- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
പന്തീരങ്കാവ് കേസിലെ പരാതിക്കാരി സംസ്ഥാനം വിട്ടു
കൊച്ചി: പന്തീരങ്കാവ് ഗാർഹിക പീഡന കേസിൽ വൻ ട്വിസ്റ്റായ വെളിപ്പെടുത്തൽ നടത്തിയ യുവതി സംസ്ഥാനം വിട്ടതായി സൂചന. യുവതി സംസ്ഥാനം വിട്ടതായി അന്വേഷണ സംഘം വ്യക്തമാക്കിയിരിക്കുന്നത്. യുവതിയുടെ മൊബൈൽ ഫോണിന്റെ അവസാന ടവർ ലോക്കേഷൻ ഡൽഹിയിൽ നിന്നാണ് ലഭിച്ചാണ്. യുവതിയെ കണ്ടെത്തുന്നതിനായി മൂന്നംഗ സംഘമായാണ് പൊലീസ് അന്വേഷണം നടത്തുന്നത്. പാസ്‌പോർട്ട് ഇല്ലാത്തതിനാൽ രാജ്യം വിടാൻ സാധ്യതയില്ലെന്നാണ് പൊലീസിന്റെ നിഗമനം.
ഈ മാസം 7 നാണ് യുവതി അവസാനമായി ഓഫിസിലെത്തിയത്. ഇവിടെ നിന്ന് ഡൽഹിയിൽ എത്തിയ യുവതി വിഡിയോ റെക്കോർഡ് ചെയ്ത് സ്വന്തമായി യൂട്യൂബ് പേജ് ഉണ്ടാക്കി വിഡിയോ അപ്ലോഡ് ചെയ്യുകയായിരുന്നു. വിവിധ സ്ഥലങ്ങളിൽ നിന്നാണ് വിഡിയോ അപ്ലോഡ് ചെയ്തിരിക്കുന്നത്. പെൺകുട്ടിക്ക് വലിയ പിന്തുണയും നിയമസഹായവും ലഭിക്കുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്.
അവസാനം പോസ്റ്റ് ചെയ്ത വീഡിയോയിൽ താൻ സുരക്ഷിതയാണെന്നും സമ്മർദ്ദം കൊണ്ടാണ് വീട്ടിൽ നിന്നും മാറി നിൽക്കുന്നതെന്നും യുവതി പറയുന്നു. തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ല. താൻ പരാതി നൽകാത്തതിനാലാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസ് എടുക്കാതിരുന്നത്. പലഘട്ടത്തിലും ബന്ധുക്കൾ ആശയക്കുഴപ്പം ഉണ്ടാക്കി.
മാധ്യമങ്ങൾക്ക് മുന്നിൽ കരഞ്ഞ് അഭിനയിക്കാൻ വീട്ടുകാർ നിർബന്ധിച്ചു. ചാർജർ കേബിൾ വെച്ച് കഴുത്ത് ഞെരിച്ചുവെന്ന് പറഞ്ഞത് പച്ചക്കള്ളമാണ്. തന്റെ കഴുത്തിലുള്ളത് ജന്മനാ ഉള്ള പാടാണെന്നും അത് മർദനമേറ്റതിന്റേതല്ലെന്നും യുവതി പറയുന്നുണ്ട്. അതേസമയം, സംഭവത്തിൽ പ്രതിയായ പൊലീസ് ഉദ്യോഗസ്ഥനെ ബുധനാഴ്ച ചോദ്യം ചെയ്തു. രാജ്യം വിട്ട ഒന്നാം പ്രതിയായ രാഹുൽ പി.ഗോപാലിനെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കം പുരോഗമിക്കുകയാണ്.
യുവതിയുടെ പുതിയ വീഡിയോ ഞെട്ടിക്കുന്നതാണ്. തനിക്ക് സത്യം തുറന്നുപറയാൻ നിയമവ്യവസ്ഥ ഒരിക്കൽ കൂടി അവസരം തരുമോ എന്നും പുതുതായി പുറത്തുവിട്ട വിഡിയോയിലൂടെ യുവതി ചോദിക്കുന്നു. താൻ നുണപരിശോധനയ്ക്ക് വിധേയമായാൽ പിതാവും ബന്ധുക്കളും ഇതിന് തയാറാകുമോ എന്നും യുവതി ചോദിക്കുന്നു. ഭർത്താവ് രാഹുൽ പി.ഗോപാലിന് അനുകൂലമായി മൊഴി മാറ്റിപ്പറഞ്ഞതിനു പിന്നാലെ മകളെ ഭർതൃവീട്ടുകാർ കസ്റ്റഡിയിൽ വച്ച് സമ്മർദം ചെലുത്തി പറയിപ്പിക്കുന്നതാണ് ഇതെല്ലാമെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതാണ് യുവതി നിഷേധിക്കുന്നത്. കേസിൽ പൊലീസ് യുവതിയുടെ രഹസ്യമൊഴി മജിസ്ട്രേട്ടിന് മുന്നിൽ രേഖപ്പെടുത്തിയിരുന്നു. അതുകൊണ്ട് തന്നെ പൊലീസിന് ഈ ട്വിസ്റ്റുകൾ വലിയ ആശ്വാസമാണ് നൽകുന്നത്.
