- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- News
- /
- INVESTIGATION
കൈ മുഷ്ടി ചുരുട്ടി നെറ്റിയിൽ ഇടിച്ചു; മൊബൈൽ ചാർജറിന്റെ കേബിൾ കൊണ്ട് കഴുത്തിൽ മുറുക്കി
കോഴിക്കോട്: പന്തീരങ്കാവിൽ വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഭർത്താവിൽനിന്നു നവവധു നേരിടേണ്ടി വന്നതുകൊടിയ പീഡനമാണെന്ന് വ്യക്തമാക്കുന്ന വിവരങ്ങൾ പുറത്ത്. അതിക്രൂരമായ പീഡനമാണ് ഭർത്താവിൽ നിന്നും നേരിടേണ്ടി വന്നത്. മകളെ കൊല്ലാക്കൊല ചെയ്‌തെന്നാണ് പിതാവ് ആരോപിക്കുന്നത്.
യുവതിയുടെ കഴുത്തിൽ കേബിളിട്ട് മുറുക്കുകയും ബെൽറ്റു കൊണ്ട് അടിക്കുകയും തലയിലും മുതുകിലും ഇടിക്കുകയും ചുണ്ടു വലിച്ചു മുറിക്കുകയും ചെയ്‌തെന്ന് പിതാവ് ആരോപിച്ചു. പരാതി നൽകാൻ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ദുരനുഭവമാണ് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. പൊലീസ് അവഗണിച്ചെന്നും ആറു മണിക്കൂറോളം സ്റ്റേഷനിൽ ചെലവഴിച്ചെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ യുവതിയുടെ പരാതിയിൽ പന്തീരങ്കാവ് തെക്കേ വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി.ഗോപാലി(29)നെതിരെ ഗാർഹിക പീഡനത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
"മെയ് അഞ്ചാം തീയതി ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു മകളുടെ വിവാഹം. അടുക്കള കാണൽ ചടങ്ങിനു വേണ്ടി ഇന്നലെ കുടുംബസമേതം മകളെ കല്യാണം കഴിപ്പിച്ചു വിട്ട വീട്ടിൽ ചെന്നു. അവിടെ കണ്ടത് ക്ഷീണിച്ച് അവശയായ മകളെയാണ്. അവളുടെ നെറ്റി മുഴച്ചിരിപ്പുണ്ടായിരുന്നു. എന്തു പറ്റിയെന്ന് ചോദിച്ചപ്പോൾ കുളിമുറിയിൽ വീണതാണെന്ന് പറഞ്ഞു. കൂടുതൽ ചോദിച്ചപ്പോൾ ക്രൂരമായി മർദനമേറ്റ വിവരം മകൾ പറഞ്ഞു.
അവൻ(രാഹുൽ) കൈ മുഷ്ടി ചുരുട്ടി ഇടിച്ച മുഴയായിരുന്നു മകളുടെ നെറ്റിയിൽ കണ്ടത്. തലയുടെ പല ഭാഗത്തും അത്തരത്തിൽ മുഴയുണ്ടായിരുന്നു. മൊബൈൽ ഫോൺ ചാർജറിന്റെ കേബിൾ ഉപയോഗിച്ച് അവളുടെ കഴുത്തിൽ മുറുക്കി. കുനിച്ചു നിർത്തി ഇടിച്ചു. മകൾ ഓടാൻ ശ്രമിച്ചപ്പോൾ അവൻ ഓടിച്ചിട്ട് പിടിച്ച് ബെൽറ്റു കൊണ്ട് അടിച്ചു. ബോധം പോയ അവളെ അവർ ആശുപത്രിയിൽ കൊണ്ടുപോയെന്നും പറഞ്ഞു.
പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകി. രാഹുലും കുറേ കൂട്ടുകാരും ഇളയച്ഛനുമാണ് സ്റ്റേഷനിൽ എത്തിയത്. ഞങ്ങളെ വിടുന്നതിനു മുൻപ് പൊലീസുകാർ അവനെ വിട്ടു" പിതാവ് പറഞ്ഞു. മകളുടെ കയ്യിൽനിന്ന് മൊബൈൽ ഫോൺ പിടിച്ചു വാങ്ങിയെന്നും പിതാവ് പറഞ്ഞു. സ്ത്രീധനം കുറഞ്ഞുപോയെന്നു പറഞ്ഞാണ് മർദിച്ചതെന്നാണ് മകൾ പറഞ്ഞതെന്നും പിതാവ് പറഞ്ഞു.
ഈ മാസം അഞ്ചിനാണ് പറവൂർ സ്വദേശിയായ പെൺകുട്ടിയും കോഴിക്കോട് പന്തീരങ്കാവ് വള്ളിക്കുന്ന് സ്നേഹതീരത്തിൽ രാഹുൽ പി. ഗോപാലും തമ്മിലുള്ള വിവാഹം ഗുരുവായൂർ ക്ഷേത്രത്തിൽവെച്ച് നടന്നത്. രാഹുൽ ജർമനിയിൽ എയറോനോട്ടിക്കൽ എൻജിനീയറാണ്. എം.ടെക്ക് ബിരുദധാരിയായ യുവതി ടെക്‌നോപാർക്കിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരിയാണ്. തന്റെ മകളെ ക്രൂരമായി മർദിച്ച രാഹുലിനെ സംരക്ഷിക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നതെന്ന് യുവതിയുടെ പിതാവ് ആരോപിച്ചു. ഗ
മാട്രിമോണിയൽ വെബ്‌സൈറ്റ് വഴിയാണ് വിവാഹാലോചന വന്നതെന്നാണ് യുവതി പറയുന്നത്. ഒരിക്കൽ ആലോചന വന്ന് ചില കാരണങ്ങളാൽ മുടങ്ങി പോയിരുന്നു. പിന്നീട് രണ്ടാമത് രാഹുലിന്റെ താത്പര്യപ്രകാരം വീണ്ടും ആലോചനയുമായി എത്തുകയായിരുന്നു. തുടർന്നാണ് വിവാഹം നടന്നത്. വിവാഹത്തിന് മുമ്പ് പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല.
വിവാഹത്തിന് ശേഷം ചെറിയ പിണക്കമുണ്ടായി. ഇതിന് പിന്നാലെ കൂടെ ജോലി ചെയ്യുന്നവരടക്കമുള്ള പുരുഷന്മാരുടെ ഫോൺ നമ്പരുകൾ ബ്ലോക്ക് ചെയ്തു. ഇതിനുശേഷം ഒരു പരിപാടിയിൽ പങ്കെടുത്ത് തിരികെ മദ്യപിച്ചെത്തി ഈ കാരണം പറഞ്ഞ് ക്രൂരമായി മർദിക്കുകയായിരുന്നു. "മൊബൈൽ ഫോൺ ചാർജറിന്റെ വയർ കഴുത്തിൽ മുറുക്കി. ചെകിടത്തും ദേഹത്തുമെല്ലാം അടിച്ചു.
തല പിടിച്ച് ഇടിച്ചു. ഇപ്പോൾ ഒരു ഭാഗം വീങ്ങിയിരിപ്പുണ്ട്. മുഖത്ത് അടിച്ചപ്പോൾ ബോധം പോവുകയും മൂക്കിൽനിന്നും ചോര വരുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ ഭർത്താവും അന്നേരം വീട്ടിലുണ്ടായിരുന്ന ഭർത്താവിന്റെ സുഹൃത്തും ചേർന്ന് ആശുപത്രിയിൽ കൊണ്ടുപോയി. തിരികെയെത്തിയതിന് പിന്നാലെ കുറേ ക്ഷമയൊക്കെ പറഞ്ഞിരുന്നു" യുവതി പറഞ്ഞു.