കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പുറത്തു വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. പ്രതിയെ കേരളത്തിൽ നിന്ന് കടത്താൻ അടുത്ത ബന്ധുക്കലും കൂട്ടു നിന്നു. ഇതിനിടെ നവവധുവിന്റെ മൊഴിയുടെ സമ്പൂർണ വിവരങ്ങൾ പുറത്തു വന്നു. അതിനിടെ രാഹുൽ വിദേശത്തേക്ക് കടന്നുവെന്നും ഏതാണ്ട് ഉറപ്പായി. ഭർത്താവ് തന്നെ ആദ്യമായി മർദ്ദിച്ചത് പന്ത്രണ്ടാം തീയതി പുലർച്ചെയാണെന്നാണ് മൊഴി. മറ്റൊരു യുവതിയെ രജിസ്റ്റർ മാരീജ് ചെയ്തത് മറച്ചു വച്ച് രണ്ടാം വിവാഹം ചെയ്ത വില്ലനാണ് രാഹുൽ. രാഹുലിന്റെ സംശയ രോഗത്തെ വിശദീകരിക്കുന്നതാണ് യുവതിയുടെ മൊഴി. അതിനിടെ വിഷയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ഇടപെടുകയാണ്. സർക്കാരിനോട് രാജ്ഭവൻ ഇക്കാര്യത്തിൽ റിപ്പോർട്ട് തേടി.

പെൺകുട്ടിയുടെ മൊഴിയിൽ രാഹുലിന്റെ അമ്മയ്‌ക്കെതിരേയും ഗുരുതര ആരോപണമുണ്ട്. ഭർതൃമാതാവും സുഹൃത്തും ഭർത്താവും ഒരുമിച്ചിരുന്ന് മദ്യപിച്ചു. തുടർന്ന് എന്നെ നിർബന്ധിച്ച് ബിയർ കുടിപ്പിച്ചു. മദ്യം കഴിച്ച് ശീലമില്ലാത്തതിനാൽ ഞാൻ ഛർദിച്ചു. എന്നെ മർദ്ദിക്കുമ്പോൾ തൊട്ടടുത്ത മുറികളിൽ പോലും ആളുകൾ ഉണ്ടായിരുന്നു. ആരും വന്ന് തിരക്കിയില്ല. കോഴിക്കോട് ബീച്ചിൽ വച്ച് ഭർതൃ മാതാവ് തന്നോട് സംസാരിക്കുന്നില്ല എന്ന് പരാതി പറഞ്ഞിരുന്നു. ഇക്കാര്യം കൂടി പറഞ്ഞാണ് എന്നെ പന്ത്രണ്ടാം തീയതി പുലർച്ചെ മർദ്ദിച്ചത്. രാഹുലിന് കൂടുതൽ സ്ത്രീധനത്തിന് അർഹതയുണ്ട് എന്ന് പറഞ്ഞു. ഇനി എന്തെങ്കിലും കൂടി തരുമോ എന്ന് ചോദിച്ചുവെന്നും മൊഴിയുണ്ട്.

വിവാഹ ദിവസം തന്നെ തന്റെ ഫോൺ വാങ്ങി വെച്ചുവെന്നും തനിക്ക് സുഹൃത്തുക്കൾ അടക്കം അയച്ച മെസ്സേജുകൾ കൈകാര്യം ചെയ്തത് ഭർത്താവാണെന്നും യുവതി പറഞ്ഞു. മുൻപ് വിവാഹാലോചന വന്ന യുവാവ് അയച്ച സന്ദേശവും ഭർത്താവ് ചോദ്യം ചെയ്തു. ഈ സന്ദേശത്തിന്റെ കാര്യം പറഞ്ഞു തന്നെ മർദ്ദിച്ചുവെന്നും തന്നെ മർദ്ദിച്ച വിവരമറിഞ്ഞിട്ടും മാതാവ് ഒന്നും തിരക്കിയില്ലെന്നും യുവതി നൽകിയ എട്ട് പേജുള്ള മൊഴിയിൽ പറയുന്നു. അതിനിടെയാണ് രാജ്ഭവനും കേസിൽ ഇടപെടുന്നത്. പ്രതി രാഹുൽ വിദേശത്തേക്ക് കടന്നുവെന്ന വസ്തുതയും സജീവ ചർച്ചകളിലുണ്ട്.