യുവതിയുടെ വിശദീകരണം ഇങ്ങനെ: "വീട്ടിൽ നിന്ന് ഇക്കാര്യങ്ങളൊന്നും പറയാൻ പറ്റിയില്ല. തുടക്കം മുതൽ സത്യം പറയാൻ ശ്രമിക്കുന്നു. അതിന്റേതായ സമ്മർദ്ദം അനുഭവിക്കുന്നു. സമ്മർദ്ദവും ഭീഷണിയും ഒഴിവാക്കാനാണ് വീട്ടിൽ നിന്ന് പോന്നത്. എനിക്ക് കുഴപ്പമില്ലെന്ന് അമ്മയെ വാട്സാപ് മെസേജ് വഴി അറിയിച്ചിരുന്നു. അവിടെ നിൽക്കുമ്പോഴുള്ള സമ്മർദവും ഭീഷണിയും താങ്ങാൻ പറ്റുന്നില്ല. അതിനു ശേഷമാണ് യുട്യൂബിൽ വന്ന് കാര്യങ്ങൾ പറഞ്ഞത്. തിരുവനന്തപുരത്ത് വന്ന അന്നു തന്നെ സത്യവാങ്മൂലം ഒപ്പുവച്ചു. തുടർന്നാണ് വിഡിയോ പുറത്തുവിടണമെന്ന് തോന്നിയത്. ആരും കൂടെയില്ല എന്നും കുടുംബത്തിന്റെ പിന്തുണ കിട്ടില്ല എന്നും അറിയാം. എന്നാൽ ഞാൻ പറയുന്നതാണ് സത്യമെന്ന് എനിക്കറിയാം, പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സിസിടിവിയോ ആദ്യം ചികിത്സിച്ച ആശുപത്രിയിലെ ഡിസ്ചാർജ് സമ്മറിയോ പരിശോധിച്ചാൽ ഞാൻ പറയുന്നതാണ് സത്യമെന്ന് മനസ്സിലാകും. ഞാൻ പറയുന്നത് സത്യമല്ലെന്നും വിശ്വസിക്കരുതെന്നും മാതാപിതാക്കൾ പറയുന്നത് വിഷമമുണ്ട്."
"ഒരു മാട്രിമോണിയൽ സൈറ്റ് വഴിയാണ് ഞങ്ങൾ പരിചയപ്പെട്ടത്, ഒരു വർഷത്തോളമായി പരിചയമുണ്ട്. നാലഞ്ച് മാസത്തോളം സംസാരിച്ചു. പിന്നീടാണ് വിവാഹാലോചന വന്നത്. അവർ വീട്ടിൽ വന്ന് പെണ്ണു കണ്ടു, എന്നാൽ രാഹുലിന്റെ അമ്മയ്ക്ക് എന്തോ ഇഷ്ടക്കേടുണ്ടായെന്ന് തോന്നി എന്നു തോന്നി, അത് നടന്നില്ല. പിന്നീട് വേറൊരു പെൺകുട്ടിയുമായി രാഹുലിന്റെ വിവാഹം ഉറപ്പിച്ചതും മറ്റും അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വഴി അറിയാറുണ്ടായിരുന്നു. പിന്നീട് അത് നടന്നില്ല എന്നും അറിഞ്ഞിരുന്നു. ടെലഗ്രാമിലൂടെയാണ് പിന്നീട് സംസാരിച്ചു തുടങ്ങിയത്. വിവാഹം മുടങ്ങിയതിൽ അദ്ദേഹം വളരെ വിഷമത്തിലായിരുന്നു. പിന്നീട് ഞങ്ങൾ സംസാരിച്ചു തുടങ്ങി, ഇഷ്ടത്തിലെത്തി, തുടർന്ന് വിവാഹത്തിലെത്തി. ആ സമയത്ത് നേരത്തെ വിവാഹം രജിസ്റ്റർ ചെയ്തതിന്റെ ഡിവോഴ്സ് കിട്ടിയിട്ടില്ല എന്നും എന്നോട് പറഞ്ഞിരുന്നു. അത് കുഴപ്പമില്ല, വൈകാതെ കിട്ടുമല്ലോ എന്നും വിവാഹം കഴിക്കാം എന്നും പറഞ്ഞത് ഞാനാണ്.
