- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാമവർമൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിൽ തെളിവെടുപ്പിന് എത്തിച്ചപ്പോൾ പ്രതികളെ വളഞ്ഞ് വൻ ജനക്കൂട്ടം; പ്രതിരോധം തീർത്ത് തമിഴ്‌നാട് പൊലീസ്; വീടിന് പിന്നിലെ ഷെഡിൽ കണ്ടെത്തിയ കുപ്പികളിൽ പച്ചനിറത്തിലുള്ള ദ്രാവകം; പ്രതികളുടെ വിരലടയാളം അടക്കം ശേഖരിച്ചു; കീടനാശിനി കളയാൻ ഉപയോഗിച്ച സ്കൂട്ടർ പിടിച്ചെടുത്തു; വീട് സീൽ ചെയ്ത് അന്വേഷണ സംഘം
തിരുവനന്തപുരം: പാറശ്ശാല ഷാരോൺ കൊലക്കേസിൽ രണ്ട് പ്രതികളെ കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ ഗ്രീഷ്മയുടെ വീട്ടിലെത്തിച്ച് പൊലീസിന്റെ തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതിയായ ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് തെളിവെടുപ്പിന് എത്തിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30-ഓടെയാണ് കന്യാകുമാരി ജില്ലയിലെ രാമവർമൻചിറയിലെ ഗ്രീഷ്മയുടെ വീടിന് സമീപം തെളിവെടുപ്പ് തുടങ്ങിയത്.
രണ്ട് പ്രതികളെയും കൊണ്ടുവരുന്നതറിഞ്ഞ് വൻ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. പ്രതികളെ എത്തിച്ചതോടെ പ്രകോപിതരായി ജനക്കൂട്ടം വളഞ്ഞതോടെ തമിഴ്‌നാട് പൊലീസാണ് പ്രതിരോധം തീർത്തത്. തിരക്ക് നിയന്ത്രിക്കുന്നതിനിടെ തമിഴ്‌നാട് പൊലീസും നാട്ടുകാരും തമ്മിൽ വാക്കുതർക്കവുമുണ്ടായി.
സ്ഥലത്ത് എത്തിയ പൊലീസ് സംഘം പ്രതിയായ നിർമൽകുമാറുമായി ഗ്രീഷ്മയുടെ വീടിന് സമീപത്തെ കുളത്തിന് സമീപത്തേക്കാണ് ആദ്യം പോയത്. ഗ്രീഷ്മ ഷാരോണിന് കഷായത്തിൽ കലർത്തിനൽകിയ കളനാശിനിയുടെ കുപ്പി ഇവിടെ ഉപേക്ഷിച്ചെന്നായിരുന്നു ഇയാളുടെ മൊഴി. കുപ്പി ഉപേക്ഷിച്ച സ്ഥലം പ്രതി കാണിച്ചുനൽകി. കുപ്പി ഉപേക്ഷിച്ചത് എങ്ങനെയാണെന്നും വിശദീകരിച്ചു. തുടർന്ന് കുളത്തിന് സമീപത്തെ കാട്ടിൽനിന്ന് കളനാശിനിയുടെ കുപ്പി പൊലീസ് സംഘം കണ്ടെടുത്തു.
വിഷക്കുപ്പി കണ്ടെടുത്തതിന് പിന്നാലെ ഗ്രീഷ്മയുടെ വീട്ടിലായിരുന്നു തെളിവെടുപ്പിന്റെ രണ്ടാംഘട്ടം. മുഖ്യപ്രതി ഇല്ലാത്തതിനാൽ വീട് തുറന്നുള്ള തെളിവെടുപ്പും പരിശോധനയും ചൊവ്വാഴ്ച ഉണ്ടാകില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. തുടർന്ന് സിന്ധുവിനെയും നിർമൽകുമാറിനെയും വീട്ടുവളപ്പിൽ എത്തിച്ചു.
വീടിന്റെ പുറകുഭാഗത്തേക്കാണ് പ്രതികളെ കൊണ്ടുപോയത്. കളനാശിനി കുപ്പിയുടെ ലേബൽ ഇവിടെനിന്ന് കണ്ടെത്തി. കുപ്പി ഉപേക്ഷിക്കുന്നതിന് മുമ്പ് കുപ്പിക്ക് പുറത്തെ ലേബൽ വലിച്ചുകീറി ഇവിടെ ഉപേക്ഷിക്കുകയായിരുന്നു. വീടിന് പുറകിലുള്ള ഷെഡ്ഡിലും തെളിവെടുപ്പ് നടന്നു. കളനാശിനി കുപ്പി നേരത്തെ സൂക്ഷിച്ചിരുന്ന സ്ഥലം പ്രതികൾ കാണിച്ചുനൽകി. ഇവിടെനിന്ന് മറ്റുചില പ്ലാസ്റ്റിക് കുപ്പികളും കണ്ടെടുത്തു. ഈ കുപ്പികളിൽ പച്ചനിറത്തിലുള്ള ദ്രാവകത്തിന്റെ അവശിഷ്ടങ്ങളുണ്ടായിരുന്നു. ഇത് പരിശോധനയ്ക്ക് വിധേയമാക്കും.
