് ഇപ്പോൾ ഡി വൈ എഫ് ഐയും സി പി എമ്മും പ്രതിസന്ധിയിലായിരിക്കുന്നത്. അതിനിടെ പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഉൾപ്പെട്ടവർക്ക് എതിരെ കാപ്പ ചുമത്താനുള്ള നീക്കവും പൊലീസ് ആരംഭിച്ചിട്ടുണ്ട്. എന്നാൽ യുഎപിഎ ചുമത്തണമെന്നാണ് ആവശ്യം. കേസ് എൻ ഐഎയ്ക്ക വിട്ടുകൊടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് കാപ്പ ചുമത്തി കേസ് പൊലീസ് തന്നെ അന്വേഷിക്കും എന്ന് ഉറപ്പിക്കാനുള്ള നീക്കം.

അതിനിടെയാണ് റിമാൻഡ് റിപ്പോർട്ട് പുറത്തു വന്നത്, സ്‌ഫോടനം നടന്ന ഉടനെ അമൽ സംഭവസ്ഥലത്തെത്തി. പ്രദേശത്തുണ്ടായിരുന്ന മറ്റു ബോംബുകൾ 200 മീറ്റർ അകലെ ഒളിപ്പിച്ചുവച്ചു. കൂടാതെ സംഭവസ്ഥലത്ത് മണൽ കൊണ്ടുവന്നിട്ട് തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. ബോംബ് നിർമ്മിച്ചവരുമായി ഇയാൾ ഫോണിൽ ആശയവിനിമയം നടത്തിയത് സംബന്ധിച്ച തെളിവുകളും പൊലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സിപിഎമ്മിന്റെ കുന്നോത്ത് പറമ്പിലെ വൊളന്റിയർ ക്യാപ്റ്റനാണ് അമൽ ബാബു. നേരത്തെ ഡിവൈഎഫ്ഐയുടെ മീത്തലെ കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറിയായിരുന്നു.

തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് പാർട്ടിയെ തകർക്കാനുള്ള നീക്കമാണ് നടക്കുന്നതെന്നും ബോംബ് പൊട്ടിയ സ്ഥലത്ത് സന്നദ്ധ പ്രവർത്തനത്തിനെത്തിയ ഡിവൈഎഫ്ഐ സഖാവിനേയാണ് പൊലീസ് പ്രതിചേർത്തതെന്നും എം.വി ഗോവിന്ദൻ ആരോപിച്ചിരുന്നു. നാട്ടുകാരെല്ലാം ഓടിക്കൂടിയപ്പോൾ അതിന്റെ മുൻപന്തിയിൽ നിന്ന് അവരെ ആശുപത്രിയിലേക്ക് നീക്കാനും ചികിത്സ നൽകാനുംവേണ്ടി പ്രവർത്തിച്ചത് ഒരു ഡി.വൈഎഫ്.ഐ പ്രവർത്തകനാണ്. ഇപ്പോൾ ഇതിന്റെ എല്ലാ ഭാഗവും അന്വേഷിച്ചപ്പോൾ പൊലീസ് അദ്ദേഹത്തെ പിടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

പാനൂരിൽ ബോംബ് നിർമ്മാണത്തിന് ആവശ്യമായ സ്‌ഫോടക വസ്തുക്കളടക്കം ലഭിക്കാൻ പ്രതികൾക്ക് സഹായം ലഭിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ച് പൊലീസ് നീക്കം തുടങ്ങി. എല്ലാ പ്രതികളും കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ബോംബ് നിർമ്മാണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തൽ. അതേസമയം അറസ്റ്റിലായ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാക്കൾ എങ്ങനെ ഗുണ്ടാസംഘത്തിൽ ഉൾപെട്ടുവെന്നതിൽ പാർട്ടിക്ക് മറുപടി പറയേണ്ടി വരും.

പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ഷിജാൽ പിടിയിലായതോടെയാണ് ബോംബ് നിർമ്മാണത്തിന്റെ ചുരുൾ അഴിഞ്ഞത്. രണ്ട് ഗുണ്ടാ സംഘങ്ങൾ അവരുടെ കുടിപ്പകകൾ, പാനൂർ ബോംബ് സ്‌ഫോടന കേസിലെ അന്വേഷണ വഴിയിൽ പൊലീസും മനസിലാക്കുന്നത് ഇതാണ്. ഈ പകയ്ക്ക് രാഷ്ട്രീയ മുഖം ഉണ്ടാകാനുള്ള സാധ്യതയും അന്വേഷണം സംഘം പരിശോധിക്കുന്നുണ്ട്. ദീർഘനാളായുള്ള പക കുയിമ്പിൽ ക്ഷേത്ര ഉത്സവ സ്ഥലത്ത് നടന്ന സംഘർഷത്തിലൂടെ വീണ്ടും മൂർച്ഛിച്ചു.