കോഴിക്കോട്: പന്തീരാങ്കാവ് സ്ത്രീധന പീഡന കേസിൽ നവവധുവിന് മർദ്ദനമേറ്റെന്ന പരാതിയിൽ പ്രതി രാഹുലിനെതിരെ വധശ്രമം, സ്ത്രീധന പീഡനം അടക്കം കുറ്റങ്ങൾ ചുമത്തി പന്തീരാങ്കാവ് പൊലീസ് കേസെടുത്തു. കോഴിക്കോട് സ്വദേശിയായ രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. അതേസമയം പ്രതി ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ തുടങ്ങിയെന്നും പൊലീസ് അറിയിച്ചു.

ഗാർഹിക പീഡനം, ആയുധം കൊണ്ട് ആക്രമിക്കൽ തുടങ്ങി ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് ആദ്യം പന്തീരാങ്കാവ് പൊലീസ് കേസെടുത്തത്. എന്നാൽ പ്രതിയെ അറസ്റ്റ് ചെയ്തിരുന്നില്ല. പരാതിയിൽ പറയുന്ന പോലെയുള്ള അതിക്രമങ്ങൾ യുവതി നേരിട്ടോ എന്ന് ഡോക്ടറുടെ മൊഴി ലഭിച്ചാലേ വ്യക്തമാകൂവെന്നായിരുന്നു പന്തീരാങ്കാവ് പൊലീസിന്റെ നിലപാട്. പ്രതിക്കെതിരെ വധശ്രമം അടക്കം വകുപ്പുകൾ ചുമത്തണമെന്നാവശ്യപ്പെട്ട് പറവൂർ പൊലീസിലും പരാതി നൽകിയിട്ടുണ്ട്. ജർമ്മനിയിൽ എയറോനോട്ടിക്കൽ എഞ്ചിനിയറാണ് പ്രതിയായ രാഹുൽ.

ഗാർഹിക പീഡനം സംബനധിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെ യുവതി തന്നെ മാധ്യമങ്ങളോട് താൻ നേരിട്ട ദുരിതങ്ങൾ വിവരിച്ചു. ഒപ്പം ഭാര്യാ-ഭർത്യ തർക്കമെന്ന് വരുത്തി തീർത്ത് കേസെടുക്കാൻ മടിച്ച പൊലീസിനെയും യുവതിയും കുടുംബവും വിമർശിച്ചു.

കൊല്ലത്തെ വിസ്മയ കേസിലെ പോലെ തന്നെ സ്ത്രീധനമാണ് പന്തീരാങ്കാവിലും വില്ലനായത്. ഭർത്താവ് രാഹുൽ അമിത ലഹരിയിലായിരുന്നു. തന്നെ കൊല്ലാൻ ശ്രമിച്ചിട്ടും വീട്ടിലുണ്ടായിരുന്ന ആരും തിരിഞ്ഞുനോക്കിയില്ല. സ്ത്രീധനത്തിന്റെ പേരിലാണ് മർദനം ആരംഭിച്ചത്. 150 പവനും കാറും കിട്ടാൻ തനിക്ക് അർഹതയുണ്ടെന്ന് പറഞ്ഞാണ് തർക്കം തുടങ്ങിയത്. എന്തോ കൂടിയ സാധനം കഴിച്ചിട്ടാണ് വന്നത്. മദ്യമായിരുന്നില്ല. മറ്റെന്തോ ലഹരി വസ്തു കഴിച്ചിട്ടാണ് വന്നത്.

കോഴിക്കോട് ബീച്ചിൽ വച്ചാണ് ആദ്യം തർക്കമുണ്ടായത്. പിന്നീട് വീട്ടിലെത്തിയപ്പോഴും തർക്കം തുടർന്നു. പിന്നീട് ഉപദ്രവിക്കാൻ തുടങ്ങി. വീടിന്റെ മുകളിലെ മുറിയിൽ വച്ചായിരുന്നു മർദനം. ആദ്യം കരണത്തടിച്ചു. പിന്നീട് മുഷ്ടികൊണ്ട് തലക്കടിച്ചു. നെറ്റിയിലും ഇടിച്ചു. മൊബൈൽ ചാർജറിന്റെ കേബിൾ വെച്ച് കഴുത്തിൽ മുറുക്കി കൊല്ലാൻ ശ്രമിച്ചു. രണ്ടു മൂന്ന് തവണ കൊല്ലാൻ ശ്രമിച്ചു. ആ സമയത്ത് വാതിൽ തുറന്ന് ഞാൻ ഓടാൻ ശ്രമിച്ചു. അതോടെ എന്നെ പിടിച്ച് അവിടെ കിടത്തി പിന്നിൽ ബെൽറ്റിന് അടിച്ചു. അപ്പോഴെല്ലാം ഞാൻ ഉറക്കെ കരഞ്ഞു. പുലർച്ചെ ഒരു മണിക്കായിരുന്നു ഇത്. എന്നാൽ ആരും സഹായത്തിന് എത്തിയില്ല. തുടർന്ന് ബോധരഹിതയായി. പിന്നീട് ബോധം വന്നപ്പോൾ ഞാൻ ആശുപത്രിയിലായിരുന്നു.

