കോഴിക്കോട്: പന്തീരാങ്കാവിൽ നവവധുവിനെ ക്രൂരമായി മർദിച്ച ഭർത്താവ് രാഹുൽ പി.ഗോപാലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധനപീഡനക്കുറ്റം ചുമത്തും. രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കും ചോദ്യം ചെയ്യലിനു ഹാജരാകാൻ നോട്ടിസ് നൽകിയെങ്കിലും ഇരുവരും ഹാജരായിട്ടില്ല. പൊലീസ് വീണ്ടും നോട്ടിസ് നൽകും.

രാഹുലിന്റെ അമ്മ ഉഷാകുമാരി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. പെൺകുട്ടി കഴിഞ്ഞ ദിവസം നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് അവരെ ചോദ്യം ചെയ്യുന്നത്. വിവാഹം കഴിഞ്ഞു വീട്ടിലെത്തിയ തന്നെ രാഹുൽ നിർബന്ധിച്ചു മദ്യം കുടിപ്പിച്ചുവെന്നും, ഉഷാകുമാരിയും സുഹൃത്തായ രാജേഷും കൂടെയുണ്ടായിരുന്നുവെന്നും മൊഴിയിൽ പറയുന്നു. വീട്ടിലെ സിസിടിവി ക്യാമറകളുടെ ഹാർഡ് ഡിസ്‌ക് പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റ് നിർണ്ണായക വിവരങ്ങളും പുറത്തു വരുന്നുണ്ട്.

രാഹുൽ ജർമനിയിലേക്കു കടന്നതായി വധുവിന്റെ കുടുംബം ആരോപിച്ചിരുന്നെങ്കിലും അവിടെ എത്തിയതു സംബന്ധിച്ച് ഇന്റർപോളിൽ നിന്നു പൊലീസിന് ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. രാഹുലിനു ജർമൻ പൗരത്വമുണ്ടെന്ന അമ്മയുടെ വാദം തെറ്റാണെന്നു പൊലീസ് സ്ഥിരീകരിച്ചു. രാഹുലിനു നിലവിൽ ഇന്ത്യൻ പാസ്‌പോർട്ട് തന്നെയാണുള്ളതെന്നു കണ്ടെത്തി. അതുകൊണ്ട് അതിവേഗം രാഹുലിനെ തിരിച്ചെത്തിക്കാൻ കഴിയും. ജർമൻ പൗരനാണ് എന്നതടക്കം പറഞ്ഞത് ഏത് സാഹചര്യത്തിലാണെന്നും അന്വേഷിക്കും.

രാഹുൽ രാജ്യം വിടാൻ സാധ്യതയുണ്ടെന്ന് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. 12ന് കേസെടുത്തശേഷം രാഹുലിനെ വിട്ടയച്ചപ്പോഴാണ് സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയത്. രാഹുൽ 14ന് ഒളിവിൽപോയി. ബെംഗളൂർവഴി വിദേശത്തേക്ക് പോയി. താൻ രാജ്യം വിട്ടതായി വിഡിയോ സന്ദേശത്തിലൂടെ രാഹുൽ മാധ്യമങ്ങളെ അറിയിച്ചിരുന്നു. ഇതിന് ശേഷമാണ് രാഹുൽ ജർമനിയിൽ എത്തിയെന്ന സൂചനകൾ പുറത്തു വന്നത്. എന്നാൽ സിംഗപ്പൂരിൽ നിന്നും ജർമനിയിൽ രാഹുൽ എത്തിയോ എന്ന് ഇനിയും പൊലീസിന് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നതാണ് യഥാർത്ഥ്യം.

അതിനിടെ രാഹുലിന്റെ സുഹൃത്ത് മാങ്കാവ് സ്വദേശി രാജേഷിന് ജാമ്യം കോടതി നൽകി. പ്രതിക്ക് വിദേശത്തേക്ക് കടക്കാൻ സഹായം നൽകിയെന്ന കണ്ടെത്തലിലാണ് ചോദ്യം ചെയ്ത ശേഷം അറസ്റ് രേഖപ്പെടുത്തിയത്. പൊലീസിന് ജാമ്യം നൽകാവുന്ന കേസ് എന്ന് പ്രതിഭാഗം അഡ്വക്കേറ്റ് എം കെ ദിനേശൻ വാദിച്ചു. പ്രതിക്കെതിരെ റിമാൻഡ് റിപ്പോർട്ട് നൽകിയത് നിയമവിരുദ്ധമാണ്. പൊലീസിനെതിരെ നിയമനടപടി സ്വീകരിക്കും. പൊലീസ് മുഖം രക്ഷിക്കാൻ ശ്രമിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഹുൽ കോഴിക്കോട് നിന്നും റോഡ് മാർഗമാണ് ബംഗ്ലുളൂരിൽ എത്തിയത്. പിന്നീട് വിദേശത്തേക്ക് കടന്നു. ഇതിൽ ഉൾപ്പെടെ മാങ്കാവ് സ്വദേശിയായ രാജേഷ് സഹായം നൽകി എന്നാണ് കണ്ടെത്തൽ. പെൺകുട്ടിയുടെ മൊഴിയിലും രാജേഷിനെതിരെ പരാമർശം ഉണ്ട്. വിശാദമായി ചോദ്യം ചെയ്ത ശേഷമാണ് പ്രകാരം അറസ്റ്റ് ചെയ്തത്. രാഹുലിനെതിരെ പൊലീസ് ലുക്ക് ഔട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടുകളിലും ജോലി ചെയ്യുന്ന സ്ഥാപനത്തിലും നോട്ടീസ് നൽകിയിട്ടുണ്ട്.