കണ്ണൂർ: പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ പരിക്കേറ്റ വിനീഷിന് സിപിഎമ്മുമായി യാതൊരു ബന്ധവുമില്ലെന്ന് അച്ഛൻ നാണു. സിപിഎമ്മുമായോ പോഷക സംഘടനകളുമായോ മകന് ബന്ധമില്ലെന്ന് സിപിഎം മുളിയാത്തോട് ബ്രാഞ്ച് അംഗം കൂടിയായ നാണു പറഞ്ഞു.

ബോംബ് നിർമ്മാണം പാർട്ടിയുടെ അറിവോടെയല്ല നടന്നത്. മകൻ തെറ്റായ വഴിയിൽ പോയപ്പോൾ പല തവണ പാർട്ടിയും താനും ഉപദേശിച്ചതാണ്. അവനും അവനോടൊപ്പമുണ്ടായിരുന്നവരും വ്യക്തിപരമായി കാര്യങ്ങൾക്കായി ചെയ്ത കാര്യമാണിത്. പലപ്രാവശ്യം ഇതിനെ എതിർത്ത് പറഞ്ഞതാണ്. ഒടുവിൽ വഴങ്ങാതായതോടെ ഗത്യന്തരമില്ലാതെ ആറു മാസം മുമ്പ് പാർട്ടി പരസ്യമായി തള്ളി പറഞ്ഞതാണെന്നും പാർട്ടി അംഗത്വവും ഒരിക്കലും ഉണ്ടായിരുന്നില്ലെന്നും നാണു പറഞ്ഞു.

തിരഞ്ഞെടുപ്പ് മുന്നിൽകണ്ട് എതിരാളികൾ കുപ്രചരണം നടത്തുകയാണ്. സത്യസന്ധമായ അന്വേഷണം നടത്തി സ്‌ഫോടനത്തിന് പിന്നിൽ പ്രവർത്തിച്ച ശക്തികളെ നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും നാണു ആവശ്യപ്പെട്ടു. സിപിഐഎം മുളിയാത്തോട് ബ്രാഞ്ച് കമ്മിറ്റി അംഗമാണ് നാണു.

പാനൂർ കൈവേലിക്കൽ മുളിയാത്തോട് ഏപ്രിൽ അഞ്ചിന് പുലർച്ചെ രാത്രി ഒരു മണിയോടെയാണ് ബോംബ് സ്‌ഫോടനമുണ്ടായത്. ബോംബ് നിർമ്മാണത്തിനിടെയാണ് അപകടമുണ്ടായത്. അപകടത്തിൽ വിനീഷിന്റെ ഇരുകൈപ്പത്തികളും അറ്റുപോയിരുന്നു. സ്ഫോടനത്തിൽ മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഷെറിൽ മരിച്ചു. നാല് പേർക്കായിരുന്നു സ്ഫോടനത്തിൽ പരിക്കേറ്റത്.

ഇതിനിടെ ഷെറിലിന്റെ വീട്ടിൽ സിപിഐഎം നേതാക്കളെത്തിയിരുന്നു. സിപിഐഎം പാനൂർ ഏരിയാ കമ്മിറ്റി അംഗം സുധീർ കുമാർ, പൊയിലൂർ ലോക്കൽകമ്മിറ്റി അംഗം എ അശോകൻ എന്നിവരാണ് വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടത്. ശവസംസ്‌കാരത്തിന് മുൻപായിരുന്നു നേതാക്കൾ വീട്ടിലെത്തിയത്. ഇത് സിപിഎമ്മിനെ വിവാദത്തിലാക്കി. അതേസമയം സിപിഎം കൈകഴുകാൻ ശ്രമിക്കുമ്പോഴും ബോംബ് എന്തിന് ആർക്ക് വേണ്ടി ഉണ്ടാക്കി എന്നത് ഇപ്പോഴും അവ്യക്തമായി തുടരുകയാണ്. ബോംബ് നിർമ്മാണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവർ സിപിഎം ബന്ധമുള്ളവരാണ് താനും.

അതിനിടെ പാനൂർ സ്‌ഫോടന കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. കുന്നോത്ത് പറമ്പ് സ്വദേശി അമൽ ബാബു, മുളിയത്തോട് സ്വദേശി മിഥുൻ എന്നിവരാണ് അറസ്റ്റിലായത്. ഇതോടെ കേസിൽ ആകെ അറസ്റ്റിലായവരുടെ എണ്ണം ആറായി. സ്‌ഫോടനം നടന്ന സ്ഥലത്തുണ്ടായിരുന്നയാളാണ് അമൽ. ഇയാൾ ഡിവൈഎഫ്‌ഐ പ്രാദേശിക നേതാവാണ്. മിഥുൻ ഗൂഢാലോചനയിൽ പങ്കാളിയാണെന്നാണ് പൊലീസ് പറയുന്നത്. ബെംഗളൂരുവിൽ നിന്നാണ് മിഥുനെ പൊലീസ് അറസ്റ്റ് ചെയ്തത്. കർണാടകയിൽ നിന്ന് വെടിമരുന്ന് അടക്കമുള്ള എത്തിച്ച് നൽകി ബോംബുണ്ടാക്കാനുള്ള എല്ലാ സഹായങ്ങളും ചെയ്തു നൽകിയതും മിഥുനാണെന്നാണ് പൊലീസ് പറയുന്നത്.

കുന്നോത്ത്പറമ്പ് സ്വദേശികളായ സി. സായൂജ്, അതുൽ കെ, ചെറുപറമ്പ് സ്വദേശി ഷെബിൻലാൽ, ചെണ്ടയാട് സ്വദേശി അരുൺ എന്നിവരാണ് നേരത്തെ അറസ്റ്റിലായത്. അറസ്റ്റിലായ ഈ നാല് പേരും സിപിഎം അനുഭാവികളാണ്.സ്ഫോടനത്തിൽ നിസ്സാര പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുന്നോത്ത് പറമ്പ് സ്വദേശികളായ വിനോദ്, അശ്വന്ത് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. സ്‌ഫോടനത്തിൽ ഒരാൾ മരിച്ചിരുന്നു.പാനൂർ മുളിയത്തോട് സ്വദേശി ഷെറിൻ കാട്ടിന്റവിട എന്നയാളാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ വിനീഷ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്.

സ്ഫോടന സമയത്ത് സ്ഥലത്ത് 10 പേരുണ്ടായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈപത്തുപേരെയും ഇപ്പോൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ബോംബ് നിർമ്മാണത്തിനായി ആസൂത്രിത ഗൂഢാലോചന നടന്നുവെന്നും പൊലീസ് പറയുന്നു.