വിവാഹത്തെ ആദ്യം അച്ഛൻ എതിർക്കുകയാണുണ്ടായത്. രാഹുലിന്റെ വീട്ടുകാർ ആദ്യം വേണ്ട എന്നു പറഞ്ഞു പോയതിനാൽ പിന്നീട് വന്നപ്പോൾ താൽപര്യം ഉണ്ടായിരുന്നില്ല. പിന്നീട് അമ്മയും രാഹുലേട്ടനുമൊക്കെ സംസാരിച്ചാണ് അത് നടന്നത്. അച്ഛൻ ആ സമയത്ത് സാമ്പത്തികമായി അൽപ്പം ബുദ്ധിമുട്ടി നിൽക്കുന്ന സമയമായിരുന്നു. അതുകൊണ്ട് തന്നെ കല്യാണ ചെലവ്ക്ക് വേണ്ടി രണ്ടര ലക്ഷം രൂപയേ തരാൻ പറ്റൂ എന്ന് ഞാൻ പറഞ്ഞിരുന്നു. എന്റെ വിവാഹ വസ്ത്രങ്ങളടക്കം വിവാഹത്തിന്റെ ചിലവുകളുെമല്ലാം രാഹുലേട്ടാനാണ് പിന്തുണച്ചത്. രാഹുലിന്റെ സ്ഥിതി നല്ലതാണെന്ന് കണ്ടിട്ട് 50 പവനെങ്കിലും നമ്മൾ കൊടുക്കണമെന്ന് അമ്മ പറഞ്ഞിരുന്നു. എന്നാൽ രാഹുലിന്റെ ഭാഗത്ത് അത്തരം ആവശ്യങ്ങളൊന്നും ഉണ്ടായിരുന്നില്ല.
എന്നാൽ ബന്ധുക്കൾക്ക്, പ്രത്യേകിച്ച് ഇളയച്ഛന്, ഈ വിവാഹത്തിന് താൽപര്യമില്ലായിരുന്നു. അദ്ദേഹം അച്ഛനെ പലപ്പോഴും സ്വാധീനിക്കുന്നുണ്ട് എന്ന് എനിക്ക് തോന്നിയിട്ടുണ്ട്. എന്റെ വിദ്യാഭ്യാസമടക്കം പല കാര്യങ്ങളിലും അച്ഛനെ പലതും പറഞ്ഞ് പിന്തിരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ എനിക്കും അമ്മയ്ക്കും ചേട്ടനും ഇളയച്ഛനോട് വലിയ താൽപര്യമില്ലായിരുന്നു. വളരെ നല്ല രീതിയിൽ നടന്ന ഈ കല്യാണത്തോട് ഇളയച്ഛനടക്കം ബന്ധുക്കൾക്കൊക്കെ നല്ല അസൂയ ഉണ്ടായിരുന്നു".
പിന്നീട് പൊലീസ് സ്റ്റേഷനിൽ വച്ച് വലിയ സമ്മർദ്ദമാണ് തനിക്ക് വീട്ടുകാരിൽ നിന്നുണ്ടായതെന്ന് യുവതി പറയുന്നു. "ഞങ്ങൾ തമ്മിലുണ്ടായ ഒരു തെറ്റിദ്ധാരണ ഞങ്ങൾ സംസാരിച്ചു തീർത്തെങ്കിലും ഇവരെല്ലാം കൂടി ഇടപെട്ട് ഇത് കുളമാക്കുകയാണ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ ഇരുന്നപ്പോഴും ഞാൻ പറഞ്ഞത് എനിക്ക് രാഹുലിനൊപ്പം പോയാൽ മതി എന്നാണ്. എന്നാൽ വീട്ടുകാരുടെ സമ്മർദ്ദം മൂലം എനിക്ക് അവരുടെ കൂടെ പോകേണ്ടി വന്നു. 25 കൊല്ലമായി നിന്റെ കൂടെയുള്ള ഞങ്ങളാണോ വലുത്, കുറച്ചു ദിവസമായി അറിയുന്ന രാഹുലാണോ വലുത് എന്നാണ് അവർ ചോദിച്ചത്. ഞാൻ രാഹുലിനൊപ്പം പോയാൽ അമ്മ ജീവിച്ചിരിക്കില്ല എന്നൊക്കെയാണ് സിഐയുടെ മുമ്പിൽ വച്ച് പറഞ്ഞത്. എനിക്ക് പരാതി ഇല്ല എന്നു പറഞ്ഞതു കൊണ്ടാണ് തുടക്കത്തിൽ കേസ് എടുക്കാതിരുന്നതും.