കണ്ണൂർ: പാനൂർ ബോംബ് നിർമ്മാണക്കേസിൽ അഞ്ച് പ്രതികളുടെ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയിലാണ് അരുൺ, സബിൻ ലാൽ, അതുൽ, സായൂജ്, അമൽ ബാബു എന്നിവർ ജാമ്യപേക്ഷ നൽകിയത്. ബോംബ് നിർമ്മാണത്തെ കുറിച്ച് അറിവില്ലെന്നും സംഭവം അറിഞ്ഞു ഓടിയെത്തിയവരെന്നുമാണ് പ്രതികളുടെ വാദം. പൊലീസ് വാദങ്ങൾ ഖണ്ഡിക്കാൻ വേണ്ടിയാണ് ഇവർ ജാമ്യാപേക്ഷയുമായി രംഗത്തുവന്നത്.

അതേസമയം, എല്ലാവർക്കും ബോംബ് ഉണ്ടാക്കുന്ന വിവരം അറിയാമായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. ബോംബുകൾ ഒളിപ്പിച്ചെന്നും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചെന്നും റിമാൻഡ് റിപ്പോർട്ടിലുണ്ട്. സ്‌ഫോടക വസ്തുക്കൾ എവിടെ നിന്ന് എത്തിച്ചു എന്നതിൽ കൃത്യമായ സൂചന പൊലീസിന് കിട്ടി എന്നാണ് വിവരം. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ പശ്ചാത്തലത്തിൽ പൊലീസ് പ്രതികളുടെ ജാമ്യാപേക്ഷയെ എതിർക്കുമോ എന്നാണ ഇനി അറിയേണ്ടത്.

അതേസമയം യുഡിഎഫ് നേതാക്കൾ ഇന്ന് പാനൂർ സന്ദർശിക്കും. ബോംബ് സ്‌ഫോടന സ്ഥലം സന്ദർശിക്കും. സ്‌ഫോടന കേസ് പ്രത്യേക അന്വേഷണ സംഘം അന്വേഷിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് രംഗത്ത് എത്തിയിരുന്നു. ഈ ആവശ്യം ഉന്നയിച്ച് തിരഞ്ഞടുപ്പ് കമ്മീഷന് പരാതി നൽകി. യുഡിഎഫ് വടകര പാർലമെന്റ് തെരഞ്ഞെടുപ്പ് കമ്മറ്റിയാണ് പരാതി നൽകിയത്. പൊലീസ് വ്യക്തമായ അന്വേഷണം നടത്താത്ത സാഹചര്യത്തിലാണ് പ്രത്യേക അന്വേഷണം ആവശ്യപ്പെടുന്നതെന്ന് യുഡിഎഫ് നേതാക്കൾ വ്യക്തമാക്കി.

തോൽവി ഭയന്ന് സിപിഐഎം ആയുധം സംഭരിക്കാൻ ശ്രമം തുടങ്ങിയതായും വോട്ടെടുപ്പിൽ നിന്ന് ജനങ്ങളെ അകറ്റാനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നും യുഡിഎഫ് ആരോപിച്ചു. പാനൂരിൽ ബോംബ് സ്‌ഫോടനം കുടിപ്പകയുടെ ഭാഗമാണെന്നും പിന്നിൽ രാഷ്ട്രീയമില്ലെന്നുമാണ് സിപിഎമ്മിന്റെ ആരോപണം. പ്രതിപ്പട്ടിയിൽ ഉൾപെട്ട ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്ഷാപ്രവർത്തകർ ആണെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം. എന്നാൽ, കേസിൽ അറ്‌സറ്റിലായ 12 പ്രതികളും സിപിഐഎം പ്രവർത്തകരാണ്.

അതിനിടെ പാനൂരിൽ ബോംബ് നിർമ്മിക്കാനുള്ള സ്റ്റീൽ പാത്രങ്ങൾ വാങ്ങിയത് കല്ലിക്കണ്ടിയിൽ നിന്നാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. പ്രതികളായ ഷിജാൽ, ഷബിൻ ലാൽ എന്നിവരാണ് കല്ലിക്കണ്ടിയിൽ നിന്ന് ബോംബ് നിർമ്മാണ വസ്തുക്കൾ വാങ്ങിയതെന്നും വ്യക്തമായി.

ഷിജാൽ ഡിവൈഎഫ്ഐ ഭാരവാഹിയാണ്. സ്ഫോടക വസ്തുക്കൾ എവിടെ നിന്നാണ് എത്തിച്ചതെന്നത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ, പാനൂരിൽ പൊലീസ് നടത്തിയ പരിശോധനയിൽ എട്ടു സ്റ്റീൽ ബോംബുകൾ കണ്ടെടുത്തിരുന്നു. കൂടുതൽ ബോംബുകൾ നിർമ്മിച്ചിട്ടുണ്ടാകാമെന്നാണ് പൊലീസിന്റെ വിലയിരുത്തൽ. ബോംബ് നിർമ്മാണ സാമഗ്രികൾ സ്ഥലത്തു നിന്നും മാറ്റിയതായി പൊലീസ് സൂചിപ്പിക്കുന്നു.

പ്രതികൾ ബോംബ് നിർമ്മിച്ചത് രാഷ്ട്രീയ എതിരാളികളെ ലക്ഷ്യമിട്ടാണെന്ന പൊലീസിന്റെ റിമാൻഡ് റിപ്പോർട്ട് കഴിഞ്ഞദിവസം പുറത്തു വന്നിരുന്നു. ബോംബ് നിർമ്മാണത്തെ കുറിച്ച് മുഴുവൻ പ്രതികൾക്കും അറിവുണ്ടായിരുന്നു. ഡിവൈഎഫ്ഐ ഭാരവാഹികൾ ഉൾപ്പെടെയുള്ളവർ തെളിവ് നശിപ്പിക്കാനും ശ്രമിച്ചു. ഡിവൈഎഫ്ഐ കൂന്നോത്ത്പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാൽ ആണ് മുഖ്യ ആസൂത്രകനെന്നും റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.