ആശുപത്രിയിൽ കൊണ്ടുപോയപ്പോഴും കള്ളം പറഞ്ഞു. തനിക്കൊന്നും പറയാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല. കല്യാണം കഴിഞ്ഞ് ഒരാഴ്ചക്കുള്ളിലാണ് സംഭവം. കല്യാണത്തിന് മുമ്പ് നമുക്ക് പറ്റുന്ന രീതിയിലെ ചെയ്യാൻ കഴിയുകയുള്ളുവെന്ന് പറഞ്ഞപ്പോൾ അതൊന്നും പ്രശ്‌നമില്ലെന്നും പെൺകുട്ടിയാണ് വലുതെന്നുമാണ് ഭർത്താവും വീട്ടുകാരും പറഞ്ഞത്.

"കൂടുതൽ സ്ത്രീധനം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടു. വിവാഹത്തിനു മുൻപു തന്നെ ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം വ്യക്തത വരുത്തിയതാണെന്ന് ഞാൻ രാഹുലിനോടു പറഞ്ഞു. അതിനു ശേഷമാണല്ലോ ഇക്കാര്യം മുന്നോട്ടു കൊണ്ടുപോയത്. ഇനി അതിനെക്കുറിച്ച് ഒരു ചർച്ചയുടെ ആവശ്യമില്ലല്ലോയെന്നും രാഹുൽ കൂടി സമ്മതിച്ചതു കൊണ്ടാണല്ലോ വിവാഹാലോചന മുന്നോട്ടു പോയതെന്നും ഞാൻ ഓർമിപ്പിച്ചു.

"ഇതോടെയാണ് തർക്കമുണ്ടായത്. രാത്രിയിലാണ് എന്നെ മർദിച്ചത്. അന്നു രാവിലെ രാഹുൽ അടച്ചിട്ട മുറിയിൽ അമ്മയുമായി കുറേസമയം സംസാരിച്ചിരുന്നു. ആ മുറിയിലേക്ക് എന്നെ കയറ്റിയില്ല. അമ്മ എന്താണ് പറഞ്ഞതെന്നു ഞാൻ രാഹുലിനോട് ചോദിച്ചു. നീ അത് അറിയേണ്ട എന്നായിരുന്നു മറുപടി.

നിലവിളി കേട്ടിട്ടും ആരും സഹായത്തിന് എത്തിയില്ല

"വേദന സഹിക്കാനാകാതെ വലിയ വായിൽ അലമുറയിട്ടാണ് ഞാൻ കരഞ്ഞത്. ഒന്നും ചെയ്യല്ലേയെന്ന് പറഞ്ഞാണ് കരഞ്ഞത്. ഇതിനിടെ ആരോ പടി കയറി മുകളിലേക്കു വരുന്നുണ്ടായിരുന്നു. ആരോ വരുന്നുണ്ട്, ശബ്ദമുണ്ടാക്കരുതെന്ന് മർദ്ദിക്കുന്നതിനിടെ രാഹുൽ തന്നെ പറയുന്നുണ്ടായിരുന്നു. പക്ഷേ, കുറച്ചുനേരെ കഴിഞ്ഞപ്പോഴേയ്ക്കും ആ ശബ്ദം പോവുകയും ചെയ്തു. ഞങ്ങളുടെ അടുത്ത റൂമിൽ രാഹുലിന്റെ സുഹൃത്ത് രാജേഷ് കിടക്കുന്നുണ്ടായിരുന്നു. എന്റെ കരച്ചിൽ അദ്ദേഹം കേട്ടിട്ടുണ്ടാകുമെന്ന് ഉറപ്പാണ്. പക്ഷേ ആരും സഹായത്തിനു വന്നില്ല.