കീടനാശിനി കളയാൻ ഉപയോഗിച്ച സ്‌കൂട്ടറും അന്വേഷണ സംഘം പിടിച്ചെടുത്തു. വീടിനകത്ത് പരിശോധനയുണ്ടായില്ല. വീട് പൊലീസ് സീൽ ചെയ്തു. തെളിവെടുപ്പിന് ശേഷം പ്രതികളെ പാറശ്ശാല സ്റ്റേഷനിലെത്തിച്ചു.
കേസിൽ മുഖ്യപ്രതി ഗ്രീഷ്മയുടെ അമ്മക്കും അമ്മാവനും കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. തെളിവുകൾ നശിപ്പിച്ചതിന് ഇരുവരെയും ഇന്നലെ പ്രതി ചേർത്തിരുന്നു. ഗ്രീഷ്മയും അമ്മയും ദിവസങ്ങളെടുത്ത് ആസൂത്രിതമായി നടത്തിയ കൊലപാതകമാണെന്ന് ഷാരോൺ രാജിന്റെ കുടുംബം ആരോപിച്ചിരുന്നു.
ഗ്രീഷ്മ ഒറ്റക്ക് ഇത്ര ആസൂത്രിതമായി കൊല നടത്തില്ലെന്ന് തുടക്കം മുതൽ ഷാരോൺ രാജിന്റെ കുടുംബം ഉറപ്പിച്ചുപറഞ്ഞിരുന്നു. ഗ്രീഷ്മയുടെ അമ്മ സിന്ധു, അമ്മാവൻ നിർമൽ കുമാർ എന്നിവരെയാണ് പൊലീസ് ഇന്നലെ പ്രതിചേർത്തത്. ഷാരോണിനെ വിഷം നൽകി കൊലപ്പെടുത്തിയ ഗ്രീഷ്മയെ രക്ഷിക്കാൻ അമ്മയും അമ്മാവനും ശ്രമിച്ചുവെന്നാണ് കണ്ടെത്തൽ. ഷാരോണിന്റെ കൊലയിൽ ഇനിയും കൂടുതൽ പേർക്ക് പങ്കുണ്ടോ എന്ന് പൊലീസ് പറിശോധിക്കുന്നുണ്ട്.
മൂന്നുമണിയോടെ വീട്ടുവളപ്പിലെ തെളിവെടുപ്പ് പൂർത്തിയാക്കിയ അന്വേഷണസംഘം ഗ്രീഷ്മയുടെ വീട് സീൽ ചെയ്തു. കഴിഞ്ഞദിവസം വരെ ഇവിടെ ബന്ധുക്കളടക്കം എത്തിയിരുന്നു. തെളിവെടുപ്പിനിടെ പ്രതികളുടെ വിരലടയാളവും പൊലീസ് സംഘം ശേഖരിച്ചു.
ചൊവ്വാഴ്ച രാവിലെ പ്രതികളുമായി തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച പൊലീസ് സംഘം ആദ്യം പാറശ്ശാല പൊലീസ് സ്റ്റേഷനിലേക്കാണ് പോയത്. പിന്നീട് ഇവിടെനിന്ന് തമിഴ്‌നാട്ടിലെ പളുകൽ പൊലീസ് സ്റ്റേഷനിൽ പ്രതികളെ എത്തിച്ചു. കുറ്റകൃത്യം നടന്ന ഗ്രീഷ്മയുടെ വീട് തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിൽ ഉൾപ്പെട്ട രാമവർമൻചിറയിലാണ്. അതിനാലാണ് പൊലീസ് സംഘം പ്രതികളുമായി തമിഴ്‌നാട്ടിലെ പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ കേസിന്റെ കാര്യങ്ങൾ റിപ്പോർട്ട് ചെയ്തശേഷം കേരള പൊലീസ് സംഘം പ്രതികളുമായി ഗ്രീഷ്മയുടെ വീട് സ്ഥിതിചെയ്യുന്ന രാമവർമൻചിറയിലേക്ക് പോവുകയായിരുന്നു.
ജനങ്ങളെ നിയന്ത്രിക്കാൻ തമിഴ്‌നാട് പൊലീസും സ്ഥലത്തെത്തി. പ്രതികളെ കൊണ്ടുവരുന്നതിന് മുമ്പ് തന്നെ വീടിന് സമീപത്തെ വഴികളിൽ തിങ്ങിനിറഞ്ഞതോടെ പ്രതികളെ കൊണ്ടുപോകാൻ ആളുകളോട് പൊലീസ് മാറിനിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു
മറുനാടന് മലയാളി ബ്യൂറോ