കണ്ണൂർ: പാനൂർ ബോംബ് സ്‌ഫോടന കേസിൽ സിപിഎം എല്ലാ അർത്ഥത്തിലും പ്രതിരോധത്തിൽ. വടകരയിൽ യുഡിഎഫ് ഇത് അതിശക്തമായ പ്രചരണ വിഷയമാക്കും. സ്‌ഫോടനത്തിൽ രണ്ടു പേർ കൂടി അറസ്റ്റിലായി. ഉച്ചയോടെ കസ്റ്റഡിയിലെടുത്ത അമൽ ബാബു, മിഥുൻ എന്നിവരുടെ അറസ്റ്റ് ആണ് പൊലീസ് രേഖപ്പെടുത്തിയത്. ഇവരെ വിശദമായി ചോദ്യം ചെയ്തശേഷമാണ് അറസ്റ്റ്. സംഭവ നടക്കുമ്പോൾ സ്ഥലത്ത് ഉണ്ടായിരുന്നയാളാണ് അമൽ എന്നാണ് പൊലീസ് പറയുന്നത്. ഇവരും സിപിഎമ്മുകാരാണ്. ഇതോടെ പാനൂരിൽ സിപിഎം ഇടപെടൽ വ്യക്തമാണെന്നാണ് കോൺഗ്രസ് വിശദീകരണം.

അറസ്റ്റിലായ അമൽ ബാബു ഡിവൈഎഫ്‌ഐ പ്രവർത്തകനാണ്. സിപിഎം റെഡ് വളണ്ടിയറുമായിരുന്നു. അറസ്റ്റിലായ മിഥുൻ ബോംബ് നിർമ്മിക്കാനുള്ള ഗൂഢാലോചനയിൽ പങ്കെടുത്തയാളാണെന്നും പൊലീസ് പറയുന്നു. കേസിൽ രണ്ടു പേർ ഒളിവിലാണ്. പരിക്കേറ്റ മൂന്ന് പേരെ കൂടാതെ ആറുപേരാണ് ഇതുവരെ അറസ്റ്റിലായത്. എല്ലാവർക്കും ഇടതു ബന്ധമുണ്ട്. ഈ സംഭവത്തിൽ സിപിഎം സ്ഥാനാർത്ഥി കെകെ ശൈലജ കടുത്ത അതൃപ്തിയിലാണ്. സിപിഎം സംസ്ഥാന നേതൃത്വത്തെ അവർ ഇത് അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ പാർട്ടിതല അന്വേഷണം വേണമെന്നാണ് ശൈലജയുടെ ആവശ്യം.

ഒളിവിലുള്ള രണ്ടു പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ആർക്കു വേണ്ടിയാണ് ബോംബ് നിർമ്മിച്ചതെന്ന നിർണായക വിവരം തേടിയാണ് പൊലീസ് അന്വേഷണം. ഒളിവിലുള്ള പ്രതികളെ പിടികൂടാനായാൽ ഇക്കാര്യം വ്യക്തമാകുമെന്നാണ് പൊലീസ് പറയുന്നത്. ഒളിവിലുള്ള പ്രതികൾക്കായുള്ള തിരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. പിണറായിയുടെ പൊലീസാണ് പ്രതികളെ പിടികൂടിയത്. അതുകൊണ്ട് തന്നെ ബന്ധമില്ലെന്ന് ഇനി സിപിഎമ്മിന് പറയാനാകില്ല. ഈ സാഹചര്യത്തെ കോൺഗ്രസ് ഫലപ്രദമായി ഉപയോഗിക്കുന്നുണ്ട്.

ബോംബ് നിർമ്മിക്കാൻ മുൻകൈയെടുത്ത ഷിജാൽ, അക്ഷയ് എന്നിവരെയാണ് കണ്ടെത്താനുള്ളത്. ഷിജാലിനെ പിടികൂടിയാൽ ബോംബ് നിർമ്മിച്ചത് ആർക്ക് വേണ്ടിയെന്ന് വ്യക്തമാകുമെന്നാണ് പൊലീസ് കരുതുന്നത്. സ്‌ഫോടനത്തിൽ പരുക്കേറ്റ വിനീഷിന്റെ നില ഇപ്പോഴും ഗുരുതരമായി തുടരുകയാണ്. വനീഷും സിപിഎം നേതാവിന്റെ മകനാണ്. അതിനിടെ മകനെ തള്ളി പറഞ്ഞ് അച്ഛൻ രംഗത്തു വരികയും ചെയ്തു. ഇത് കാര്യമാക്കാതെയാണ് കോൺഗ്രസ് കടന്നാക്രമണം. വടകരയിൽ അക്രമ രാഷ്ട്രീയം വീണ്ടും ചർച്ചകളിൽ എത്തി. ഇത് വോട്ടായി മാറുമെന്നാണ് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ പ്രതീക്ഷ.