വിഷയത്തിൽ റിപ്പോർട്ട് തേടിയെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതികരിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം പെൺകുട്ടിയെ കാണാൻ പോകുന്നതിൽ തീരുമാനമെടുക്കുമെന്ന് ഗവർണർ പറഞ്ഞു. വിഷയം സംസാരിക്കേണ്ടിവരുന്നത് അസ്വസ്ഥതയുണ്ടാക്കുന്നുവെന്നും സമൂഹത്തിന് നാണക്കേടുണ്ടാക്കുന്ന സംഭവമെന്നും ഗവർണർ പറഞ്ഞു. പ്രതി രാഹുൽ പി ഗോപാലിനായുള്ള അന്വേഷണം വിദേശത്തേക്കും നീങ്ങുന്നുണ്ട്. രാഹുൽ നിലവിൽ സിംഗപ്പൂരിലേക്ക് കടന്നെന്നാണ് വിവരം. ഇയാളെ കണ്ടെത്താനായി കേരള പൊലീസ് ഇന്റർപോളിന്റെ സഹായം തേടും. ഇരയുടെയും കുടുംബത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിൽ കേസിൽ കൂടുതൽ പേരെ പ്രതി ചേർക്കും. കേസിൽ ലഭ്യമായ സിസിടിവി ദൃശ്യങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്.

ഇതിനിടെ കേസിൽ പ്രതി രാഹുലിന്റെ കുടുംബാംഗങ്ങളെ ഫറോക് പൊലീസ് ഉടൻ ചോദ്യം ചെയ്യും. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കൂടുതൽ വകുപ്പുകൾ ചേർക്കുന്ന കാര്യം അന്വേഷണ സംഘം പരിശോധിക്കും. മജിസ്‌ട്രേറ്റിന് മുന്നിലെത്തിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പൊലീസ് ഉടൻ പൂർത്തിയാക്കും. ക്രിമിനൽ നടപടിക്രമം 164 അനുസരിച്ച് യുവതിയുടെ മൊഴി രേഖപ്പെടുത്താനുള്ള അപേക്ഷ പൊലീസ് ഉടൻ നൽകും. കോഴിക്കോട് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാവും അപേക്ഷ നൽകുക.

മെയ്‌ അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും കോഴിക്കോട് പന്തീരാങ്കാവ് വള്ളിക്കുന്ന് 'സ്‌നേഹതീര'ത്തിൽ രാഹുൽ പി. ഗോപാലും (29) ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹിതരായത്. രാഹുൽ ജർമനിയിൽ എൻജിനീയറും യുവതി തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരിയുമാണ്. വിവാഹാനന്തരച്ചടങ്ങായ അടുക്കള കാണലിന് ഞായറാഴ്ച യുവതിയുടെ മാതാപിതാക്കളും മറ്റു ബന്ധുക്കളും രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് യുവതിയുടെ മുഖത്തും കഴുത്തിലുമായി മർദനമേറ്റ പാടുകൾ കണ്ടത്. അന്വേഷിച്ചപ്പോഴാണ് പീഡനവിവരം യുവതി ബന്ധുക്കളോട് പറഞ്ഞത്. ഞായറാഴ്ച തന്നെ യുവതിയെ ബന്ധുക്കൾ പറവൂരിലെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു.

സംഭവം വിവാദമായതോടെ രാഹുലിനെതിരേ കഴിഞ്ഞദിവസമാണ് വധശ്രമം അടക്കമുള്ള വകുപ്പുകൾകൂടി ചുമത്തിയത്. പെൺകുട്ടിയുടെ പരാതി സ്വീകരിക്കുന്നതിൽ വീഴ്ചവരുത്തിയ പൊലീസ് ഉദ്യോ?ഗസ്ഥനെ സസ്‌പെന്റ് ചെയ്യുകയും ചെയ്തു. പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ എസ്.എച്ച്.ഒ എ.എസ്. സരിനെതിരെയാണ് നടപടി. കേസിലെ അന്വേഷണച്ചുമതല ഫറോക്ക് എ.സി.പി.ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്.