അതേസമയം,പാനൂർ ബോംബ് സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിൽ കണ്ണൂരിൽ വിവിധയിടങ്ങളിൽ ബോംബ് സ്‌ക്വാഡിന്റെ വ്യാപക പരിശോധന നടന്നുവരികയാണ്. പാനൂർ, കൊളവല്ലൂർ, കൂത്തുപറമ്പ് മേഖലകളിലാണ് ബോംബ് സ്‌ക്വാഡിന്റെ പരിശോധന നടക്കുന്നത്. ശനിയാഴ്ച കണ്ണൂർ-കോഴിക്കോട് അതിർത്തി പ്രദേശങ്ങളിലും ബോംബ് സ്‌ക്വാഡ് അടക്കം പരിശോധന നടത്തിയിരുന്നു. പാനൂർ സ്‌ഫോടനത്തിന് പിന്നാലെ സംസ്ഥാനമാകെയും സുരക്ഷ വർധിപ്പിക്കുന്നതിന്റെ ഭാഗമായി പൊലീസ് പരിശോധനകളും വ്യാപകമാക്കിയിട്ടുണ്ട്.

പാനൂർ ബോംബ് സ്ഫോടനത്തിൽ മരിച്ച ഷെറിന്റെ വീട്ടിൽ സിപിഎം പ്രാദേശിക നേതാക്കൾ പോയ സംഭവത്തോടെ വടകരയിൽ തന്നെ തോൽപ്പിക്കാൻ പാർട്ടിക്കുള്ളിൽ ഗൂഢാലോചനയുണ്ടെന്ന സംശയവുമായി സ്ഥാനാർത്ഥി കെകെ ശൈലജ രംഗത്തു വന്നിട്ടുണ്ട്. ടി പി ചന്ദ്രശേഖരന്റെ വധം ചർച്ചയാക്കിയ സംഘത്തിന് ഇതിലും പങ്കുണ്ടെന്നാണ് ആരോപണം. ശൈലജയുടെ കടുത്ത അതൃപ്തി മനസ്സിലാക്കിയാണ് ജില്ലാ നേതൃത്വത്തിനെതിരെ സിപിഎം സംസ്ഥാന നേതൃത്വം നിലപാട് എടുത്തത്. എന്തുകൊണ്ടാണ് വടകരയെ ലക്ഷ്യമിട്ട് മാത്രം സിപിഎമ്മിനുള്ളിൽ നിന്നു തന്നെ വിവാദങ്ങളുണ്ടാകുന്നുവെന്ന ചോദ്യമാണ് ശൈലജ അനുകൂലികൾ ഉയർത്തുന്നത്.

തന്റെ അതൃപ്തിയും വിലയിരുത്തലുകളും ശൈലജ പാർട്ടി കേന്ദ്ര നേതാക്കളേയും അറിയിച്ചിട്ടുണ്ട്. തന്റെ ഇമേജു കൊണ്ട് മാത്രം വടകര തിരിച്ചു പിടിക്കാൻ കഴിയില്ലെന്നാണ് ശൈജല നേതൃത്വത്തെ അറിയിച്ചത്. പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനേയും കാര്യങ്ങൾ ധരിപ്പിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പുകാലത്ത് സംഭവിക്കാൻ പാടില്ലാത്തതാണ് പാനൂരിലുണ്ടായതെന്നാണ് ആക്ഷേപം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ഷെറിലിന്റെ വീട് സന്ദർശിച്ച് സിപിഎം. നേതാക്കൾ തന്നെ രാഷ്ട്രീയ എതിരാളികൾക്ക് ആയുധം നൽകി. പാനൂർ ഏരിയ കമ്മിറ്റി അംഗം സുധീർ കുമാറും ചെറുവാഞ്ചേരി എൽ.സി. അംഗം എ.അശോകനുമാണ് വീട് സന്ദർശിച്ചത്. ഷെറിലിന്റെ സംസ്‌കാര ചടങ്ങിൽ എംഎ‍ൽഎ. കെ.പി.മോഹനനും പങ്കെടുത്തു.

നേതാക്കൾ വീട് സന്ദർശിച്ചെങ്കിൽ അത് ജാഗ്രത കുറവാണെന്ന് പാനൂർ ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുള്ളയ്ക്കും സമ്മതിക്കേണ്ടി വന്നു. പാർട്ടി വിരുദ്ധൻ എന്നാണ് ഷെറിലിനെ എന്ന് കുഞ്ഞബ്ദുള്ള വിശദീകരിച്ചത്. അവിടേക്കാണ് സിപിഎം നേതാക്കളും എംഎൽഎയും പോയത്. പരിചയക്കാർ എന്ന നിലയിലാണ് പോയതെന്ന് നേതാക്കൾ പറയുമ്പോഴും സിപിഎമ്മിന് അത് തീരാ നാണക്കേടായി.